കശുവണ്ടി വ്യവസായത്തിന് പ്രത്യേക പാക്കേജ് അനുവദിക്കണം

90% ത്തിലേറെ ദുര്‍ബലവിഭാത്തില്‍പ്പെട്ട സ്ത്രീ തൊഴിലാളികള്‍ പണിയെടുക്കുന്ന വ്യവസായമെന്ന നിലയില്‍ കശുവണ്ടി വ്യവസായത്തിന് പ്രത്യേക പരിഗണന നല്‍കി ഒരു പാക്കേജ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് എന്‍.കെ.പ്രേമചന്ദ്രന്‍ എംപി കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മ്മല സീതാരാമനെ നേരില്‍ കണ്ട് നിവേദനം നല്‍കി ചര്‍ച്ച ചെയ്തു. വ്യവസായത്തിന്‍റെ പ്രതിസന്ധി നേരില്‍ മനസ്സിലാക്കാന്‍ കൊല്ലം സന്ദര്‍ശിക്കണമെന്ന ആവശ്യത്തിനോട് മന്ത്രി പ്രതികരിച്ചു. സര്‍ക്കാരിന്‍റെ ഇറക്കുമതി നയവും അതിനോടനുബന്ധിച്ച് വ്യവസായത്തില്‍ പാലിക്കേണ്ട ഇതര വ്യവസ്ഥകളും കശുവണ്ടി മേഖലയെ പ്രതിസന്ധി യിലാക്കിയിരിക്കുകയാണ്. ഭൂരിപക്ഷം വരുന്ന കശുവണ്ടി ഫാക്ടറികളും പൂട്ടികിടക്കുന്നതിനാല്‍ തൊഴില്‍ നഷ്ടപ്പെട്ട ദുര്‍ബല വിഭാഗത്തില്‍പ്പെട്ട തൊഴിലാളികള്‍ക്ക് ഹാജര്‍ കുറവാകുകയും ഇ.എസ്.ഐ ആനുകൂല്യം പോലും ലഭിക്കാത്ത സാഹചര്യമാണ്. തോട്ടണ്ടി ഇറക്കുമതിയുമായി ബന്ധപ്പെട്ട് വിയറ്റ്നാമില്‍ നിന്ന് തോട്ടണ്ടി ഇറക്കി വ്യവസായം നടത്തിയ വ്യവസായികള്‍ കടക്കെണിയില്‍ ആവുകയും ബാങ്ക് വായ്പകള്‍ അടയ്ക്കാന്‍ കഴിയാത്ത സ്ഥിതിവിശേഷവുമുണ്ടായി.

തോട്ടണ്ടിയുടെ ഇറക്കുമതി ചുങ്കം പൂര്‍ണ്ണമായും ഒഴിവാക്കി പൂര്‍വ്വകാലപ്രാബല്യം നല്‍കിയാല്‍ മാത്രമെ നിലവിലെ കശുവണ്ടി വ്യവസായത്തിലെ പ്രതിസന്ധിക്ക് പരിഹാരമാകു. കുടിശ്ശിക അടയ്ക്കുവാന്‍ തവണകള്‍ അനുവദിക്കുകയും സമയപരിധി 2025 മാര്‍ച്ച് വരെ ദീര്‍ഘിപ്പിക്കേണ്ടതും വ്യവസായത്തിന്‍റെ നിലനില്പിന് അനിവാര്യമാണ് . സര്‍ഫസി നിയമം ഉപയോഗിച്ച് തൊഴില്‍ശാലകളും വ്യവസായികളുടെ കിടപ്പാടവും കയ്യടക്കാനാണ് ബാങ്കുകള്‍ ശ്രമിക്കുന്നത് കശുവണ്ടി വ്യവസായത്തെ സംരക്ഷിക്കുന്ന നിലപാട് ബാങ്കുകള്‍ സ്വീകരിക്കണം. ബാങ്ക് വായ്പ കുടിശ്ശിക തവണകളായി അടച്ചു തീര്‍ക്കുവാനും ക്രമീകരിക്കുവാനും സമയം അനുവദിക്കണം. കശുവണ്ടി ഫാക്ടറികള്‍ പ്രവര്‍ത്തിപ്പിക്കാനും തൊഴിലാളി ക്ഷേമം ഉറപ്പു വരുത്താനും സമഗ്ര പാക്കേജ് അനുവദിക്കണമെന്നും എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി ചര്‍ച്ചയില്‍ ആവശ്യപ്പെട്ടു.

error: Content is protected !!