എംവേഴ്‌സിറ്റി സ്‌കൂള്‍ ഓഫ് അലൈഡ് ഹെല്‍ത്ത് സയന്‍സസ് കൊച്ചിയില്‍ കാമ്പസ് ആരംഭിച്ചു

കൊച്ചി: ആരോഗ്യപരിപാലന രംഗത്ത് അനുബന്ധസേവനങ്ങള്‍ ലഭ്യമാക്കുന്ന പ്രൊഫഷണലുകളെ വാര്‍ത്തെടുക്കുന്ന രാജ്യത്തെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഒന്നായ എംവേഴ്‌സിറ്റി സ്‌കൂള്‍ ഓഫ് അലൈഡ് ഹെല്‍ത്ത് സയന്‍സസിന്റെ കൊച്ചി കാമ്പസ് പ്രവര്‍ത്തനം ആരംഭിച്ചു. കലൂരിലെ കാമ്പസിന്റെ ഉദ്ഘാടനച്ചടങ്ങില്‍ ഹൈബി ഈഡന്‍ എംപി, ടി.ജെ. വിനോദ് എംഎല്‍എ തുടങ്ങിയ പ്രമുഖര്‍ പങ്കെടുത്തു. ആരോഗ്യപരിചരണ രംഗത്ത് നേഴ്‌സിങ്ങില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന കേരളത്തെ അലൈഡ് ഹെല്‍ത്ത് കെയര്‍ രംഗത്തും കൂടുതല്‍ അവസരങ്ങള്‍ സൃഷ്ടിച്ചുകൊണ്ട് ഒന്നാം സ്ഥാനത്തെത്തിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് ഹെബി ഈഡന്‍ എംപി പറഞ്ഞു. സംസ്ഥാനത്തെ യുവജനങ്ങള്‍ക്ക് മികച്ച പരിശീലനം നല്‍കി അവരുടെ നൈപുണ്യം വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ നടത്തുന്ന ശ്രമങ്ങള്‍ക്ക് പുറമേ എംവേഴ്‌സിറ്റി പോലുള്ള സ്വകാര്യ സംരംഭകരെയും പ്രോത്സാഹിപ്പിക്കേണ്ടതുണ്ടെന്ന് ചടങ്ങില്‍ സംസാരിച്ച ടി.ജെ. വിനോദ് എംഎല്‍എ പറഞ്ഞു.

മികച്ച കരിയര്‍ കരസ്ഥമാക്കുന്നതിന് വിദ്യാര്‍ഥികളെ ആധുനികകാല നൈപുണ്യങ്ങളോടെ ശാക്തീകരിക്കുകയെന്ന ആശയത്തില്‍ നിന്നാണ് എംവേഴ്‌സിറ്റി പിറന്നതെന്ന് ചടങ്ങില്‍ സംസാരിച്ച എംവേഴ്‌സിറ്റി സീനിയര്‍ വൈസ് പ്രസിഡന്റ് ആകാശ് കല്‍പ് വ്യക്തമാക്കി. എംവേഴ്‌സിറ്റി നല്‍കുന്ന പ്രോഗ്രാമുകള്‍ വിദ്യാര്‍ഥികള്‍ക്ക് പഠനത്തിനിടെ തന്നെ തൊഴില്‍ പരിശീലനവും ഒരു ലക്ഷം രൂപയുടെ സ്റ്റൈപ്പന്‍ഡും വാഗ്ദാനം ചെയ്യുന്നു. ഇന്ത്യയില്‍ നിലവില്‍ 65 ലക്ഷം അലൈഡ് ഹെല്‍ത്ത്‌കെയര്‍ പ്രൊഫഷണലുകളുടെ കുറവുണ്ടെന്ന വസ്തുതയില്‍ നിന്നാണ് ഈ മേഖലയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ തങ്ങളെ പ്രേരിപ്പിച്ചതെന്നും ആകാശ് കല്‍പ് പറഞ്ഞു. അനുയോജ്യമായ വിദ്യാഭ്യാസത്തിലൂടെ കഴിവുള്ള വിദ്യാര്‍ഥികളെ ഉചിതമായ പാതയിലേക്ക് നയിക്കേണ്ടതുണ്ട്. ഇന്ത്യയുടെ വിദ്യാഭ്യാസ രംഗത്ത് ഒരു പൊളിച്ചെഴുത്തുണ്ടാക്കാനാണ് എംവേഴ്‌സിറ്റി ശ്രമിക്കുന്നത്. ഇത് അതിന്റെ തുടക്കം മാത്രമാണെന്നും ആകാശ് കല്‍പ് കൂട്ടിച്ചേര്‍ത്തു.

രാജ്യത്തെ പ്രമുഖ ഡീംഡ് ടു ബി യൂണിവേഴ്‌സിറ്റികളില്‍ ഒന്നായ ജെയിന്‍ യൂണിവേഴ്‌സിറ്റിയുമായി സഹകരിച്ച് എംവേഴ്‌സിറ്റിയുടെ കൊച്ചി സെന്റര്‍ വിവിധ ബിരുദ കോഴ്‌സുകളും സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകളും ലഭ്യമാക്കും. ഫോര്‍ട്ടിസ് ഹോസ്പിറ്റല്‍, അപ്പോളോ ഹോസ്പിറ്റല്‍, ഡോ. ലാല്‍ പാത്ത് ലാബ്, ഉള്‍പ്പെടെയുള്ള രാജ്യത്തെ പ്രമുഖ ആരോഗ്യപരിചരണ സ്ഥാപനങ്ങളുടെ ആവശ്യാനുസരണം പ്രോഗ്രാമുകള്‍ ലഭ്യമാക്കുന്നതിന് എംവേഴ്‌സിറ്റി ഈ സ്ഥാപനങ്ങളുമായി പങ്കാളിത്തത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. എംവേഴ്‌സിറ്റിയിലെ വിദ്യാര്‍ഥികള്‍ക്ക് ഇന്റേണ്‍ഷിപ്പ്, പൂര്‍ണസമയ ജോലികള്‍ എന്നിവയ്ക്കായുള്ള റിക്രൂട്ടിങ് പാര്‍ട്ണര്‍മാരുമായിരിക്കും ഈ സ്ഥാപനങ്ങള്‍.

ഇന്ത്യയിലെ അലൈഡ് ഹെല്‍ത്ത്‌കെയര്‍ രംഗത്തിന്റെ അതിവേഗ വളര്‍ച്ചയ്ക്ക് ആനുപാതികമായി നൂതന അധ്യാപനരീതികളോടെയുള്ള കോഴ്‌സുകളാണ് തങ്ങള്‍ ലഭ്യമാക്കുന്നതെന്ന് എംവേഴ്‌സിറ്റിയുമായുള്ള പങ്കാളിത്തത്തെക്കുറിച്ച് സംസാരിച്ച ജെയിന്‍ യൂണിവേഴ്‌സിറ്റി ന്യൂ ഇനീഷ്യേറ്റിവ്‌സ് ഡയറക്ടര്‍ ടോം ജോസഫ് പറഞ്ഞു. ഈ രംഗത്തെ വിദഗ്ധരും എംബിബിഎസ് ഡോക്ടര്‍മാരും അടങ്ങുന്ന മികച്ച ഫാക്കല്‍റ്റിയാണ് ഇവിടെയുള്ളത്. വെര്‍ച്വല്‍ റിയാലിറ്റിയെ അടിസ്ഥാനമാക്കിയുള്ള പരിശീലനവും ഗ്യാറന്റീഡ് പെയ്ഡ് ഇന്റേണ്‍ഷിപ്പും കോഴ്‌സുകള്‍ക്ക് എന്റോള്‍ ചെയ്യാന്‍ വിദ്യാര്‍ഥികലെ പ്രോത്സാഹിപ്പിക്കും. ആഗോളതലത്തില്‍ അനവധി അവസരങ്ങളുള്ള ഈ രംഗത്ത് ഏറ്റവും മികച്ച ജോലി നേടാന്‍ എംവേഴ്‌സിറ്റി വിദ്യാര്‍ഥികളെ സജ്ജരാക്കുമെന്നും ടോം ജോസഫ് വ്യക്തമാക്കി. 1990-കളുടെ തുടക്കത്തില്‍ ഒരു വിദ്യാഭ്യാസ സ്ഥാപനമെന്ന നിലയ്ക്ക് സ്ഥാപിതമായ ജെയിന്‍ ഗ്രൂപ്പിന് കീഴില്‍ ഇന്ന് ഇന്ത്യയിലുടനീളം 64 കാമ്പസുകളിലായി കെജി മുതല്‍ പ്ലസ് ടു വരെയും, അണ്ടര്‍ ഗ്രാജ്വേറ്റ്, പോസ്റ്റ് ഗ്രാജ്വേറ്റ്, ഡോക്ടറല്‍ തലങ്ങളില്‍ 75,000 വിദ്യാര്‍ഥികളും 10,000 ജീവനക്കാരുമായി 77-ലേറെ വിദ്യാഭ്യാസ സ്ഥാപനങ്ങളുണ്ട്.

കൊച്ചി കാമ്പസിന്റെ പ്രവര്‍ത്തനാരംഭത്തിലൂടെ മികച്ച നിലവാരത്തിലുള്ള വിദ്യാഭ്യാസം ലഭ്യമാക്കി നൈപുണ്യമുള്ള മാനവശേഷിയെ വാര്‍ത്തെടുത്ത് 2047-ഓടെ ഒരു വികസിത സമ്പദ്ഘടനയാകുകയെന്ന ഇന്ത്യയുടെ ലക്ഷ്യം കൈവരിക്കാന്‍ സഹായകമാകാനാണ് എംവേഴ്‌സിറ്റി ലക്ഷ്യമിടുന്നത്.

error: Content is protected !!