വയറിളക്കത്തിനെതിരെ അതീവ ജാഗ്രത വേണമെന്നും വയറിളക്കം പിടിപെട്ടാൽ സ്വയം ചികിത്സ ചെയ്യാതെ അടുത്തുള്ള ആരോഗ്യകേന്ദ്രത്തിലെത്തി ചികിത്സ തേടണമെന്നും ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.
ആരംഭത്തിൽ തന്നെ പാനീയ ചികിത്സ തുടങ്ങണം. ഉപ്പിട്ട കഞ്ഞിവെള്ളം, കരിക്കിൻ വെള്ളം, തിളപ്പിച്ചാറ്റിയ വെള്ളം ഒ.ആർ.എസ്. എന്നിവ ഇടവിട്ട് രോഗിക്ക് നൽകണം. വയറിളക്ക രോഗമുള്ളപ്പോൾ ഒ.ആർ.എസിനൊപ്പം ഡോക്ടറുടെ നിർദേശാനുസരണം സിങ്കും കഴിക്കണം.
*വയറിളക്ക രോഗലക്ഷണങ്ങളുള്ളവർ ഭക്ഷണം പാകം ചെയ്യുകയോ, വിളമ്പുകയോ ചെയ്യരുത്.
*രോഗി ഉപയോഗിച്ച വസ്ത്രങ്ങൾ ബ്ലീച്ച് ലായനിയിൽ മുക്കിവച്ചതിനു ശേഷം സോപ്പുപയോഗിച്ച് കഴുകി വെയിലത്ത് ഉണക്കിയെടുക്കണം.
*രോഗി ഉപയോഗിച്ച പാത്രങ്ങൾ സോപ്പുലായനിയിൽ കഴുകണം, മറ്റുള്ളവരുമായി പങ്കിടരുത്.
*ശുചിമുറി അണുനാശിനി കൊണ്ട് വൃത്തിയാക്കിയ ശേഷം മാത്രം മറ്റുള്ളവർ ഉപയോഗിക്കണം.
*മല വിസർജ്ജനത്തിന് ശേഷം കൈകൾ സോപ്പുപയോഗിച്ച് വൃത്തിയായി കഴുകണം.
*വയറിളക്ക രോഗമുള്ള കുട്ടികൾ ഉപയോഗിച്ച ഡയപ്പറുകൾ കഴുകി, ബ്ലീച്ച് ലായനിയിൽ പത്ത് മിനിറ്റ് മുക്കി വച്ചതിനുശേഷം ആഴത്തിൽ കുഴിച്ചിടണമെന്നും ജില്ലാ മെഡിക്കൽ ഓഫീസറുടെ അറിയിപ്പിൽ പറയുന്നു.