സ്ത്രീകളുടെ സാമൂഹിക പദവി മെച്ചപ്പെടുത്താന്‍ വനിതാ കമ്മീഷന്‍ പ്രതിജ്ഞാബദ്ധം: അഡ്വ: പി. സതീദേവി

സ്ത്രീകളുടെ സാമൂഹിക പദവി മെച്ചപ്പെടുത്താന്‍ വനിതാ കമ്മീഷന്‍ പ്രതിജ്ഞാബദ്ധമെന്ന് കേരള വനിതാ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ അഡ്വ: പി. സതീദേവി. തൈക്കാട് ഗവ. ഗസ്റ്റ് ഹൗസില്‍ സംഘടിപ്പിച്ച ഹരിത കര്‍മ്മസേനയിലെ സ്ത്രീ തൊഴിലാളികള്‍ക്കായുള്ള പബ്ലിക് ഹിയറിംഗ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ചെയര്‍പേഴ്‌സണ്‍.

ഈ ആവശ്യം മുന്നില്‍ വച്ചാണ് ക്യാമ്പുകളും പബ്ലിക് ഹിയറിങ്ങുകളും വനിതാ കമ്മീഷന്‍ സംഘടിപ്പിക്കുന്നത്. സാമൂഹ്യ ക്ഷേമ രംഗത്തും മാലിന്യമുക്ത കേരളം യാഥാര്‍ത്ഥ്യമാക്കുന്നതിലും ബഹുഭൂരിപക്ഷവും സ്ത്രീകളാണ് ജോലി ചെയ്യുന്നത്. ഇത് ഏറെ സന്തോഷം നല്‍കുന്ന കാര്യമാണ്. അതേസമയം ഈ സ്ത്രീകള്‍ക്ക് ലഭിക്കുന്ന സാമൂഹ്യ പദ്ധതി എന്താണെന്ന് നോക്കണം. അത് ഇനിയും മെച്ചപ്പെടേണ്ടതുണ്ട്.

ഒരു പക്ഷിക്ക് പറക്കാന്‍ അതിന്റെ രണ്ട് ചിറകുകളും ഒരുപോലെ പ്രവര്‍ത്തിക്കണം. അതുപോലെ ഒരു പരിഷ്‌കൃത സമൂഹം രൂപപ്പെടാന്‍ സ്ത്രീകളും ഒരു ചിറകായി മാറണം. ഇത്തരത്തില്‍ എല്ലാ മേഖലകളിലുമുള്ള സ്ത്രീകളെ സക്രിയരാക്കി മാറ്റുകയാണ് വനിതാ കമ്മീഷന്‍ ലക്ഷ്യമിടുന്നതെന്നും അഡ്വ: പി സതീദേവി പറഞ്ഞു.
മാലിന്യ മുക്ത കേരളം യാഥാര്‍ത്ഥ്യമാക്കാന്‍ സമൂഹത്തിലെ മുഴുവന്‍ ജനങ്ങളും ഒരുമിച്ചിറങ്ങേണ്ടതുണ്ട്. മാലിന്യ നിര്‍മാര്‍ജനം ഓരോ വ്യക്തിയുടെയും ചുമതലയാണ്. ഭരണസംവിധാനങ്ങള്‍ കാര്യമായ ഇടപെടല്‍ നടത്തുന്നുണ്ടെങ്കിലും വ്യക്തി എന്ന നിലയില്‍ ഓരോ പൗരനും സമൂഹത്തോടുള്ള തങ്ങളുടെ ഉത്തരവാദിത്വം കൂടി നിറവേറ്റേണ്ടതുണ്ട്.

മാലിന്യം വലിച്ചെറിയുന്നതിന്റെ തെളിവ് നല്‍കിയാല്‍ പാരിതോഷികം വരെ നല്‍കുന്നുണ്ടിവിടെ. ശുചിത്വ കേരളം സൃഷ്ടിക്കുന്നതില്‍ പ്രധാന പങ്കു വഹിക്കുന്നത് ഹരിത കര്‍മ്മ സേനക്കാരാണ്. തുടക്കത്തില്‍ മുഖം തിരിച്ച പലരും ഇപ്പോള്‍ മാലിന്യനിര്‍ജനവുമായി സഹകരിക്കുന്നുണ്ട്. ഹരിത കര്‍മ്മ സേനാംഗങ്ങള്‍ തങ്ങളുടെ ഇടപെടലിലൂടെ സമൂഹത്തില്‍ ഉണ്ടാക്കിയ മാറ്റമാണിതെന്നും വനിതാ കമ്മീഷന്‍ അധ്യക്ഷ ചൂണ്ടിക്കാട്ടി.
ഹരിത കര്‍മ്മ സേനാംഗങ്ങളുടെ പ്രതിമാസ വേതനം 15,000 എങ്കിലും ആവേണ്ടതുണ്ടെന്ന് ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തിയ ഹരിത കേരളം മിഷന്‍ ഉപാധ്യക്ഷ ഡോ: ടി.എന്‍. സീമ പറഞ്ഞു. നിലവില്‍ പകുതി പേര്‍ക്കും 10,000ത്തിന് താഴെയാണ് മാസം ലഭിക്കുന്ന പ്രതിഫലം. ഈ അവസ്ഥ മാറുന്നതിന് ബദല്‍ ഉത്പാദനരംഗത്തും ഗ്രീന്‍ പ്രോട്ടോകോള്‍ പ്രവര്‍ത്തനങ്ങളിലും ഹരിത കര്‍മ്മ സേന അംഗങ്ങള്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിക്കേണ്ടതുണ്ട്. വിദ്യാസമ്പന്നരായ ഇടത്തരക്കാരില്‍ നിന്നാണ് സേനയ്ക്ക് കൂടുതല്‍ ആക്ഷേപം കേള്‍ക്കേണ്ടിവരുന്നത്. ഈ പ്രശ്‌നങ്ങള്‍ മറികടക്കാന്‍ ശക്തമായ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ ജനങ്ങള്‍ക്കിടയില്‍ ഇനിയും സംഘടിപ്പിക്കേണ്ടതുണ്ടെന്നും ഡോ: ടി.എന്‍. സീമ പറഞ്ഞു.

തൈക്കാട് ഗവ.ഗസ്റ്റ് ഹൗസില്‍ നടന്ന പബ്ലിക് ഹിയറിങ്ങില്‍ വനിത കമ്മീഷന്‍ അംഗം അഡ്വ: ഇന്ദിരാ രവീന്ദ്രന്‍ അധ്യക്ഷയായിരുന്നു. തിരുവനന്തപുരം ക്ലീന്‍ സിറ്റി മാനേജര്‍ എസ്. ബിജു, കുടുംബശ്രീ സ്റ്റേറ്റ് പ്രോഗ്രാം മാനേജര്‍ എസ്. സുചിത്ര, അസിസ്റ്റന്റ് പ്രോഗ്രാം മാനേജര്‍ ചിഞ്ചു ഷാജി, വനിതാ കമ്മീഷന്‍ പ്രോജക്ട് ഓഫീസര്‍ എന്‍. ദിവ്യ തുടങ്ങിയവര്‍ സംസാരിച്ചു. തുടര്‍ന്ന് നടന്ന ചര്‍ച്ചകള്‍ക്ക് വനിത കമ്മീഷന്‍ റിസര്‍ച്ച് ഓഫീസര്‍ എ.ആര്‍. അര്‍ച്ചന നേതൃത്വം നല്‍കി.

error: Content is protected !!