വട്ടിയൂർക്കാവിൽ ഷീ സൈക്ലിംഗിന് തുടക്കമായി

വട്ടിയൂർക്കാവ് : വനിതകൾക്കും പെൺകുട്ടികൾക്കും സൌജന്യമായി സൈക്കിൾ പരിശീലനം നൽകുന്ന ഷീ സൈക്ലിംഗ് പദ്ധതിക്ക് വട്ടിയൂർക്കാവിൽ തുടക്കമായി. സൈക്കിൾ ട്രാക്കോടുകൂടി ഇന്റർലോക്ക് ചെയ്ത് നവീകരിച്ച കവടിയാർ പൈപ്പ് ലൈൻ റോഡിലാണ് സൈക്കിൾ പരിശീലനം സംഘടിപ്പിച്ചിരിക്കുന്നത്. ഷീ സൈക്ലിംഗ് പദ്ധതിയുടെ ഉദ്ഘാടനം അഡ്വ. വി.കെ പ്രശാന്ത് എം.എൽ.എ നിർവ്വഹിച്ചു.

തിങ്കൾ മുതൽ വെള്ളി വരെയുള്ള ദിവസങ്ങളിൽ വൈകുന്നേരം 4.30 മണി മുതൽ 6 മണി വരെയാണ് പരിശീലനം. നവീകരിച്ച പൈപ്പ് ലൈൻ റോഡിൽ സൈക്കിൾ ട്രാക്കിനായി നിശ്ചയിച്ചിട്ടുള്ള സ്ഥലത്ത് വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും ആയത് ഒഴിവാക്കുന്നതിനുള്ള കർശന നടപടികൾ സ്വീകരിക്കുമെന്നും എം.എൽ.എ പറഞ്ഞു.

കിഫ്ബി ധനസഹായത്തോടെയുള്ള നഗര സൌന്ദര്യവൽക്കരണ പദ്ധതിയിൽ ഉൾപ്പെടുത്തി പൈപ്പ് ലൈൻ റോഡിൽ സൌന്ദര്യവൽക്കരണം നടത്തും. ലാൻഡ്സ്കേപ്പിംഗ്, ചിൽഡ്രൻസ് പാർക്ക്, പൂന്തോട്ടം, പാർക്കിംഗ് സ്ലോട്ടുകൾ, യോഗ സ്പെയ്സ് എന്നിവ ഒരുക്കുന്നതിനാണ് ലക്ഷ്യമിടുന്നത്. ഷീ സൈക്ലിംഗ് പദ്ധതിയിൽ 40 ലധികം പേർ നിലവിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. പരമാവധി ആളുകൾ ഈ സൌകര്യം പ്രയോജനപ്പെടുത്തണമെന്ന് എം.എൽ.എ അഭ്യർത്ഥിച്ചു.

കുറവൻകോണം വാർഡ് കൌൺസിലർ ശ്യാം കുമാർ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ചലചിത്ര താരം ജോബി, മുൻ കൌൺസിലർ പി.എസ് അനിൽകുമാർ, തിരുവനന്തപുരം ബൈസൈക്കിൾ മേയർ പ്രകാശ് പി ഗോപിനാഥ്, ഷീസൈക്ലിംഗ് നാഷണൽ പ്രോജക്ട് കോ-ഓർഡിനേറ്റർ എം.എ സീനത്ത്, ശ്രീചിത്രാനഗർ റെസിഡന്റ്സ് അസോസിയേഷൻ പ്രസിഡന്റ് പി.എസ് നായിഡു, എ.ജി ശശിധരൻ നായർ, ചാന്നാംവിള മോഹനൻ, അഡ്വ. അമൽ, മധു, ബി.കെ രതീഷ് എന്നിവർ പങ്കെടുത്തു.

error: Content is protected !!