
17ാമത് ഐ.ഡി.എസ്.എഫ്.എഫ്.കെ: പുനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ വനിതാ ബിരുദധാരികളുടെ ഓര്‍മ്മകള്‍ പകര്‍ത്തി 13 ചിത്രങ്ങള്‍
കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി 2025 ആഗസ്റ്റ് 22 മുതല്‍ 27 വരെ തിരുവനന്തപുരം കൈരളി, ശ്രീ, നിള തിയേറ്ററുകളിലായി സംഘടിപ്പിക്കുന്ന 17ാമത് ഐ.ഡി.എസ്.എഫ്.എഫ്.കെയില്‍ പുനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലെ വനിതാ ബിരുദധാരികളുടെ ഓര്‍മ്മകള്‍ പകര്‍ത്തുന്ന 13 ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. ‘എ റൂം ഓഫ് അവര്‍ ഓണ്‍’ എന്ന ഈ പാക്കേജ് ക്യുറേറ്റ് ചെയ്തിരിക്കുന്നത് എഡിറ്റര്‍ ബീനാപോള്‍, ഡോക്യുമെന്ററി സംവിധായകരായ റീന മോഹന്‍, സുരഭി ശര്‍മ്മ എന്നിവര്‍ ചേര്‍ന്നാണ്. ഇന്ത്യന്‍ സിനിമയ്ക്ക് പുനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ വനിതാ ബിരുദധാരികള്‍ നല്‍കിയ സംഭാവനകളെ അടയാളപ്പെടുത്തുന്ന പാക്കേജ് ആണിത്.
1960ല്‍ പൂനെയില്‍ സ്ഥാപിച്ച ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്ന് കഴിഞ്ഞ ആറു ദശകങ്ങള്‍ക്കിടയില്‍ 6000ത്തില്‍പ്പരം പേര്‍ ബിരുദം നേടിയിട്ടുണ്ട്. അതില്‍ 600 ഓളം പേര്‍ മാത്രമേ വനിതകളായിട്ടുള്ളൂ. വാമൊഴി ചരിത്രത്തിലൂടെയും സ്വകാര്യശേഖരത്തിലുള്ള ഫോട്ടോകളിലൂടെയും വനിതാ ബിരുദധാരികളുടെ ചലച്ചിത്രപഠനകാലത്തെ ദൃശ്യപരമായി രേഖപ്പെടുത്തുകയാണ് ഈ ഹ്രസ്വവീഡിയോകള്‍. ഗൃഹാതുരമായ ഓര്‍മ്മകള്‍ അയവിറക്കുന്നതിനു പകരം വ്യക്തികളുടെ ഓര്‍മ്മ സിനിമയുടെ സാമ്പ്രദായിക ചരിത്രത്തെ ചോദ്യം ചെയ്യുന്നതിന് ഉപയോഗിക്കുന്ന പദ്ധതിയാണ് ഇത്. പുതുതായി നിര്‍മ്മിച്ച ഹ്രസ്വചിത്രങ്ങള്‍ക്കു പുറമെ ആര്‍ക്കൈവല്‍ ഫോട്ടോകള്‍, 2020–2023 കാലയളവിലെ ഓണ്‍ലൈന്‍ സംഭാഷണങ്ങളില്‍നിന്നുള്ള എഡിറ്റ് ചെയ്ത ക്ലിപ്പുകൾ എന്നിവ ഈ പാക്കേജിന്റെ ഭാഗമാണ്.
11 ചിത്രങ്ങള്‍ ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിലും രണ്ടു ചിത്രങ്ങള്‍ ബംഗാളിയിലുമാണ്. പിങ്കി ബ്രഹ്‌മ ചൗധരിയുടെ വിന്‍ഡ്‌സ് ഓഫ് സ്പ്രിംഗ്, അമല പോപ്പുരിയുടെ അണ്‍മിക്‌സ്ഡ്, പ്രാചീ ബജാനിയയുടെ S7 ഗേള്‍സ് ഹോസ്റ്റല്‍, ലിപിക സിംഗിന്റെ റൂം നമ്പര്‍ 2-S -35, പൂര്‍വ നരേഷിന്റെ റിമംബറിംഗ് റ്റു ഫോര്‍ഗെറ്റ്, ബാതുല്‍ മുക്തിയാറിന്റെ റാന്‍ഡം തോട്ട്‌സ് ഓണ്‍ എ സണ്‍ഡേ ആഫ്റ്റര്‍നൂണ്‍, ഫൗസിയ ഖാന്റെ ബംഗാളി ചിത്രമായ മൈ പൂനെ ഡയറി, മഹീന്‍ മിര്‍സയുടെ ഫൈന്‍ഡിംഗ് ലൈറ്റ്‌നസ്, ശ്വേതാ റായിയുടെ ചേസിംഗ് ദ റെയിന്‍ബോ, ദീപ്തി ഭല്ലാ വര്‍മ്മയുടെ കെയര്‍ ഓഫ് എഫ്.ടി.ഐ.ഐ, പാര്‍വതി മേനോന്റെ ആന്‍ ഓഡ് റ്റു ദ സാരി, സുബര്‍ണ സെന്‍ജുതി തുഷിയുടെ ബംഗാളി ചിത്രമായ എ റൂം എ ലൈഫ്, മൈ സെക്കന്റ് ഹോം, കോയല്‍ സെന്നിന്റെ 2 S3 3 സി ബ്ലോക്ക്, ബോയ്‌സ് ഹോസ്റ്റല്‍, ഗേള്‍സ് ഫ്ലോർ എന്നിവയാണ് ഈ പാക്കേജിന്റെ ഭാഗമായി പ്രദര്‍ശിപ്പിക്കുന്നത്.

