ശബരിമല: പുല്ലുമേട് വഴി സന്നിധാനത്തേക്കുള്ള യാത്ര, അത് കല്ലും മുള്ളും കാലിന് മെത്തയാക്കിയുള്ള സഞ്ചാരമാണ്. അത്തരത്തില്‍ പുല്ലുമേട് വഴി 37515 പേരാണ് ദര്‍ശനപുണ്യം തേടിയെത്തിയത്. 1494 പേര്‍ ഇതുവഴി മടങ്ങിപ്പോവുകയും ചെയ്തു.
വാഹനങ്ങളില്‍ സത്രത്തിലെത്തി 12 കിലോമീറ്റര്‍ നടന്ന് വേണം പാണ്ടിത്താവളം വഴി സന്നിധാനത്ത് എത്താന്‍. വന്യമൃഗങ്ങളുള്ള കാട്ടിലൂടെ അല്‍പ്പം സാഹസികമാണ് ഈ യാത്ര. ഭക്തര്‍ക്ക് ആവശ്യമായ ഭക്ഷണം ലഭ്യമാക്കാന്‍ 4 കേന്ദ്രങ്ങളില്‍ സൗകര്യമുണ്ട്. സുരക്ഷ ഒരുക്കാന്‍ വിവിധയിടങ്ങളില്‍ വനംവകുപ്പ് വാച്ചര്‍മാരുമുണ്ടാകും. രാവിലെ 7 മുതല്‍ ഉച്ചക്ക് 2 വരെയാണ് സത്രം, പാണ്ടിത്താവളം എന്നിവിടങ്ങളില്‍ നിന്നും പുല്‍മേട്ടിലേക്ക് കടത്തിവിടുക. അഞ്ച് മണിക്കൂറിലേറെ നടക്കേണ്ടതിനാല്‍ രണ്ട് മണിക്ക് ശേഷം പുറപ്പെട്ടാല്‍ രാത്രി കാട്ടിലൂടെ നടക്കേണ്ടി വരും. അതിനാലാണ് സമയ നിയന്ത്രണം ഏര്‍പ്പെടുത്തിയത്.