രാഷ്ട്രപതി ഭവനിലെ ദര്‍ബാര്‍ ഹാളിന്റെ പേര് മാറ്റുന്നു – ഇനി ഗണതന്ത്ര മണ്ഡപ്

ന്യൂഡല്‍ഹി: രാഷ്ട്രപതി ഭവനിലെ ദര്‍ബാര്‍ ഹാളിന്റെയും അശോക ഹാളിന്റെയും പേരുകള്‍ ഗണതന്ത്ര മണ്ഡപ്, അശോക മണ്ഡപ് എന്നിങ്ങനെ മാറ്റി വിജ്ഞാപനം ഇറക്കി.രാഷ്ട്രപതിയുടെ സെക്രട്ടേറിയറ്റാണ് ഇക്കാര്യം അറിയിച്ചത്

ദേശീയ പുരസ്‌കാര സമര്‍പ്പണം ഉള്‍പ്പടെയുള്ള പ്രധാന ചടങ്ങുകള്‍ നടക്കുന്ന വേദിയാണ് ദര്‍ബാര്‍ ഹാള്‍. ബ്രിട്ടീഷുകാരും ഇന്ത്യന്‍ രാജാക്കന്‍മാരും ഒത്തുകൂടിയ ഇടമാണ് ദര്‍ബാര്‍. ഇന്ത്യ റിപ്പബ്ലിക്കായതോടെ ദര്‍ബാര്‍ എന്ന വാക്കിന്റെ പ്രസക്തി നഷ്ടമായെന്നും ആ സാഹചര്യത്തിലാണ് പുനര്‍നാമകരണം ചെയ്തതെന്നും രാഷ്ട്രപതി ഭവന്‍ പ്രസ്താവനയില്‍ വ്യക്തമാക്കി.

ഗണതന്ത്ര എന്ന വാക്ക് പുരാതനകാലം മുതല്‍ ഇന്ത്യന്‍ സംസ്‌കാരത്തില്‍ വേരൂന്നിയതാണെന്നും ജനാധിപത്യം എന്നാണ് ആ വാക്കിന് അര്‍ഥമെന്നുമാണ് വിശദീകരണം. അതുകൊണ്ടാണ് ഗണതന്ത്രമണ്ഡപ് എന്ന് പുനര്‍നാമകരണം ചെയ്തത്. ഇംഗ്ലീഷ് പദം ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് അശോക ഹാളിനെ അശോക മണ്ഡപം എന്നാക്കിയതെന്നും പ്രസ്താവനയില്‍ പറയുന്നു.

പേരുമാറ്റത്തിനെതിരെ കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി ഉള്‍പ്പടെയുള്ളവര്‍ വിമര്‍ശനവുമായി രംഗത്തെത്തി. ദര്‍ബാര്‍ എന്ന ആശയം വേണ്ട. ഷെഹന്‍ഷാ എന്ന ആശയം മതിയെന്നാണ് പറയുന്നത്. നരേന്ദ്രമോദിയെ പരോക്ഷമായി ഉന്നമിട്ടായിരുന്നു പ്രിയങ്കയുടെ വിമര്‍ശനം

error: Content is protected !!