തിങ്കളാഴ്ച 61 ചിത്രങ്ങൾ, കലാലയ പ്രതീക്ഷകളുമായി അഞ്ച്  ഹ്രസ്വചിത്രങ്ങൾ

രാജ്യാന്തര ഡോക്യൂമെന്ററി ഹ്രസ്വ ചിത്ര മേളയിൽ കലാലയ പ്രതീക്ഷകളായ യുവസംവിധായകരുടെ അഞ്ചു വൈവിധ്യക്കാഴ്ചകളടക്കം തിങ്കളാഴ്ച പ്രദർശിപ്പിക്കുന്നത് 61 ചിത്രങ്ങൾ .ശബ്ദലേഖന രംഗത്തെ വിസ്മയമായ എ എം പദ്മനാഭൻ ,ശ്രീയാങ്ക റേ എന്നിവർക്ക് ആദരമായി നാലുചിത്രങ്ങളും അഞ്ചു ലോങ്ങ് ഡോക്ക്യൂമെൻ്റെറികളും മത്സരവിഭാഗത്തിലെ പതിമൂന്നു ചിത്രങ്ങളും ഇന്ന്  പ്രദർശിപ്പിക്കും.ലളിത് വചാനി സംവിധാനം ചെയ്ത ലോങ്ങ് ഡോക്ക്യൂമെന്ററി കൈതി നമ്പർ 626710 ഹാജർ ഹേ എന്ന ചിത്രത്തിൻ്റെ ലോകത്തെ ആദ്യ പ്രദർശനവും ഇന്നുണ്ടാകും.

പുരുഷന്മാരുടെ വിവിധ ജീവിതഘട്ടങ്ങൾ അനാവരണം ചെയ്യുന്ന ഫെയ്സസ് എന്ന ചിത്രം കാമ്പസ് ചിത്രങ്ങളുടെ വിഭാഗത്തിൽ പ്രദർശിപ്പിക്കും .ജിതിൻ ജിയാണ് ചിത്രത്തിൻ്റെ സംവിധായകൻ.ബാല്യം മുതൽ യൗവ്വനം വരെ ലൈംഗിക ചൂഷണത്തിന് വിധേയമാകുന്ന യുവാവിൻ്റെ കഥ പറയുന്ന സൊസൈറ്റി ബാർക്‌സ്, ഫെബിൻ മാർട്ടിൻ സംവിധാനം ചെയ്ത ഹിതം, പ്രമോദ് എസിൻ്റെ മട്ടൻ കട്ടർ, നമിത്‌ വേണുഗോപാലിൻ്റെ ധ്വനി എന്നീ ചിത്രങ്ങളും ഈ വിഭാഗത്തിൽ പ്രദർശിപ്പിക്കും.

ജലക്ഷാമം പ്രമേയമാക്കി വിശ്വാസ് കെ സംവിധാനം ചെയ്ത കന്നഡ ചിത്രം വാട്ടർ മാൻ, ബോബി ബ്യുട്ടി പാർലർ, കോക്ക് ഫൈറ്റ്, ലക്കി ഡോഗ്, മായ തുടങ്ങിയ ചിത്രങ്ങൾ ഷോർട്ട് ഫിക്ഷൻ മത്സര വിഭാഗത്തിലും വിഖ്യാത ചലച്ചിത്രകാരിയായ അപർണ സെന്നിൻ്റെ ജീവിതം പ്രമേയമാക്കിയ പരമ: എ ജേർണി വിത്ത് അപർണസെൻ ലോങ്ങ് ഡോക്യുമെൻററി മത്സര വിഭാഗത്തിലും പ്രദർശിപ്പിക്കും. സുമൻ ഘോഷാണ് നോട്ടർ ഡാം ഫെസ്റ്റിവലിൽ ശ്രദ്ധേയമായ ഈ ചിത്രത്തിൻ്റെ സംവിധായകൻ .ആൻ അൺനോൺ സമ്മർ, ദ ഫസ്റ്റ് ഈസ് ഫാഴ്‌സ്,  ഐ നോ ടൊമാറ്റോ ഈസ് റെഡ്, എന്നിവ ഷോർട്ട് ഡോക്യുമെൻററി മത്സര വിഭാഗത്തിൽ പ്രദർശിപ്പിക്കും.

ജിതിൻ സംവിധാനം ചെയ്ത മറുത, അഭിജിത്ത് നാരായണൻ്റെ സ്വാമി ആനന്ദതീർത്ഥൻ: നിഷേധിയുടെ ആത്മശക്തി ഉൾപ്പടെ ആകെ 10 മലയാളചിത്രങ്ങളാണ് തിങ്കളാഴ്ച പ്രദർശിപ്പിക്കുന്നത് .മധുസൂദനൻ കെ എ സംവിധാനം ചെയ്ത തീപ്പണക്കം, എ ഫിഷ് ഓൺ ദി ഷോർ, മടക്കുകൾ എന്നീ ചിത്രങ്ങളും ഇതിൽ ഉൾപ്പെടുന്നു .വിഖ്യാത ഡോക്യുമെൻററി സംവിധായകരായ ബേദി സഹോദരന്മാരുടെ  സാധൂസ് ലിവിങ് വിത്ത് ദി ഡെഡ് ,ചെറൂബ്‌ ഓഫ് മിസ്റ്റ് റെഡ് പാണ്ട എന്നീ ചിത്രങ്ങളും, കെ എം പത്മനാഭൻ ശ്രീയാങ്കാ റെ എന്നിവർക്കുള്ള ആദരവായി ലെവൻ മൈൽസ് -1, മെമ്മറീസ് ഓഫ് മിൽക്ക് സിറ്റി ,സ്വീറ്റ് ഷോപ്പ് ഓഫ് വാൾ സ്ട്രീറ്റ് എന്നിവയുടെ പ്രദർശനവും ഇന്നുണ്ടാകും .ഗുജറാത്ത് കലാപം പ്രമേയമാക്കി രാകേഷ് ശർമ്മ സംവിധാനം ചെയ്ത ഫൈനൽ സൊല്യൂഷൻ ജൂറി ഫിലിം വിഭാഗത്തിൽ പ്രദർശിപ്പിക്കും .

യുവത്വത്തിൻ്റെ ജീവിതക്കാഴ്ചകളുമായി തിങ്കളാഴ്ച അഞ്ചു ക്യാമ്പസ് ചിത്രങ്ങൾ

കലാലയ പ്രതിഭകളുടെ നിരീക്ഷണങ്ങളും ചിന്തകളും ആധാരമാക്കി രൂപപ്പെടുത്തിയ അഞ്ചു ചിത്രങ്ങൾ ഇന്ന് രാജ്യാന്തര ഹ്രസ്വ ചലച്ചിത്ര മേളയുടെ മത്സര വിഭാഗത്തിൽ പ്രദർശിക്കും .സാമൂഹിക പ്രസക്തിയുള്ള വിഷയങ്ങൾ പ്രമേയമാക്കി ജിതിൻ ജി,പ്രമോദ് ,വിഘ്നേഷ് എ ഭാസ്കർ ,നമിത് വേണുഗോപാൽ ,സെബിൻ മാർട്ടിൻ എന്നിവർ ഒരുക്കിയ ചിത്രങ്ങളാണ് ഈ വിഭാഗത്തിൽ പ്രദർശിപ്പിക്കുന്നത് .നിള തിയേറ്ററിൽ രാവിലെ ഒൻപതിനാണ് പ്രദർശനം .

ഏകാന്ത ജീവിതം അതിജീവിക്കാൻ ഡേറ്റിങ് ആപ്പുകളെ ആശ്രയിക്കുന്ന യുവതിയുടെ ജീവിതമാണ് പ്രമോദ് സച്ചിദാനന്ദൻ ഒരുക്കിയ മട്ടൺ കട്ടറിൻ്റെ പ്രമേയം. ഐവിഎഫ് ചികിത്സകളിലൂടെ കടന്നുപോകുന്ന ദമ്പതിമാരുടെ ജീവിത മുഹൂർത്തങ്ങളുടെ ചെറുചിത്ര കാഴ്ചയാണ് ഫെബിൻ മാർട്ടിൻ ചിത്രം ഹിതം പങ്കുവയ്ക്കുന്നത്.

പുരുഷന്മാരുടെ വിവിധ ജീവിതഘട്ടങ്ങൾ പ്രമേയമാക്കിയ ജിതിൻ ജിയുടെ ഫേസസ്‌,കുട്ടിക്കാലം മുതൽ ലൈംഗിക ചൂഷണത്തിന് വിധേയമാകുന്ന യുവാവിൻ്റെ കഥപറയുന്ന വിഘ്‌നേഷ് എ ഭാസ്‌കർ ചിത്രം സൊസൈറ്റി ബാർക്‌സ് ,നമിത് വേണുഗോപാലിൻ്റെ ധ്വനി എന്നിവയും ക്യാംപസ് ഫിലിംസ് വിഭാഗത്തിൽ പ്രദർശിപ്പിക്കും.

error: Content is protected !!