ഏറ്റവുമൊടുവിൽ മാഷിനൊപ്പം പങ്കെടുത്ത യോഗം മനസ്സിൽ വരുന്നു. സർക്കാർ ആശുപത്രികളിൽ ഉറ്റവരാൽ കയ്യൊഴിക്കപ്പെടുന്ന വയോജനങ്ങളുടെ പുനരധിവാസം സംബന്ധിച്ച യോഗമായിരുന്നു അത്. കനിവും മാനവസാഹോദര്യവും വഴിയുന്ന നിർദ്ദേശങ്ങൾ മാഷിൽ നിന്നും അന്നുയർന്നു. മാഷടക്കമുള്ള ഓർഫനേജ് കൺട്രോൾ ബോർഡംഗങ്ങളുടെ വാക്കുകളുടെ സാന്ത്വനബലം ഉൾക്കൊണ്ടാണ് ഉപേക്ഷിക്കപ്പെടുന്നവരെ വയോജന മന്ദിരങ്ങളിൽ ഏറ്റെടുക്കാനുള്ള തീരുമാനം സാമൂഹ്യനീതി മന്ത്രിയെന്ന നിലയിൽ അന്നു പ്രഖ്യാപിച്ചത്.
മാനുഷികവും ജീവകാരുണ്യപരവുമായ സമീപനങ്ങളുടെ പേരിൽ എത്രയോ പേരുടെ മനസ്സുകളിൽ പേരും രൂപവും നിലനിർത്തിയാണ് അന്ത്യയാത്ര. ബന്ധുക്കളുടെയും കുടുംബത്തിന്റെയും വേദനയിൽ സഹോദരിയുടെ നിലയിൽ പങ്കു ചേരുന്നു.