എറണാകുളം മഹാരാജാസ് കോളേജിൽ കാഴ്ച പരിമിതിയുള്ള അധ്യാപകൻ ഡോ. പ്രിയേഷിനെ അപമാനിച്ച സംഭവത്തില്‍ കോളേജ് ആഭ്യന്തര അന്വേഷണ സമിതി റിപ്പോർട്ട് സമർപ്പിച്ചു. വിദ്യാർത്ഥികളുടെ പ്രവർത്തി അധ്യാപകന്റെ സ്വകാര്യതയിലേക്ക് കടന്ന് കയറി എന്ന് റിപ്പോർട്ടിൽ പറയുന്നു. കോളേജ് ഭിന്നശേഷി സൗഹൃദമാക്കാനുള്ള നിർദ്ദേശങ്ങളും റിപ്പോർട്ടിലുണ്ട്. കോളേജ് കൗൺസിൽ റിപ്പോർട്ട് ചർച്ച ചെയ്തശേഷം തുടർനടപടി സ്വീകരിക്കും.
മഹാരാജാസ് കോളേജിലെ പൊളിറ്റിക്കല്‍ സയന്‍സ് അധ്യാപകനായ പ്രിയേഷിനെയാണ് ക്ലാസ് മുറിയിൽ വെച്ച് ചില വിദ്യാര്‍ത്ഥികള്‍ കഴിഞ്ഞ ദിവസം അപമാനിച്ചത്. കാഴ്ച പരിമിതിയുള്ള അധ്യാപകൻ ക്ലാസിൽ പഠിപ്പിക്കുന്ന സമയത്ത് വിദ്യാർത്ഥികളിൽ ചിലർ ക്ലാസ് മുറിയിൽ കളിച്ചും ചിരിച്ചും നടക്കുന്നതിന്റെയും, അനുവാദമില്ലാതെ ക്ലാസിൽ പ്രവേശിക്കുന്നതിന്റെയും വീഡിയോയാണ് പുറത്ത് വന്നത്. ക്ലാസിലെ ചില വിദ്യാർത്ഥികൾ പകർത്തിയ വീഡിയോ ദൃശ്യം വലിയ രീതിയിൽ ഷെയർ ചെയ്യപ്പെട്ടു. വീഡിയോയ്ക്കെതിരെയും കാഴ്ച പരിമിധിയുള്ള അധ്യാപകനെ അപമാനിച്ച വിദ്യാർത്ഥികൾക്കെതിരെയും വലിയ പ്രതിഷേധം സമൂഹ മാധ്യമങ്ങളിലടക്കമുണ്ടായി. പിന്നാലെ കെ എസ് യു നേതാവടക്കമുള്ള വിദ്യാര്‍ത്ഥികൾക്കെതിരെ കോളേജ് അധികൃതർ നടപടിയെടുത്തിരുന്നു. കെഎസ്‌യു യൂണിറ്റ് വൈസ് പ്രസിഡന്റ് ഫാസില്‍ അടക്കം ആറ് പേരെയാണ് സസ്‌പെന്‍ഡ് ചെയ്തത്.