ഇ-ഗ്രാന്‍ഡ് ആനുകൂല്യങ്ങള്‍ മുടങ്ങുന്നതിനാല്‍ ടെക്നിക്കല്‍ വിദ്യാര്‍ഥികളും ഗവേഷണ വിദ്യാര്‍ഥികളും കടുത്ത പ്രതിസന്ധിയില്‍ ആണെന്ന് പാര്‍ട്ടി സംസ്ഥാന പ്രസിഡണ്ട് ഉഷാ കൊട്ടാരക്കര പറഞ്ഞു. ഗ്രാന്‍ഡ് കിട്ടാതെ കേളജ് ഹോസ്റ്റലില്‍ നിന്നു പോലും വിദ്യാര്‍ഥികളെ ഇറക്കി വിടുന്ന സന്ദര്‍ഭങ്ങള്‍ ഉണ്ടായിട്ടുണ്ട്. പട്ടികവിഭാഗ വികസന മന്ത്രിക്കടക്കം നിരവധി നിവേദനങ്ങള്‍ നല്‍കിയിട്ടും രണ്ടര വര്‍ഷത്തിലധികമായി ഗ്രാന്‍ഡുകള്‍ മുടങ്ങിക്കിടക്കുകയാണ്. കോഴ്സ് ഫീസ് അടയ്ക്കാതെയും ഹോസ്റ്റല്‍ ഫീ നല്‍കാതെയും വിദ്യാര്‍ഥികളെ വലയ്ക്കുന്ന സര്‍ക്കാര്‍ വിഷയത്തെ ഗൗരവമായി എടുക്കുന്നില്ല എന്നത് പരിതാപകരമാണ്. ഘട്ടം ഘട്ടമായി ഗ്രാന്‍ഡുകള്‍ നിര്‍ത്തി വയ്ക്കാനുള്ള കുതന്ത്രമാണ് ഇതെന്ന് പോലും സംശയിക്കേണ്ടിയിരിക്കുന്നു. യാതൊരു ആനുകൂല്യവും ലഭിക്കാതെ രണ്ടു വര്‍ഷത്തിനകം ഐ ടി ഐ കോഴ്സ് കഴിഞ്ഞിറങ്ങിയ നിരവധി പട്ടിക വിഭാഗ വിദ്യാര്‍ഥികള്‍ ഇന്ന് കടത്തിന്റെ ഭാരം ചുമക്കുകയാണ്. ഉന്നത വിദ്യാഭ്യാസ രംഗത്തും പട്ടിക വിഭാഗക്കാര്‍ക്ക് ഗ്രാന്‍ഡുകള്‍ ലഭ്യമാക്കുന്നില്ല. പ്രത്യേകിച്ച് ഗവേഷക വിദ്യാര്‍ഥികള്‍ക്ക് .
സാമ്പത്തിക പ്രതിസന്ധിയാണ് കാരണമെന്ന് പറയുമ്പോള്‍ പോലും കേരളീയം പോലുള്ള ധൂര്‍ത്തുകള്‍ നടത്താന്‍ സര്‍ക്കാരിന് മടിയില്ല. തിരികെ സ്‌കൂളിലേക്ക് എന്നു പറഞ്ഞു പ്രായമായ കുടുംബശ്രീ അംഗങ്ങളെ സ്‌കൂളുകളിലെത്തിക്കുന്ന സര്‍ക്കാര്‍ മറിച്ച് പട്ടികവിഭാഗ വിദ്യാര്‍ഥികളെ തിരികെ വീട്ടിലേക്ക് എത്തിക്കുകയാണെന്നും ഉഷ കൊട്ടാരക്കര പറഞ്ഞു. വിഷയത്തെ ഗൗരവമായി സര്‍ക്കാര്‍ പരിഗണിച്ചില്ലെങ്കില്‍ ശക്തമായ സമരപരിപാടികളുമായി മുന്നോട്ടു പോകുമെന്നും ഉഷ കൊട്ടാരക്കര പറഞ്ഞു.