ഉന്നതവിജയം നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിച്ച് മികവുത്സവം

നെടുമങ്ങാട് മണ്ഡലത്തില്‍ എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ വിദ്യാര്‍ത്ഥികളേയും സിബിഎസ്ഇ, ഐസിഎസ്ഇ പത്താം ക്ലാസ്, പന്ത്രണ്ടാം ക്ലാസ് പരീക്ഷകളില്‍ ഉന്നതവിജയം നേടിയ വിദ്യാര്‍ത്ഥികളേയും അനുമോദിച്ചു. ഇവര്‍ക്കായി നെടുമങ്ങാട് എം.എല്‍.എയും ഭക്ഷ്യപൊതുവിതരണ വകുപ്പ് മന്ത്രിയുമായ ജി.ആര്‍ അനില്‍ ഏര്‍പ്പെടുത്തിയ വിദ്യാഭ്യാസ അവാര്‍ഡ് മികവുത്സവം -2024 , പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി ഉദ്ഘാടനം ചെയ്തു.

വിദ്യാഭ്യാസരംഗത്ത് വലിയ പാരമ്പര്യമുള്ള സംസ്ഥാനമാണ് കേരളമെന്നും വിദ്യാര്‍ത്ഥികളുടെ അക്കാദമിക നിലവാരം ഉയര്‍ത്തുന്നതിനായി പൊതുവിദ്യാഭ്യാസരംഗത്ത് ചില മാറ്റങ്ങള്‍ കൊണ്ടുവരാന്‍ പോകുകയാണെന്നും മന്ത്രി വി.ശിവന്‍കുട്ടി പറഞ്ഞു. എസ്.എസ്.എല്‍.സി പരീക്ഷയില്‍ സബ്ജക്ട് മിനിമം ഏര്‍പ്പെടുത്തുന്ന വിഷയം സര്‍ക്കാര്‍ പരിഗണിക്കുകയാണ്. കൂടാതെ വിദ്യാര്‍ത്ഥികളില്‍ വായാനാ ശീലം പ്രോത്സാഹിപ്പിക്കുന്നതിനായി, തുടര്‍ച്ചയായ മുല്യനിര്‍ണയത്തിന് നല്‍കുന്ന 20 മാര്‍ക്കില്‍ നിശ്ചിത ശതമാനം വായനയ്ക്കായി മാറ്റിവെക്കും. ഇത്തരത്തില്‍ പ്രത്യക്ഷമായും പരോക്ഷമായും വിദ്യാര്‍ത്ഥികളുടെ അക്കാദമിക നിലവാരം ഉയര്‍ത്തുന്നതിനുള്ള പരിശ്രമത്തിലാണ് വിദ്യാഭ്യാസ വകുപ്പെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. നെടുമങ്ങാട് മണ്ഡലത്തിന്റെ വിദ്യാഭ്യാസ കാര്യങ്ങളില്‍ മികച്ച പരിഗണനയാണ് മന്ത്രി ജി.ആര്‍ അനില്‍ നല്‍കുന്നതെന്നും മന്ത്രി അഭിപ്രായപ്പെട്ടു.

ഉന്നതവിജയം നേടിയ വിദ്യാര്‍ത്ഥികള്‍ കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയ്ക്ക് മാതൃകയാണെന്ന് അധ്യക്ഷനായിരുന്ന മന്ത്രി ജി.ആര്‍ അനില്‍ പറഞ്ഞു. 1,631 വിദ്യാര്‍ത്ഥികള്‍ക്കാണ് അവാര്‍ഡ് നല്‍കിയത്. കൂടാതെ എസ്.എസ്.എല്‍.സി, പ്ലസ് ടു, സിബിഎസ്ഇ, ഐസിഎസ്ഇ പത്താം ക്ലാസ്, പന്ത്രണ്ടാം ക്ലാസ് വിഭാഗങ്ങളില്‍ 100 ശതമാനം വിജയം കൈവരിച്ച 44 സ്‌കൂളുകള്‍ക്കും മികുവുത്സവത്തില്‍ പുരസ്‌കാരം നല്‍കി. ബിരുദം, ബിരുദാനന്തര ബിരുദം, വിവിധ പ്രൊഫഷണല്‍ കോഴ്സുകള്‍ എന്നിവയില്‍ ഉന്നതവിജയം നേടിയ വിദ്യാര്‍ത്ഥികളേയും, പി.എച്ച്.ഡി നേടിയവരേയും ചടങ്ങില്‍ അനുമോദിച്ചു.

നെടുമങ്ങാട് മുനിസിപ്പാലിറ്റി ടൗണ്‍ ഹാളില്‍ നടന്ന മികവുത്സവത്തില്‍ പ്രശസ്ത മജിഷ്യന്‍ ഗോപിനാഥ് മുതുകാട് വിശിഷ്ടാതിഥിയായിരുന്നു. നെടുമങ്ങാട് നഗരസഭാ ചെയര്‍പേഴ്സണ്‍ സി.എസ് ശ്രീജ, ഗ്രാമപഞ്ചായത്ത് അധ്യക്ഷന്മാര്‍, മറ്റ് ജനപ്രതിനിധികള്‍, സാമൂഹിക-സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ എന്നിവരും പങ്കെടുത്തു.

error: Content is protected !!