ഗാര്‍ഹിക പീഡനങ്ങൾ കുറയുന്നില്ല: വി. ആർ. മഹിളാമണി

ഗാര്‍ഹിക പീഡനം കുറയുന്നില്ല എന്ന് ബോധ്യപ്പെടുത്തുന്ന തരത്തിലുള്ള പരാതികളാണ് അദാലത്തിൽ പരിഗണനയ്ക്കു വരുന്നതെന്ന് കേരള വനിതാ കമ്മിഷന്‍ അംഗം വി.ആര്‍. മഹിളാമണി പറഞ്ഞു. ആലപ്പുഴ ജില്ലാ പഞ്ചായത്ത് ജെന്‍ഡര്‍ പാര്‍ക്ക് ഓഡിറ്റോറിയത്തില്‍ നടത്തിയ അദാലത്തിനുശേഷം സംസാരിക്കുകയായിരുന്നു വനിതാ കമ്മിഷന്‍ അംഗം.

മദ്യപിച്ചെത്തുന്ന ഭര്‍ത്താവ് സ്ഥിരമായി ഭാര്യയെ ഉപദ്രവിക്കുകയും ഭാര്യ ജോലിക്കു പോകുന്നതിലുള്ള അതൃപ്തി പ്രകടിപ്പിച്ച് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുന്നു എന്ന പരാതി അദാലത്തിൽ പരിഗണനയ്ക്കു വന്നു. സ്ത്രീ ജോലിക്കു പോകുന്നതാണ് വീട്ടിലെ പ്രശ്‌നമെന്ന് വരുത്തി അവരെ വീടിനു പുറത്തിറങ്ങാന്‍ സമ്മതിക്കാത്ത മനോഭാവമുള്ള പുരുഷന്‍മാര്‍ സമൂഹത്തില്‍ ഇന്നുമുണ്ട് എന്നാണ് മനസിലാക്കേണ്ടത്. അധ്യാപന മേഖലയില്‍ സ്ത്രീകള്‍ നേരിടുന്ന പ്രശ്നവും അദാലത്തിൽ വന്നു.

വിദ്യാഭ്യാസ സ്ഥാപനത്തിലെ അധികാര സ്ഥാനത്തിരിക്കുന്ന അധ്യാപകരും മറ്റ് അധ്യാപകരും തമ്മില്‍ ആശയപരമായുള്ള അനൈക്യം, അതില്‍ രക്ഷിതാക്കള്‍ ഇടപെടുമ്പോഴുള്ള പ്രശ്‌നങ്ങള്‍ എന്നിവ വിദ്യാര്‍ഥികളെയും സമാധാനപരമായ പഠനാന്തരീക്ഷത്തെയും ബാധിക്കുന്നതായുള്ള പരാതിയും അദാലത്തിൽ പരിഗണിച്ചു. ഇത്തരം സാഹചര്യങ്ങള്‍ അധ്യാപകരില്‍ ഉണ്ടാക്കുന്ന മാനസിക പ്രശ്‌നങ്ങളാണ് പരാതിയായി വന്നത്. അധ്യാപകര്‍ പരാതിക്കാരും എതിര്‍കക്ഷികളുമായി വരുന്ന കേസുകള്‍ കൂടുന്നതായും വനിതാ കമ്മിഷന്‍ അംഗം പറഞ്ഞു.

വസ്തു സംബന്ധമായ വിഷയങ്ങളും, സാമ്പത്തിക ഇടപാടുകളില്‍ നിന്ന് ഉടലെടുക്കുന്ന പ്രശ്‌നങ്ങളും, സ്ത്രീകളെ ആക്രമിക്കുന്ന തരത്തിലേക്കെത്തുന്നതായും വനിതാ കമ്മിഷന്‍ അംഗം പറഞ്ഞു.
ജില്ലാതല അദാലത്തില്‍ ഒമ്പത് കേസുകള്‍ തീര്‍പ്പാക്കി. 12 പരാതിയിൽ പോലീസിനോട് അന്വേഷണ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. ബാക്കി 40 കേസുകള്‍ അടുത്ത അദാലത്തിലേക്ക് മാറ്റി. ആകെ 61 പരാതികളാണ് ജില്ലാതല അദാലത്തില്‍ പരിഗണിച്ചത്. അഡ്വ. ജീനു എബ്രഹാം, അഡ്വ. രേഷ്മ ദിലീപ് തുടങ്ങിയവര്‍ പങ്കെടുത്തു.

error: Content is protected !!