നവകേരളം കർമ്മ പദ്ധതി 2-ന്റെ ഭാഗമായി തിരുവനന്തപുരം ജില്ലയിൽ 11 ബ്ലോക്കുകളിലെ 73 ഗ്രാമപഞ്ചായത്തുകളുടേയും ജലബജറ്റ് തയാറാക്കുന്നു. രണ്ട് മാസത്തിനുള്ളിൽ ജലബജറ്റ് പൂർത്തിയാക്കാനുള്ള ശ്രമത്തിലാണ് ഹരിതകേരളം മിഷൻ. ഒരു പ്രദേശത്തിലെ ജലലഭ്യത, ജല ആവശ്യം എന്നിവ കണക്കിലെടുത്താണ്, വിവിധ കാലഘട്ടങ്ങളിലെ ജലമിച്ചം, ജലകമ്മി എന്നിവ കണക്കാക്കുന്നത്.
വ്യത്യസ്ത ഭൂപ്രകൃതിയും ഭൂഘടനയും കാർഷിക വിന്യാസത്തിനുമനുസരിച്ച് മണ്ണിൽ സംരക്ഷിക്കപ്പെടുന്ന ജലത്തിന്റെ അളവും വ്യത്യാസപ്പെടുന്നു. കേരള സർക്കാരിന്റെ കീഴിൽ പ്രവർത്തിക്കുന്ന സെന്റർ ഫോർ വാട്ടർ റിസോഴ്‌സ് ഡെവലപ്മെന്റ് ആൻഡ് മാനേജ്‌മെന്റിന്റെ സാങ്കേതിക സഹായത്തോടെയാണ് ഹരിത കേരളമിഷൻ ജലബജറ്റ് തയാറാക്കുന്നത്.
തിരുവനന്തപുരം ജില്ലയിലെ കിളിമാനൂർ ബ്ലോക്കും അതിന്റെ കീഴിലുള്ള എട്ട് ഗ്രാമപഞ്ചായത്തുകളുമാണ് ജില്ലയിൽ ആദ്യമായി ജലബജറ്റ് തയാറാക്കിയത്. തുടർന്ന് ചിറയിൻകീഴ്, വാമനപുരം ബ്ലോക്കുകളും ബന്ധപ്പെട്ട പഞ്ചായത്തുകളും ജലബജറ്റ് നടപടികൾ പൂർത്തിയാക്കുകയാണ്. ജില്ലയിലെ 11 ബ്ലോക്കുകളിൽ ക്രിട്ടിക്കൽ, സെമിക്രിട്ടിക്കൽ വിഭാഗത്തിന്റെ എണ്ണം അഞ്ചിൽ നിന്ന് ആറായി ഉയർന്ന സാഹചര്യത്തിലാണ് എല്ലാ ബ്ലോക്കുകളുടെയും ജലബജറ്റ് തയാറാക്കുന്നത്. നെടുമങ്ങാട്, പാറശാല, അതിയന്നൂർ, പോത്തൻകോട്, ചിറയിൻകീഴ് എന്നീ ബ്ലോക്കുകൾക്ക് പിന്നാലെ വർക്കല ബ്ലോക്കാണ് ഇപ്പോൾ സെമിക്രിട്ടിക്കൽ വിഭാഗത്തിലേക്ക് മാറിയിരിക്കുന്നത്.
സ്ഥലകാല ലഭ്യതക്കനുസരിച്ച് സ്‌പേഷ്യൽ പ്ലാനിംഗിലൂടെ യോജിച്ച ജലസംരക്ഷണ പ്രവർത്തനങ്ങൾ ഏറ്റെടുത്ത് കൊണ്ട് ഭാവിയിലേക്ക് ജലസുരക്ഷ ഉറപ്പാക്കുന്ന കരുതൽ പ്രവർത്തനങ്ങളാണ് ഹരിതകേരളം മിഷനും തദ്ദേശഭരണ സ്ഥാപനങ്ങളും ചേർന്ന് ഒരുക്കുന്നത്.