കാർഷിക സർവകലാശാലയുടെ വിള പരിപാലന ശുപാർശകൾ 2024’ ൻറെയും കോൾ നിലങ്ങളുടെ അറ്റ്ലസിന്റെയും പ്രകാശനം കൃഷിമന്ത്രി നിർവഹിച്ചു

കേരള കാർഷിക സർവകലാശാല തയ്യാറാക്കിയ മലയാളത്തിലുള്ള ‘വിള പരിപാലന ശുപാർശകൾ 2024’ ൻറെയും കോൾ നിലങ്ങളുടെ അറ്റ്ലസിന്റെയും പ്രകാശനം കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് മന്ത്രി ശ്രീ.പി പ്രസാദ് നിർവഹിച്ചു. സെക്രട്ടേറിയറ്റ് അനെക്സ് 2 വിലെ ലയം ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പ്രമുഖ കർഷകനായ ശ്രീ.സുജിത്തും കൃഷി വകുപ്പ് ഡയറക്ടർ ശ്രീമതി. അദീല അബ്ദുള്ള ഐ.എ.എസ് ഉം മന്ത്രിയിൽ നിന്നും പുസ്തങ്ങൾ ഏറ്റുവാങ്ങി. കാർഷിക സർവ്വകലാശാല രജിസ്ട്രാർ ഡോ. സക്കീർ ഹുസ്സൈൻ, വിജ്ഞാന വ്യാപന വിഭാഗം മേധാവി ഡോ.ജേക്കബ് ജോൺ, ഡീൻ ഓഫ് ഫാക്കൽറ്റി ഡോ.റോയ് സ്റ്റീഫൻ, ഡോ.ശ്രീദയ ജി.എസ്, ഡോ.അനിത് കെ.എൻ,ഡോ.സുലജ ഓ.ആർ, ഡോ.ബിനു കെ ബോണി തുടങ്ങിവരും കാർഷിക സർവ്വകലാശാലയിലെയും കൃഷി വകുപ്പിലെയും ഉന്നത ഉദ്യോഗസ്ഥരും ചടങ്ങിൽ പങ്കെടുത്തു.

കേരളത്തിൻറെ വൈവിധ്യമാർന്ന കാർഷിക പാരിസ്ഥിതിക മേഖലകളിലെ കാർഷിക വിളകളിൽ അനുവർത്തിക്കേണ്ട പരിപാലനമുറകളെക്കുറിച്ച് കേരള കാർഷിക സർവകലാശാല പുറത്തിറക്കിയ പാക്കേജ് ഓഫ് പ്രാക്ടീസസ്- ക്രോപ്സ് – 2024 എന്ന പുസ്തകത്തിൻറെ മലയാള പരിഭാഷയാണ് ‘വിള പരിപാലനശുപാർശകൾ 2024’.അത്യുൽപാദനശേഷിയുള്ള വിള ഇനങ്ങളെ കുറിച്ചും സുസ്ഥിര വിള പരിപാലന മുറകളെ കുറിച്ചും മാലിന്യ സംസ്കരണത്തെക്കുറിച്ചും കാർഷിക യന്ത്രവൽക്കരണത്തെക്കുറിച്ചും നൂതനമായ കാഴ്ചപ്പാടുകൾ ഈ പുസ്തകം വിശദീകരിക്കുന്നു. 2017 ഇൽ ഇറങ്ങിയ ആദ്യ പുസ്തകത്തിൻറെ വിജയത്തെ ആധാരമാക്കി വികസിപ്പിച്ചെടുത്ത ഈ മൂന്നാമത്തെ പതിപ്പ് കാർഷിക മേഖലയിലെ ഏറ്റവും പുതിയ അറിവുകൾ പങ്കുവെക്കുന്നതാണ്. കേരളത്തിൽ കൃഷി ചെയ്യുന്ന പ്രധാന വിളകളുടെ മികച്ച ഇനങ്ങളെ കുറിച്ചും അതിന്റെ കൃഷി രീതികളും പ്രവർധന മാര്ഗങ്ങളും വളപ്രയോഗവും കീട രോഗ നിയന്ത്രണോപാധികളും വിശദീകരിക്കുന്നതാണ് ഈ പുസ്തകം . 49 പുതിയ ഇനങ്ങളും 150 പുതിയ ശുപാർശകളും ഈ പതിപ്പിൽ ചേർത്തിട്ടുണ്ട്.

സമാനതകൾ ഇല്ലാത്തതും ഏറെ പ്രത്യേകതകൾ നിറഞ്ഞതുമായ കോൾ നിലങ്ങളെ കുറിച്ചുള്ള വിശാലമായ ഒരു പര്യവേഷണത്തിന്റെ ഫലമാണ് രണ്ട് ഭാഗങ്ങൾ ഉള്ള കോൾ നിലങ്ങളുടെ ചിത്രാവലി. ജലസേചന പദ്ധതികൾ, കനാൽ സംവിധാനങ്ങൾ, കാർഷിക രീതികൾ, കോൾ നിലങ്ങളിലെ കർഷകർ നേരിടുന്ന പ്രശ്നങ്ങൾ എന്നിവയെ കുറിച്ചുള്ള അടിസ്ഥാനപരമായ ധാരണകൾ നൽകുന്നതാണ് ഒന്നാമത്തെ ഭാഗം. ജിഐഎസ് ഉപയോഗിച്ച് തയ്യാറാക്കിയ ഭൂപടങ്ങളുടെ ഒരു ശേഖരമാണ് രണ്ടാം ഭാഗം. ബ്ലോക്ക് തലത്തിലും പഞ്ചായത്ത് തലത്തിലും പാടശേഖര അടിസ്ഥാനത്തിലും ഒക്കെയുള്ള കോൾനിലങ്ങളുടെ വിശദമായ ഒരു ചിത്രീകരണമാണ് ഇതിൽ ഉള്ളത്.

error: Content is protected !!