- കേന്ദ്ര വന്യജീവി സംരക്ഷണ നിയമത്തില്‍ ചില ഭേദഗതികള്‍ വരുത്തും.
- ശബരിമല, മലയാറ്റൂര്‍ തീര്‍ത്ഥാടന കേന്ദ്രങ്ങളുടെ സംരക്ഷണത്തിന് പദ്ധതി
- ജനവാസ മേഖല ഒഴിവാക്കികൊണ്ടുള്ള ESZ വിജ്ഞാപനം ഉടന്‍ പ്രസിദ്ധീകരിക്കും
സംസ്ഥാനത്ത് വനം വകുപ്പുമായി ബന്ധപ്പെട്ട വിവിധ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം ആവശ്യപ്പെട്ടുകൊണ്ട് വനം മന്ത്രി എ.കെ.ശശീന്ദ്രന്‍ കേന്ദ്ര വനം -പരിസ്ഥിതി വകുപ്പുമന്ത്രി ഭൂപേന്ദര്‍ യാദവിന് നിവേദനം സമര്‍പ്പിച്ചു.
പ്രധാനമായും ഏഴ് വിഷയങ്ങള്‍ ഉന്നയിച്ചാണ് നിവേദനം നല്‍കിയത്. ഇതില്‍ 1972-ലെ കേന്ദ്ര വന്യജീവി സംരക്ഷണ നിയമം കാലാനുസൃതമായി ഭേദഗതി ചെയ്യണമെന്നതും ഈ ആവശ്യം ഉന്നയിച്ചുകൊണ്ട് സംസ്ഥാന നിയമസഭ പ്രമേയം പാസാക്കിയ കാര്യവും കേന്ദ്രമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തുകയുണ്ടായി. ഈ വിഷയത്തില്‍ 2022-ലെ ദേദഗതി നിയമപ്രകാരം കേന്ദ്ര നിയമത്തിന്റെ പട്ടിക ഒന്നില്‍ പെടുത്തിയ കുരങ്ങ് വര്‍ഗ്ഗങ്ങളെ പട്ടിക രണ്ടിലേക്ക് മാറ്റുന്ന കാര്യം പരിഗണിക്കാമെന്ന് കേന്ദ്രമന്ത്രി അഭിപ്രായപ്പെട്ടു. അങ്ങനെ ഭേദഗതി ചെയ്യുന്ന പക്ഷം വിവിധ ഇനം കുരങ്ങുകളുടെ ശല്യം ഒഴിവാക്കത്തക്ക രീതിയിലുള്ള നിയന്ത്രണമാര്‍ഗ്ഗങ്ങള്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് സ്വീകരിക്കാന്‍ സാധിക്കുന്നതാണ്. നിവേദനത്തില്‍ ആവശ്യപ്പെട്ട മറ്റ് ഭേദഗതികളും പരിശോധിക്കുന്നതാണ്. കടുവ, ആന തുടങ്ങിയ വന്യജീവികളെ പിടികൂടുന്നതിനും വന്യജീവി സംഘര്‍ഷം ലഘൂകരിക്കുന്നതിനും പെട്ടന്ന് നടപടികള്‍ സ്വീകരിക്കുന്നതിന് തടസ്സങ്ങളായിട്ടുള്ളതും കേന്ദ്രസര്‍ക്കാര്‍ പുറപ്പെടുവിച്ചതുമായ സ്റ്റാന്റേര്‍ഡ് ഓപ്പറേറ്റിംഗ് പ്രോസിജിയറും അഡ്വൈസറിയും ഭേദഗതി ചെയ്യുന്നതിനും നിവേദനത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കാനുള്ള ആവശ്യം ഇത്തവണയും നിവേദനത്തിൽ ആവർത്തിച്ചിട്ടുണ്ട്.
മനുഷ്യ-വന്യജീവി സംഘര്‍ഷം ലഘൂകരിക്കുന്നതിനായി പ്രത്യേക ധനസഹായം ആവശ്യപ്പെടുകയും മരണം, കൃഷിനാശം എന്നിവയ്ക്ക് നഷ്ടപരിഹാരം നല്‍കുന്നതിനുള്ള തുകയില്‍ ഒരു വിഹിതമെങ്കിലും കേന്ദ്രസര്‍ക്കാര്‍ വഹിക്കണമെന്നും നിവേദനത്തില്‍ ആവശ്യപ്പെട്ടു. ഈ ഇനത്തില്‍ 10 കോടി രൂപയാണ് ആവശ്യപ്പെട്ടിട്ടുള്ളത്. 620 കോടിയുടെ പ്രത്യേക പദ്ധതി സമര്‍പ്പിച്ചെങ്കിലും അത് മറ്റ് പ്രോജക്റ്റുകളുടെ കൂടെ പരിഗണിക്കാമെന്നാണ് അറിയിച്ചത്.
വന്യജീവി സങ്കേതങ്ങളുടെയും ദേശീയോദ്യാനങ്ങളുടെയും ചുറ്റുപാടും ഇക്കോ സെന്‍സിറ്റീവ് സോണ്‍ (ESZ) നിര്‍ബന്ധമാണെന്ന സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ ജനവാസ മേഖല പൂര്‍ണ്ണമായും ഒഴിവാക്കികൊണ്ട് സംസ്ഥാനം സമര്‍പ്പിച്ച നിര്‍ദ്ദേശങ്ങളില്‍ ആവശ്യമായ വിജ്ഞാപനങ്ങള്‍ എത്രയും വേഗത്തില്‍ പുറപ്പെടുവിക്കാമെന്ന് കേന്ദ്രമന്ത്രി അറിയിച്ചു.
ഗ്രീന്‍ ഇന്ത്യാ മിഷന്‍, സ്‌കൂള്‍ നഴ്‌സറി യോജന, കാട്ടുതീ തടയുന്നതിനും കൈകാര്യം ചെയ്യുന്നതിനും, കണ്ടല്‍കാടുകളുടെ സരംക്ഷണം എന്നിവയ്ക്കും ഫണ്ട് അനുവദിക്കുമെന്ന് കേന്ദ്രമന്ത്രി അറിയിച്ചു.
ശബരിമല, മലയാറ്റൂര്‍ തുടങ്ങിയ തീര്‍ത്ഥാടന കേന്ദ്രങ്ങളുടെ സംരക്ഷണത്തിനും പരിസ്ഥിതി സൗഹാര്‍ദ്ദപരമായ തീര്‍ത്ഥാടനം ഉറപ്പുവരുത്തുന്നതിനും ദേശീയ CAMPA ഫണ്ടില്‍ നിന്നും 10 കോടി അനുവദിക്കണമെന്നും നിവേദനത്തില്‍ ഉന്നയിച്ചു. ഇക്കാര്യം പരിഗണിക്കാമെന്ന് കേന്ദ്രമന്ത്രി അറിയിച്ചു.
01.01.1977-ന് മുന്‍പ് കുടിയേറിയ കര്‍ഷകരുടെ ഭൂമി അവര്‍ക്ക് പതിച്ചു നല്‍കി ആയത് ക്രമപ്പെടുത്തണമെന്ന ആവശ്യത്തില്‍ കൂടുതല്‍ തെളിവുകള്‍ നല്‍കണമെന്ന് കേന്ദ്രമന്ത്രി ആവശ്യപ്പെട്ടു.
കൂടിക്കാഴ്ച്ചയില്‍ സംസ്ഥാനത്തിന്റെ ആവശ്യങ്ങള്‍ വളരെ അനുഭാവപൂര്‍വ്വം പരിഗണിക്കാമെന്ന് കേന്ദ്രമന്ത്രി അറിയിച്ചതായി വനം മന്ത്രി എ.കെ.ശശീന്ദ്രന്‍ അറിയിച്ചു.
സംസ്ഥാന വനംമന്ത്രിയും നിയമസഭയിലെ വനം -പരിസ്ഥിതി – ടൂറിസം സബ്ജക്റ്റ് കമ്മിറ്റി അധ്യക്ഷനുമായ എ.കെ.ശശീന്ദ്രനൊപ്പം സമിതി അംഗങ്ങളായ എം.എല്‍.എമാരായ സി.കെ.ഹരീന്ദ്രന്‍, സണ്ണി ജോസഫ്, പി.എസ്. സുപാല്‍, എല്‍ദോസ് പി. കുന്നപ്പള്ളില്‍, നജീബ് കാന്തപുരം എന്നിവരും ഡീന്‍ കുര്യാക്കോസ് എം.പി, ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ പ്രമോദ് ജി കൃഷ്ണന്‍ തുടങ്ങിയവരും ഉണ്ടായിരുന്നു.