പരമ്പരാഗത മേഖലയിലെ തൊഴിലുകളിൽ ഏർപ്പെട്ടിരിക്കുന്നവർക്കുള്ള സാമ്പത്തിക സഹായ പദ്ധതി പ്രകാരം കയർ വികസന ഡയറക്ടറേറ്റിനും കേരള ഖാദി ഗ്രാമ വ്യവസായ ബോർഡിനും 24 കോടി 83 ലക്ഷം രൂപ അനുവദിച്ചു: മന്ത്രി വി ശിവൻകുട്ടി.
പരമ്പരാഗത മേഖലയിലെ തൊഴിലുകളിൽ ഏർപ്പെട്ടിരിക്കുന്നവർക്കുള്ള സാമ്പത്തിക സഹായ പദ്ധതി (ഇൻകം സപ്പോർട്ട് സ്കീം) പ്രകാരം കയർ വികസന ഡയറക്ടറേറ്റിനും കേരള ഖാദി ഗ്രാമ വ്യവസായ ബോർഡിനും 24 കോടി 83 ലക്ഷം രൂപ അനുവദിച്ചതായി പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി അറിയിച്ചു.
“ഇൻകം സപ്പോർട്ട് പദ്ധതി” പ്രകാരം ആദ്യ ഗഡുവായി അനുവദിച്ച തുക പൂർണ്ണമായും ചെലവഴിച്ച് വിനിയോഗ സാക്ഷ്യപത്രം ലഭ്യമാക്കിയിട്ടുള്ള കേരള ഖാദി ഗ്രാമ വ്യവസായ ബോർഡ്, കയർ വികസന ഡയറക്ടറേറ്റ് എന്നിവയ്ക്ക്, ലേബർ കമ്മീഷണർ തയ്യാറാക്കിയ പട്ടികയിലുള്ള തൊഴിലാളികൾക്ക് ആനുകൂല്യം നൽകണമെന്ന് നിർദേശം നൽകിയിട്ടുണ്ട്.
പ്രസ്തുത തുക പൂർണ്ണമായും വിനിയോഗിച്ച ശേഷം തുകയുടെ വിനിയോഗ കാലയളവ് രേഖപ്പെടുത്തിയ വിശദമായ വിനിയോഗ സാക്ഷ്യപത്രം സമർപ്പിക്കേണ്ടതാണെന്നും സർക്കാർ പുറത്തിറങ്ങിയ ഉത്തരവിൽ പറയുന്നു.
കേരള ഖാദി ഗ്രാമ വ്യവസായ ബോർഡിന് 17,50,00,000 രൂപയും കയർ വികസന ഡയറക്ടറേറ്റിന് 7,33,84,937 രൂപയുമാണ് അനുവദിച്ചിരിക്കുന്നത്. പാവപ്പെട്ട തൊഴിലാളികൾക്ക് തുക അനുവദിക്കാൻ മുൻകൈ എടുത്ത മുഖ്യമന്ത്രിയ്ക്കും ധനകാര്യ മന്ത്രിയ്ക്കും മന്ത്രി വി ശിവൻകുട്ടി നന്ദി അറിയിച്ചു.