കഴിഞ്ഞ എട്ടര വര്‍ഷത്തിനിടയില്‍ വിദ്യാഭ്യാസ സംവിധാനത്തിന്റെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനായി കിഫ്ബി വഴി 1,427 കോടി രൂപ നിക്ഷേപിച്ചിട്ടുണ്ടെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി. അരുവിക്കര മണ്ഡലത്തിലെ കടുക്കാക്കുന്ന്, പനയ്ക്കോട്, കുളപ്പട സ്കൂളുകളിലെ പുതിയ ബഹുനില മന്ദിരങ്ങളുടെ ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഈ നിക്ഷേപം കുഞ്ഞുങ്ങള്‍ക്ക് സുരക്ഷിതവും പ്രചോദനാത്മകവുമായ പഠനാന്തരീക്ഷങ്ങള്‍ ലഭ്യമാക്കുന്നതിനാണ് ഉപയോഗിക്കുന്നത്. 5 കോടി വിലമതിക്കുന്ന 141 സ്കൂള്‍ കെട്ടിടങ്ങള്‍ അനുവദിച്ചതില്‍ 139 എണ്ണം പൂര്‍ത്തിയായി. 3 കോടിയുടെ 386 സ്കൂള്‍ കെട്ടിടങ്ങള്‍ അനുവദിച്ചതില്‍ 179 കെട്ടിടങ്ങളും ഒരു കോടിയുടെ 446 സ്കൂള്‍ കെട്ടിടങ്ങള്‍ അനുവദിച്ചതില്‍ 195 എണ്ണവും ഇതിനകം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞു.
ആകെ 973 സ്കൂള്‍ കെട്ടിടങ്ങള്‍ അനുവദിച്ചതില്‍ 513 എണ്ണം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞത് വലിയ വിജയമാണ്. ഓരോ കുട്ടിക്കും അവരുടെ സ്വപ്നങ്ങള്‍ പിന്തുടരാനുള്ള അവസരം ലഭിക്കണം എന്നതാണ് നമ്മുടെ സര്‍ക്കാരിന്റെ ലക്ഷ്യമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
പൊതുവിദ്യാഭ്യാസ വകുപ്പിന്റെ 2021-22 വര്‍ഷത്തെ പ്ലാന്‍ ഫണ്ടില്‍ നിന്നും 1.20 കോടിരൂപ ചെലവഴിച്ചാണ് തൊളിക്കോട് ഗ്രാമപഞ്ചായത്തിലെ കടുക്കാക്കുന്ന് ഗവ.എല്‍.പി സ്കൂളില്‍ ഇരുനില കെട്ടിടം നിര്‍മ്മിച്ചത്.
നവതിയുടെ നിറവിലേക്ക് കടക്കുന്ന പനയ്ക്കോട് വി.കെ കാണി ഗവ.ഹൈസ്കൂളില്‍ നിര്‍മ്മിച്ച ബഹുനില മന്ദിരത്തിന് കിഫ്ബി ഫണ്ടില്‍ നിന്ന് ഒരു കോടി 30 ലക്ഷം രൂപയാണ് അനുവദിച്ചത്. കിലയുടെ മേല്‍നോട്ടത്തിലാണ് കെട്ടിടത്തിന്റെ പണി പൂര്‍ത്തിയാക്കിയത്. തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് 5 ലക്ഷം രൂപ വിനിയോഗിച്ച് നിര്‍മ്മിച്ച ഇ-ലൈബ്രറിയുടെ ഉദ്ഘാടനവും തദവസരത്തില്‍ നടന്നു.
പൊതുവിദ്യാഭ്യാസ വകുപ്പിന്റെ 2022-23 വര്‍ഷത്തിലെ പ്ലാന്‍ ഫണ്ടില്‍ നിന്നും ഒരു കോടി രൂപയും എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്ന് 20 ലക്ഷം രൂപയും ചെലവഴിച്ചാണ് കുളപ്പട ഗവ.എല്‍.പി സ്കൂളില്‍ പുതിയ ബഹുനില മന്ദിരം നിര്‍മ്മിച്ചത്.
മൂന്ന് വിദ്യാലയങ്ങളുടേയും അങ്കണങ്ങളില്‍ സംഘടിപ്പിച്ച പരിപാടികളില്‍ ജി.സ്റ്റീഫന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. തൊളിക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.ജെ സുരേഷ്, ഉഴമലയ്ക്കല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജെ.ലളിത, എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ വി.ആര് ഗിരീഷ്, കില റീജിയണല്‍ മാനേജര്‍ ഹൈറുന്നീസ.എ, ജില്ലാ പഞ്ചായത്ത്, ഗ്രാമപഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്പേഴ്സണ്മാർ, അംഗങ്ങള്‍, സ്കൂള്‍ അധികൃതർ, പിടിഎ ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.