ചേർത്തുപിടിച്ച സർക്കാരിന് സ്നേഹ സമ്മാനവുമായി ആർദ്ര എത്തി സംസ്ഥാന സർക്കാരിന്റെ നാലാം വാർഷികത്തിന്റെ ഭാഗമായി നടന്ന മുഖ്യമന്ത്രിയുടെ ജില്ലാ തല യോഗത്തിൽ. ഇരിങ്ങാലക്കുട സ്വദേശിയായ പുല്ലരിക്കൽ വീട്ടിൽ വിനോദിന്റെ മകൾ ആർദ്രയ്ക്ക് ഇത് സ്വപ്നസാക്ഷാത്കാര്യം മാത്രമല്ല തന്റെ അച്ഛന്റെ ചികിത്സയ്ക്കായി കൂടെ നിന്ന സർക്കാരിനുള്ള നന്ദി കൂടിയാണ്. ആദ്യമായി മുഖ്യമന്ത്രിയെ നേരിൽ കാണാനും ചിത്രം വരച്ചു നൽകാനും കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് ആർദ്ര. തൃശൂർ കാസിനോ ഹോട്ടലിൽ നടത്തിയ ജില്ലാതല യോഗത്തിലെ പ്രത്യേക ക്ഷണിതാക്കളായിരുന്നു ആർദ്രയും കുടുംബവും.
മുഖ്യമന്ത്രിയെ നേരിൽ കാണാനും നന്ദി അറിയിക്കാനുമാണ് അവർ എത്തിയത്.
2023 ലാണ് ആർദ്രയുടെ അച്ഛൻ വിനോദിന് കരൾ മാറ്റിവെയ്ക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയമാവേണ്ടി വന്നത്. വർക്ക്ഷോപ്പ് നടത്തി ജീവിതത്തിന്റെ രണ്ട് അറ്റം കൂട്ടിമുട്ടിക്കാൻ കഷ്ടപ്പെടുന്ന വിനോദിന് ചികിത്സാ ചിലവ് ഏറെ ഭാരമായിരുന്നു. തന്റെ വിഷമം മനസ്സിലാക്കി ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ.ആർ. ബിന്ദുവിന്റെ ഇടപെടലിൽ കേരള സാമൂഹ്യ സുരക്ഷാ മിഷനിൽ നിന്ന് 15 ലക്ഷം രൂപ നൽകി ശസ്ത്രക്രിയ വിജയകരമായി പൂർത്തീകരിച്ചു. സാമൂഹ്യനീതി വകുപ്പ്-കേരള സാമൂഹ്യ സുരക്ഷാ മിഷന്റെ വി-കെയർ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ശസ്ത്രക്രിയയ്ക്ക് തുക നൽകിയത്. സ്വന്തം വീട്ടിലെ അംഗത്തെ പോലെ കണ്ട് ചികിത്സയ്ക്ക് പൂർണ പിന്തുണയാണ് ഇരിങ്ങാലക്കുട എം. എൽ.എയും ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രികൂടിയായ ഡോ.ആർ.ബിന്ദു നൽകിയത് എന്ന് കുടുംബം അനുസ്മരിച്ചു.
അച്ഛനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാൻ സഹായിച്ച സർക്കാരിനോടുള്ള നന്ദി സൂചകമാണ് ഈ ചിത്രം.