ബാലാവകാശ കമ്മിഷന്റെ സ്കൂൾ കൗൺസിലർമാർക്കുള്ള
ദ്വിദിന പരിശീലനം ആരംഭിച്ചു

തിരുവനന്തപുരം. സംസ്ഥാന ബാലാവകാശ കമ്മിഷന്റെ ആഭിമുഖ്യത്തിൽ സ്കൂൾ കൗൺസിലർമാർക്കുള്ള ദ്വിദിന പരിശീലന പരിപാടി തമ്പാനൂർ ശിക്ഷക് സദനിൽ ആരംഭിച്ചു. കുട്ടികളുടെ മാനസികാരോഗ്യ പ്രശ്നങ്ങളിൽ കൂടുതൽ ബോധപൂർവമായ ഇടപെടലുകൾ നടത്തുകയാണ് പരിപാടിയുടെ പ്രധാന ലക്ഷ്യമെന്ന് പരിശീലന പരിപാട് ഉദ്ഘാടനം ചെയ്ത് ചെയർപേഴ്സൺ കെ.വി. മനോജ് കുമാർ അഭിപ്രായപ്പെട്ടു. വിദ്യാഭ്യാസവും സാമൂഹിക വികസനവും മുന്നിൻനിർത്തി കുട്ടികൾക്ക് സന്തോഷം നൽകുന്ന മികച്ച ഇടങ്ങൾ സൃഷ്ടിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. വിദ്യാലയങ്ങൾ സമഗ്ര മാനസികാരോഗ്യത്തിനുള്ള ഇടങ്ങളായി മാറണം. കൗൺസില ർമാർ കുട്ടികളുടെ സുഹൃത്തായി പ്രവർത്തിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷൻ അംഗം കെ.കെ. ഷാജു അധ്യക്ഷത വഹിച്ച ചടങ്ങിൽ, കമ്മീഷൻ അംഗം ബി. മോഹൻകുമാർ സ്വാഗതമാശംസിച്ചു. സെക്രട്ടറി എച്ച്. നജീബ് നന്ദി അറിയിച്ചു. കമ്മിഷൻ അംഗങ്ങളായ എൻ. സുനന്ദ, ജലജമോൾ റ്റി.സി, സിസിലി ജോസഫ്, ഡോ. എഫ്. വിൽസൺ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. സാമൂഹ്യനീതി വകുപ്പ് അസിസ്റ്റന്റ് ഡയറക്ടർ ഷീബ മുംതാസ് വിദ്യാർത്ഥി കേന്ദ്രീകൃത കൗൺസിലിംഗ് സമീപനവും പ്രായോഗിക വെല്ലുവിളികളും എന്ന വിഷയം അവതരിപ്പിച്ചു. കൊല്ലം മെഡിക്കൽ കോളേജിലെ സൈക്യാട്രി വിഭാഗം പ്രൊഫസർ ഡോ.മോഹൻ റോയ് കുട്ടികളിലെ വൈകാരിക പെരുമാറ്റ വെല്ലുവിളികൾ സംബന്ധിച്ച് ക്ലാസ് എടുത്തു. തുടർന്ന് കേരളത്തിലെ സമകാലീന സാമൂഹിക പശ്ചാത്തലത്തിൽ കുട്ടികളുടെ വിവിധ വിഷയങ്ങളിൽ ഗ്രുപ്പ് ചർച്ച സംഘടിപ്പിച്ചു.

ഒരു ജില്ലയിൽ നിന്നും 10 വീതം സ്കൂൾ കൗൺസിലർ മാരെ തിരഞ്ഞെടുത്ത് മൊത്തം 140 പേർക്കാണ് പരിശീലനം നൽകുന്നത്. കുട്ടികൾ നേരിടുന്ന വൈവിധ്യങ്ങളായ  വിഷയങ്ങളെ സമഗ്രമായ രീതിയിൽ അപഗ്രഹിക്കുവാനും  അവരുടെ മാനസികാരോഗ്യ ത്തെയും സമഗ്ര വികസനത്തെയും  ബാധിക്കുന്ന പ്രധാന ഘടകങ്ങൾ  തിരിച്ചറിയു ന്നതിനും കമ്മിഷൻ ഒരു   ഗവേഷണ  പദ്ധതി ആവിഷ്കരിച്ചിട്ടുണ്ട്.  പ്രാധമിക പഠനമാകും ആദ്യം നടത്തുക. കുട്ടികളുടെ മാനസികാരോഗ്യം,  വൈകാരിക വളർച്ച പഠനസമ്മർദ്ദം സുഹൃത്തുക്കളുമായുള്ള  ബന്ധങ്ങൾ, പെരുമാറ്റ രീതികൾ തുടങ്ങിയവ സംബന്ധിച്ച വിവരങ്ങളും വീക്ഷണങ്ങളും  8, 9, 10 ക്ലാസ്സുകളിലെ കുട്ടികളിൽനിന്നും അവരുടെ മാതാപിതാക്കളിൽനിന്നും അധ്യാപകരിൽ നിന്നും കൗൺസിലർമാർ മുഖേന ശേഖരിക്കുന്നതിന്റെ മുന്നോടിയാണ്  പരിശീലന പരിപാടി. പരിശീലനം നാളെ (ജൂലൈ 17 ന്) സമാപിക്കും.

error: Content is protected !!