വിഴിഞ്ഞം: മുക്കോലയില്‍ നിയന്ത്രണംവിട്ട കാര്‍ ഇടിച്ച് റോഡില്‍ തെറിച്ചുവീണ ബൈക്ക് യാത്രികന്‍ മരിച്ചു. മറ്റൊരു സ്‌കൂട്ടര്‍ യാത്രക്കാരന്‍ ഗുരുതര പരിക്കേറ്റ് ചികിത്സയിലാണ്. കാഞ്ഞിരംകുളം മുളനിന്ന പൊട്ടക്കുളം വീട്ടില്‍ മാധവന്റെയും ജയയുടെയും മകന്‍ എം.ജെ. രതീഷ് കുമാര്‍ (40) ആണ് അപകടത്തില്‍ മരിച്ചത്. വ്യാഴാഴ്ച വൈകീട്ട് 3.15-ഓടെ തിരുവനന്തപുരം കഴക്കൂട്ടം-കാരോട് ദേശീയപാതയിലെ മുക്കോല റൂട്ടിലാണ് അപകടം നടന്നത്.
മറ്റൊരു സ്‌കൂട്ടറില്‍ യാത്രചെയ്യുകയായിരുന്ന ചൊവ്വര സ്വദേശി മണിപ്രദീപിനാണ് ഗുരുതരമായി പരിക്കേറ്റത്. കോവളം ഭാഗത്തുനിന്ന് കാഞ്ഞിരംകുളം ഭാഗത്തേക്കായിരുന്നു അപകടത്തില്‍ മരിച്ച രതീഷ് തന്റെ ബൈക്കില്‍ യാത്ര ചെയ്തിരുന്നത്. ഇതേദിശയില്‍ തന്നെയായിരുന്നു മണിപ്രദീപും സ്‌കൂട്ടറില്‍ പോയത്. ഇരുവരും സഞ്ചരിച്ച അതേപാതയിലൂടെ തമിഴ്‌നാട്ടിലേക്ക് പോകുകയായിരുന്ന കാറാണ് ഇവരുടെ വാഹനങ്ങളിലേക്ക് ഇടിച്ചുകയറിയത്. ഇടിയുടെ ആഘാതത്തില്‍ ബൈക്കില്‍നിന്ന് തെറിച്ചുവീണ രതീഷിന് തലയ്ക്കും ശരീരത്തിനും ഗുരുതരമായി പരിക്കേറ്റു. മണിപ്രദീപിന്റെ സ്‌കൂട്ടറും കാറും ഒന്നാകെ വഴിയരികിലെ ഓടയില്‍ പതിച്ചു. കാര്‍ റോഡിന്റെ വശത്തുള്ള ഓടക്കുളളില്‍ അകപ്പെട്ട നിലയിലായി. കാര്‍ സഞ്ചരിച്ചിരുന്ന അതേ ദിശയിലൂടെ പോവുകയായിരുന്ന ഇരുചക്രവാഹനങ്ങളെ പിന്നില്‍നിന്ന് ഇടിച്ചിടുകയായിരുന്നു.
സ്റ്റില്‍ ഫോട്ടോഗ്രാഫറായിരുന്നു രതീഷ് കുമാര്‍. തിരുവനന്തപുരത്ത് നടന്ന ഒരു പരിപാടിയുടെ ഫോട്ടോകള്‍ എടുത്തശേഷം വീട്ടിലേക്ക് മടങ്ങുകയായിരുന്നു. സംഭവമറിഞ്ഞ് വിഴിഞ്ഞം പോലീസെത്തി 108 ആംബുലന്‍സില്‍ രതീഷിനെ വിഴിഞ്ഞം ആശുപത്രിയിലെത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. അവിവാഹിതനാണ്. മൃതദേഹം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി. വിഴിഞ്ഞം പോലീസ് കേസെടുത്തു.
