
പത്തനംതിട്ട :ശബരിമല സ്വർണക്കൊള്ളയിലെ അന്വേഷണം ഹൈദരാബാദുകാരൻ നാഗേഷിലേക്ക്. സ്വർണം അടിച്ചു മാറ്റിയതിൽ ഉണ്ണിക്കൃഷ്ണൻ പോറ്റിയുടെ പ്രധാന സഹായി നാഗേഷെന്ന നിർണായക വിവരമാണ് പ്രത്യേക സംഘത്തിന് ലഭിച്ചത്. ശബരിമലയിലെ യഥാർത്ഥ ദ്വാരപാലക ശിൽപപാളികൾ ഇയാൾ കൈക്കലാക്കുകയൊ വിൽക്കുകയോ ചെയ്തിരിക്കാമെന്നും സംശയിക്കുന്നു. സന്നിധാനത്ത് നിന്ന് കൊണ്ടു പോയ സ്വർണപ്പാളികൾ ഏറെ ദിവസം സൂക്ഷിച്ചത് ഹൈദരാബാദിലെ നാഗേഷിന്റെ സ്ഥാപനത്തിലാണ്. സ്വർണം പൂശാനായി ചെന്നൈയിലെത്തിച്ചതും നാഗേഷാണ്. ഇതിനിടയിലാണ് ശിൽപ്പ പാളികളുടെ ഭാരത്തിൽ നാലരകിലോയുടെ വ്യത്യാസമുണ്ടായത്. അതിനാൽ യഥാർത്ഥ പാളി മാറ്റിയ ശേഷം ഡ്യൂപ്ലിക്കേറ്റ് പാളിയാണ് ചെന്നൈയിലെത്തിച്ചതെന്നും കരുതുന്നു. ഇതോടെയാണ് നാഗേഷിനെ കണ്ടെത്താൻ അന്വേഷണം തുടങ്ങിയത്.
അതേസമയം, ശബരിമലയിലെ ദ്വാരപാലക ശില്പ പാളികളിൽ നിന്ന് മാത്രം ഉണ്ണികൃഷ്ണൻ പോറ്റി അടിച്ചെടുത്തത് ഇരുന്നൂറ് പവനിലേറെ സ്വർണം എന്ന് പ്രത്യേക അന്വേഷണസംഘത്തിന്റെ പ്രാഥമിക നിഗമനം. ശില്പ പാളികളിൽ വിജയ് മല്യ സ്വർണ്ണം പൊതിഞ്ഞ് നൽകിയത് മുതൽ കഴിഞ്ഞമാസം ഉണ്ണികൃഷ്ണൻ പോറ്റി സ്വർണ്ണം പൂശി തിരികെ എത്തിച്ചപ്പോൾ വരെയുള്ള ഭാരം കണക്കിലെടുത്താണ് വൻ സ്വർണ്ണ കവർച്ചയുടെ കണക്കുകൾ എസ്.ഐ.ടി കണ്ടെത്തിയത്. 1999 ൽ സ്വർണ്ണം പൊതിഞ്ഞശേഷം 258 പവൻ സ്വർണ്ണം ഉണ്ടായിരുന്നെങ്കിൽ ശില്പ പാളികളിൽ ഇപ്പോൾ അവശേഷിക്കുന്നത് 36 പവൻ മാത്രമാണ്. അതായത് 222 പവൻ കുറഞ്ഞു. ഉണ്ണികൃഷ്ണൻ പോറ്റിയെ ഉടൻ ചോദ്യം ചെയ്യും.പ്രത്യേക അന്വേഷണസംഘത്തിന് നേതൃത്വം നൽകുന്ന എഡിജിപി എച്ച് വെങ്കിടേഷ് ഇന്നോ നാളെയോ സന്നിധാനത്ത് എത്തും.
2019ലും 2025 ലും ഉണ്ണികൃഷ്ണൻ പോറ്റി ചെന്നൈയിൽ എത്തിച്ചു സ്വർണ്ണം പൂശി തിരികെ കൊണ്ടുവന്നപ്പോഴാണ് ഇത്രയും സ്വർണം കുറഞ്ഞത്. ഇതിൽ സ്വാഭാവിക നഷ്ടമുണ്ടാകാമെങ്കിലും 200 പവനിൽ കൂടുതൽ കവർച്ച ചെയ്യപ്പെട്ടിരിക്കാമെന്ന് കരുതുന്നു. അതിനിടെ ദ്വാര പാലക ശിൽപ്പ പാളികളുടെ പരിശോധനയ്ക്കും ഭാരം രേഖപ്പെടുത്തിയ ദേവസ്വം രേഖകൾ പരിശോധിക്കുന്നതിനുമായി പ്രത്യേക അന്വേഷണസംഘത്തിന് നേതൃത്വം നൽകുന്ന എഡിജിപി എച്ച് വെങ്കിടേഷും ഇന്നോ നാളെയോ സന്നിധാനത്ത് എത്തും. എസ്പി ശശിധരന്റെ നേതൃത്വത്തിലുള്ള സംഘം സന്നിധാനത്ത് പരിശോധനകൾ തുടരുകയാണ്. സന്നിധാനത്ത് വെച്ച് എസ്ഐടിയുടെ വിപുലമായ യോഗം ചേർന്ന് തുടർ അന്വേഷണ രീതികളും തീരുമാനിക്കും.
