
തിരുവനന്തപുരം: ആഗോള കൈകഴുകൽ ദിനത്തിൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ശാസ്ത്രീയവും ഫലപ്രദവുമായ കൈകഴുകലിന്റെ പ്രാധാന്യത്തെക്കുറിച്ചും കൈകഴുകലിന്റെ ആറു ഘട്ടങ്ങളെക്കുറിച്ചും ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു.
മെഡിക്കൽ കോളേജ് ഒ പി വിഭാഗത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ ചികിത്സയ്ക്കെത്തിയ രോഗികൾക്കും കൂട്ടിരുപ്പുകാർക്കും കൈകഴുകലിൻ്റെ പ്രാധാന്യത്തെക്കുറിച്ച് മനസിലാക്കുന്നതിന് ബോധവത്കരണ ക്ലാസ് ഏറെ സഹായകമായി. മൈക്രോ ബയോളജി വിഭാഗം മേധാവി ഡോ എൻ സരിത, ഇൻഫെക്ഷ്യസ് ഡിസീസ് വിഭാഗം മേധാവി ഡോ ആർ അരവിന്ദ്, മൈക്രോബയോളജി വിഭാഗത്തിലെ ഡോ സത്യഭാമ, ഡോ സ്മിത പയസ്, ചീഫ് നഴ്സിങ് ഓഫീസർ ബീന ലാൽ, നഴ്സിംഗ് സൂപ്രണ്ട് അനിത എന്നിവർ സംസാരിച്ചു. കൈകഴുകലിന്റെ പ്രാധാന്യവും ശാസ്ത്രീയമായി കൈകഴുകുന്ന രീതിയും ഇൻഫെക്ഷൻ കൺട്രോൾ നഴ്സിംഗ് ഓഫീസർമാരായ പ്രിയ കൃഷ്ണൻ, ജയലക്ഷ്മി എന്നിവർ വിശദീകരിച്ചു.
ചിത്രം: ശാസ്ത്രീയമായ കൈകഴുകലിനെക്കുറിച്ച് രോഗികൾക്കും കൂട്ടിരിപ്പുകാർക്കുമായി സംഘടിപ്പിച്ച ബോധവത്കരണ ക്ലാസ്
