വിസ്മയങ്ങള്‍ വിരിയിച്ച് മാജിക് പ്ലാനറ്റില്‍ ദ ലെജന്റ് മിത്ത്‌സ് ആന്റ് മാജിക്കിന് അരങ്ങുണര്‍ന്നു

തിരുവനന്തപുരം:  വിസ്മയങ്ങളുടെ തോരാമഴ പെയ്യിച്ച് കഴക്കൂട്ടം മാജിക് പ്ലാനറ്റില്‍ ദ ലെജന്റ് മിത്ത്‌സ് ആന്റ് മാജിക് എന്ന സ്ഥിരം നാടകവേദിക്ക് അരങ്ങുണര്‍ന്നു.  ഐതിഹ്യമാലയിലെ കഥാപാത്രമായ മഹാമാന്ത്രികന്‍ കൈപ്പുഴത്തമ്പാന്‍ സ്വാതി തിരുനാളിനെ അത്ഭുതപ്പെടുത്തിയ ഇന്ദ്രജാല നിമിഷങ്ങളാണ് ദ ലെജന്റ് എന്ന നാടകാവിഷ്‌കാരത്തിലൂടെ അവതരിപ്പിക്കുന്നത്.  മോട്ടോര്‍ കാറും കൂറ്റന്‍ കപ്പലും ഭീമാകാരനായ ഗരുഡനുമൊക്കെ വേദിയില്‍ വന്നുമറയുന്ന ദൃശ്യവിരുന്നും ഇടിമിന്നലോടെ തമിര്‍ത്തുപെയ്യുന്ന മഴയുമൊക്കെ കാണികള്‍ അത്ഭുതത്തോടെയാണ് കണ്ടിരുന്നത്.   ഐതിഹ്യമാലയെക്കുറിച്ച് പഠിക്കാനെത്തിയ ഇംഗ്ലണ്ടുകാരി എമിലി നടത്തിയ ടൈം ട്രാവലറിലൂടെയാണ് സ്വാതി രാജസദസ്സും കൊട്ടാരവുമൊക്കെ പുനര്‍സൃഷ്ടിക്കപ്പെട്ടത്.  കൈപ്പുഴത്തമ്പാനും കൊട്ടാരത്തില്‍ ശങ്കുണ്ണിയും സ്വാതിതിരുനാളും ഒത്തുചേര്‍ന്നതോടെ പുതിയൊരു ദൃശ്യവിസ്മയത്തിന് തിരിതെളിയുകയായിരുന്നു.   
ദ ലെജന്റ് മിത്ത്സ് ആന്റ് മാജിക്കിന്റെ ആദ്യ പ്രദര്‍ശനം മന്ത്രി സജി ചെറിയാന്‍ ഉദ്ഘാടനം ചെയ്തു.  പുതിയ തലമുറയ്ക്ക് ഐതിഹ്യമാലയുടെ മഹത്വം മനസ്സിലാക്കാന്‍ ഈ കലാസൃഷ്ടിയിലൂടെ സാധിക്കുമെന്ന് ഉദ്ഘാടനത്തിനിടെ അദ്ദേഹം പറഞ്ഞു.  നാടക കലാകാരന്മാര്‍ക്ക് ആശ്വാസമേകാന്‍ സര്‍ക്കാര്‍ ഒരു സ്ഥിരം നാടകവേദി ഒരുക്കുന്നതിനുളള തയ്യാറെടുപ്പിലാണ്. ഐതിഹ്യമാലയ്ക്ക് മനോഹരമായൊരു സ്ഥിരംവേദി സൃഷ്ടിച്ച മുതുകാടിന് ആ പദ്ധതിക്ക് പിന്തുണ നല്‍കുവാന്‍ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.  കേരള സംഗീത നാടക അക്കാദമി ചെയര്‍മാന്‍ കരിവെള്ളൂര്‍ മുരളി അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ നാടക സംവിധായകന്‍ ഹസീം അമരവിളയെ മന്ത്രി ആദരിച്ചു.  ഡിഫറന്റ് ആര്‍ട് സെന്റര്‍ എക്സിക്യുട്ടീവ് ഡയറക്ടര്‍ ഗോപിനാഥ് മുതുകാട് സ്വാഗതവും മാജിക് പ്ലാനറ്റ് ഓപ്പറേഷന്‍സ് മാനേജര്‍ സുനില്‍രാജ് സി.കെ നന്ദിയും പറഞ്ഞു. 
പഴമയുടെ ചരിത്രവും സംസ്‌കാരവും വിശ്വാസവും ഇടകലര്‍ന്ന മഹത്തായ ഈ കൃതി പുതുതലമുറയ്ക്ക് പരിചയപ്പെടുത്തുന്നതിലൂടെ സാഹിത്യപാരമ്പര്യത്തിന്റെ സംരക്ഷണത്തിനും പുനരാവിഷ്‌കാരത്തിനും വഴിയൊരുക്കുകയാണ് ചെയ്യുന്നതെന്ന് ഗോപിനാഥ് മുതുകാട് പറഞ്ഞു. സാഹിത്യത്തിനായൊരു തീയേറ്റര്‍ എന്ന നിലയില്‍ പ്രവര്‍ത്തിക്കുന്ന മാജിക് പ്ലാനറ്റിലെ സ്ഥിരം വേദിയിലാണ് ദ ലെജന്റ് അരങ്ങേറുന്നത്. ഷേക്സ്പിയറിന്റെ ദ ടെംപെസ്റ്റ് നോവലിനെ അടിസ്ഥാനമാക്കി അവതരിപ്പിച്ച ഡ്രാമയാണ് മുന്‍പ് ഇവിടെ അരങ്ങേറിയത്. ആധുനിക സാങ്കേതിക വിദ്യയുടെ അകമ്പടിയോടെ 12ഡി ദൃശ്യമികവില്‍ ഒരുക്കിയ അരമണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഈ കലാവിരുന്നില്‍ ഇന്ദ്രജാലവും സംഗീതവും സാഹിത്യവും ഒരുപോലെ ഇഴകലര്‍ന്നിരിക്കുന്നു. ഗോപിനാഥ് മുതുകാടിന്റെ ആശയാവിഷ്‌കാരത്തില്‍ നാടകരചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത് ഹസീം അമരവിളയാണ്. മാജിക് പ്ലാനറ്റ് സന്ദര്‍ശകര്‍ക്ക് ഈ കലാസൃഷ്ടി ഇനി ആസ്വദിക്കുവാന്‍ കഴിയും.

error: Content is protected !!