
സംസ്ഥാന സർക്കാർ അധികാരമേറ്റ് നാലുവർഷം തികഞ്ഞപ്പോൾ കേരളത്തിൽ 100 പാലങ്ങൾ യാഥാർത്ഥ്യമാക്കാൻ കഴിഞ്ഞെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. ആറ്റിങ്ങൽ നിയോജകമണ്ഡലത്തിൽ മണവൂർ വടശ്ശേരിക്കോണം പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന ഒറ്റൂർ പാലം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഈ സർക്കാർ അധികാരത്തിൽ കയറുമ്പോൾ അഞ്ചുവർഷം കൊണ്ട് 100 പാലങ്ങൾ സംസ്ഥാനത്ത് പൂർത്തിയാക്കണമെന്നായിരുന്നു തീരുമാനിച്ചിരുന്നത് . എന്നാൽ നാലുവർഷവും ഒരു മാസവും തികഞ്ഞപ്പോൾ 100 പാലം യാഥാർത്ഥ്യമാക്കാൻ സാധിച്ചു. റോഡുകളുടെ കാര്യത്തിലും സമാനമായ രീതിയാണ് . സംസ്ഥാനത്തെ 60 ശതമാനം റോഡുകളും ബിഎംബിസി നിലവാരത്തിൽ നവീകരിക്കാൻ സാധിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
നാടിൻ്റെ സമഗ്ര വികസനമാണ് ഈ സർക്കാർ ലക്ഷ്യം വയ്ക്കുന്നത്. ഈ സർക്കാർ അധികാരത്തിൽ വന്നശേഷം റോഡുകളുടെ വികസനത്തിനുമാത്രം 35,000 കോടിയോളം രൂപ ചെലവഴിച്ചു. ഒരിക്കലും നടക്കില്ല എന്ന് കരുതിയ ദേശീയപാത 66 ൻ്റെ വികസനം നല്ല രീതിയിൽ പുരോഗമിച്ചു. ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമായി ഒരു സംസ്ഥാന സർക്കാർ ദേശീയപാത വികസനത്തിന് പണം ചെലവഴിച്ചത് പിണറായി വിജയൻ സർക്കാർ ആണെന്നും മന്ത്രി പറഞ്ഞു.
ഒറ്റൂർ പാലം യാഥാർത്ഥ്യമാകുന്നതോടുകൂടി ആലംകോട് – മണമ്പൂർ -വടശ്ശേരികോണം – വർക്കല എന്നീ പ്രദേശങ്ങളിലെ യാത്രക്ലേശം പരിഹരിക്കപ്പെടും. ഒ എസ് അംബിക എംഎൽഎ അധ്യക്ഷത വഹിച്ച ചടങ്ങിൽ തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ഡി സുരേഷ് കുമാർ, വർക്കല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് സ്മിത സുന്ദരേശൻ തുടങ്ങിയവർ പങ്കെടുത്തു.
