
പന്മന സുബ്രഹ്മണ്യ ക്ഷേത്രത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് തുലാഭാരം നടത്തി. കൊട്ടാരക്കര ഗണപതി ക്ഷേത്രത്തിലെ ഉണ്ണിയപ്പം കൊണ്ടായിരുന്നു തുലാഭാരം. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയിച്ചാൽ പന്മന സുബ്രഹ്മണ്യ സന്നിധിയിൽ തുലാഭാരം നടത്താമെന്ന പ്രതിജ്ഞ കോൺഗ്രസ് പ്രവർത്തകർ എടുത്തിരുന്നു. ആ നേർച്ചയാണ് നിറവേറ്റിയത്.
ഉച്ചയ്ക്ക് ഒന്നേകാലോടെയാണ് സതീശൻ ക്ഷേത്രത്തിലെത്തിയത്. ദർശനത്തിന് ശേഷം നടന്ന തുലാഭാര ചടങ്ങിൽ അനവധി ഭക്തരും കോൺഗ്രസ് പ്രവർത്തകരും സന്നിഹിതരായി. തുലാഭാരത്തിനാവശ്യമായ ഉണ്ണിയപ്പം ഒരുക്കിയത് കൊട്ടാരക്കര ഗണപതി ക്ഷേത്രത്തിലെ ജീവനക്കാരാണ്. എണ്ണായിരത്തിലധികം ഉണ്ണിയപ്പം ചടങ്ങിനായി ഉപയോഗിച്ചു.


