തിരുവനന്തപുരം: കോടിക്കണക്കിന് രൂപ വിലമതിക്കുന്ന കേരള വാട്ടർ അതോറിറ്റിയുടെ ഭൂമി സർക്കാർ താല്പര്യപ്രകാരം സ്വകാര്യ ട്രസ്റ്റുകൾക്കും ഫൗണ്ടേഷനുകൾക്കും പാട്ടത്തിന് നൽകുന്നതിനെതിരെ പ്രതിഷേധം ശക്തമാകുന്നു. ഇതിൽ പ്രതിഷേധിച്ച് കേരള വാട്ടർ അതോറിറ്റി സ്റ്റാഫ് അസോസിയേഷൻ (ഐ.എൻ.ടി.യു.സി) ജലാഭവന് മുന്നിൽ പ്രതിഷേധം സംഘടിപ്പിക്കുകയും വിവാദ ഭൂമിയിൽ കൊടി കുത്തുകയും ചെയ്തു. തിരുവനന്തപുരം കവടിയാറിലുള്ള 25 സെന്റ് ഭൂമി കെ.എം മാണി ഫൗണ്ടേഷന് സ്മാരകം നിർമ്മിക്കാനായി 30 വർഷത്തേക്ക് പാട്ടത്തിന് നൽകാനുള്ള സർക്കാർ തീരുമാനമാണ് നിലവിലെ വിവാദത്തിന് ആധാരം. ഇതിനുപുറമെ കണ്ണൂരിലുള്ള അതോറിറ്റിയുടെ ഒന്നര ഏക്കർ സ്ഥലം കോടിയേരി ബാലകൃഷ്ണൻ സ്മാരക ട്രസ്റ്റിന് കൈമാറാനുള്ള നീക്കവും നടക്കുന്നുണ്ട്.
വാട്ടർ അതോറിറ്റി സ്റ്റാഫ് അസോസിയേഷൻ ജനറൽ സെക്രട്ടറി ബി.രാഗേഷ് പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്തു. ശമ്പളവും മറ്റ് ആനുകൂല്യങ്ങളും നൽകാൻ പോലും പണമില്ലാതെ അതോറിറ്റി കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോൾ, വരുമാനമുണ്ടാക്കാൻ ഉപയോഗിക്കേണ്ട ഭൂമി രാഷ്ട്രീയ താല്പര്യങ്ങൾക്കായി വിട്ടുകൊടുക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു. പൊതുജനങ്ങളുടെ ആവശ്യങ്ങൾക്കായി വിനിയോഗിക്കേണ്ട സർക്കാർ ഭൂമി സ്വകാര്യ ട്രസ്റ്റുകൾക്ക് നൽകുന്നത് സ്ഥാപനത്തിന്റെ സ്വത്തുവകകൾ നശിപ്പിക്കുന്നതിന് തുല്യമാണെന്നും പ്രതിഷേധക്കാർ ആരോപിച്ചു.
ജില്ലാ പ്രസിഡന്റ് ഷിബു ഡി.എസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ സെക്രട്ടറി സി ജോണിജോസ് സ്വാഗതം ആശംസിച്ചു. വിനോദ് വി, റിജിത്ത് സി, ഷാജി പി.എസ്, ബൈജു എസ്.കെ, പി ജെ ജോസഫ്, ബിജു എസ് തുടങ്ങിയ നേതാക്കൾ പ്രതിഷേധത്തിൽ പങ്കെടുത്തു സംസാരിച്ചു. വരും ദിവസങ്ങളിൽ ഈ വിഷയത്തിൽ കൂടുതൽ ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോകാനാണ് സംഘടനയുടെ തീരുമാനം.

