ദക്ഷിണ കരസേനാ ആസ്ഥാനത്തിൻ്റെ ആഭിമുഖ്യത്തിൽ ഇന്ന് (ജനുവരി 24) പാങ്ങോട് സൈനിക കേന്ദ്രത്തിൽ ഒരു മെഗാ വിമുക്തഭട സംഗമം സംഘടിപ്പിച്ചു. ദക്ഷിണ ഭാരത് ഏരിയ ചീഫ് ഓഫ് സ്റ്റാഫ് മേജർ ജനറൽ ആർ.എം.ശ്രീനിവാസ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. പാങ്ങോട് സ്റ്റേഷൻ കമാൻഡർ ബ്രിഗേഡിയർ അനുരാഗ് ഉപാധ്യായ, മറ്റ് ഉദ്യോഗസ്ഥർ എന്നിവർ സന്നിഹിതരായിരുന്നു.
ചടങ്ങിൽ സംസാരിച്ച മേജർ ജനറൽ, ഇന്റർനെറ്റ് തട്ടിപ്പുകൾ വ്യാപകമാകുന്ന ഈ കാലഘട്ടത്തിൽ വിമുക്തഭടന്മാർ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് ആഹ്വാനം ചെയ്തു. വിമുക്തഭടന്മാരും അവരുടെ ആശ്രിതരും നേരിടുന്ന വിവിധ പ്രശ്‌നങ്ങൾ പരിഹരിക്കാൻ ഓഫീസ് പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഏകദേശം 1240 വിമുക്തഭടന്മാർ ഈ സംഗമത്തിൽ പങ്കെടുത്തു. രാജ്യത്തിന്റെ വീരനായകന്മാരെ ആദരിച്ച അഭിമാനവും സൗഹൃദവും കൃതജ്ഞതയും നിറഞ്ഞ ഒരു ദിവസമായിരുന്നു ഇത്. കൂടാതെ രാജ്യത്തുടനീളമുള്ള 18 റെക്കോർഡ് ഓഫീസുകളിൽ നിന്നുള്ള ഉദ്യോഗസ്ഥർമാരും, ഇ.സി.എച്ച്.എസ് സെൽ, കരസേനാ, വ്യോമസേനാ, നാവികസേനാ എന്നീ വിഭാഗങ്ങളിലെ വെറ്ററൻ സെൽ ഉദ്യോഗസ്ഥർ, സ്പർശ്, കാൻ്റീൻ, സൈനിക വെൽഫെയർ ബോർഡ് എന്നിവയിലെ ഉദ്യോഗസ്ഥരും
പരാതികളും, പെൻഷനുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കാൻ ഇവിടെ സന്നിഹിതരായിരുന്നു കൂടാതെ, കണ്ണ്, ദന്ത, കേൾവി പരിശോധന കൗണ്ടറുകൾ ഉൾപ്പെടെ നിരവധി പരിപാടികളും സംഘടിപ്പിച്ചു.
ഇന്ത്യൻ സൈന്യത്തിന്റെ വിമുക്തഭടന്മാർക്കൊപ്പം നിൽക്കാനുള്ള പ്രതിബദ്ധത വീണ്ടും ഉറപ്പിച്ചുകൊണ്ട് മേള സമാപിച്ചു.









