നിയമസഭാ തിരഞ്ഞെടുപ്പ്: ജില്ല സജ്ജമെന്ന് കളക്ടർ

440 പുതിയ പോളിം​ഗ് ബൂത്തുകൾ

മുതിർന്ന പൗരന്മാർക്ക് ഹോം വോട്ടിം​ഗ് സൗകര്യം

2026 നിയമസഭാ തിരഞ്ഞെടുപ്പിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായെന്ന് ജില്ലാ കളക്ടർ അനു കുമാരി. തിരുവനന്തപുരം ജില്ലയിലെ വോട്ടിം​ഗ് ശതമാനം കൂട്ടുന്നതിന് എല്ലാ പൗരന്മാരും തങ്ങളുടെ സമ്മതിദാനാവകാശം വിനിയോ​ഗിക്കണമെന്നും തിരഞ്ഞെടുപ്പ് ഏറ്റവും സുതാര്യമായും സ്വതന്ത്രമായും നടത്തുമെന്നും കളക്ടറ്റേറ്റ് കോൺഫറൻസ് ഹാളിൽ വിളിച്ചുചേർത്ത വാർത്താ സമ്മേളനത്തിൽ
കളക്ടർ അറിയിച്ചു.

ജില്ലയിൽ 440 പുതിയ ബൂത്തുകൾ ഉൾപ്പെടെ ആകെ 3173 പോളിം​ഗ് ബൂത്തുകളാണ് ഉള്ളത്. 124 മാതൃകാ ബൂത്തുകളും സജ്ജമാക്കിയിട്ടുണ്ട്.ബൂത്തുകളിൽ വോട്ടർമാർക്ക് ആവശ്യമായ കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്തും.

85 വയസ്സിന് മുകളിലുള്ള മുതിർന്ന പൗരന്മാർക്കും കിടപ്പ് രോ​ഗികൾക്കും ഹോം വോട്ടിം​ഗ് സംവിധാനം ഏർപ്പെടുത്തും. മൊബൈൽ പോളിം​ഗ് ടീമിന്റെ സഹായത്തോടെയാണ് ഹോം വോട്ടിം​ഗ് സാധ്യമാക്കുന്നത്. കിടപ്പുരോ​ഗികളായ 24,000 പേരാണ് വോട്ടേഴ്സ് ലിസ്റ്റിലുള്ളത്.

അഞ്ച് സംയോജിത ബോർഡർ ചെക്ക് പോസ്റ്റുകൾ ഇലക്ഷന്റെ ഭാ​ഗമായി ക്രമീകരിച്ചിട്ടുണ്ട്. ഇതിൽ സിസിടിവി ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഏർപ്പെടുത്തി. എക്സൈസ്, കേരള പോലീസ്, തമിഴ്നാട് പോലീസ്, ആർടിഒ ഉൾപ്പെടെയുള്ളവരുടെ സേവനം ചെക്ക്പോസ്റ്റിൽ ഉണ്ടാകും. എല്ലാ നിയോജകമണ്ഡലങ്ങളിലും മൂന്ന് ഫ്ലയിംഗ് സ്ക്വാഡ് ടീമുകളെ സജ്ജീകരിച്ചിട്ടുണ്ട്. വീഡിയോ​ഗ്രാഫേഴ്സ്, ജിപിഎസ് ഘടിപ്പിച്ച വാഹനങ്ങൾ തുടങ്ങിയവയും സ്ക്വാഡിലുണ്ടാകും.കൂടാതെ മൂന്ന് സ്റ്റാറ്റിക് സർവെയലൻസ് ടീമുകളും എല്ലാ നിയോജക മണ്ഡലങ്ങളിലും പ്രവർത്തിക്കും. നിയോജക മണ്ഡലങ്ങളിൽ അഡീഷണൽ എക്സ്പെന്റിച്ചർ ഒ ബ്സർവറെ നിയമിക്കുമെന്നും കളക്ടർ അറിയിച്ചു.

ഇലക്ഷൻ പെരുമാറ്റച്ചട്ട ലംഘനവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ പൊതുജനങ്ങൾക്ക് സി വിജിൽ ആപ്പ് വഴി ഫോട്ടോ ഉൾപ്പെടെ പരാതി നൽകുന്നതിനുള്ള സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട് .
രാഷ്ട്രീയ പാർട്ടികൾക്ക് സുവിധ പോർട്ടലിലെ സിം​ഗിൾ വിൻഡോ വഴി ഇലക്ഷൻ റാലികൾക്കും പൊതു മീറ്റിങ്ങുകൾക്കും ഉച്ചഭാഷിണികൾ , വാഹനങ്ങൾ എന്നിവ ഉപയോഗിക്കുന്നതിന് അനുമതി വാങ്ങാനും സൗകര്യമൊരുക്കിയിട്ടുണ്ട്.

സ്ഥാനാർത്ഥികൾക്ക് മാർച്ച് 23 വരെ നോമിനേഷൻ നൽകാം. രാവിലെ 11 മുതൽ 3 മണി വരെയാണ് നോമിനേഷൻ നൽകുന്നതിനുള്ള സമയം. നാമനിർദ്ദേശ പത്രിക നൽകിയ സ്ഥാനാർത്ഥികളുടെ ബാങ്ക് ഇടപാടുകളുടെ വിവരം കൃത്യമായി മോണിറ്റർ ചെയ്യുന്നതിന് വിവിധ ബാങ്ക് ഓഫീസേഴ്സിന്റെ യോ​ഗത്തിൽ ജില്ലാ കളക്ടർ നിർദ്ദേശം നൽകി. രാഷ്ട്രീയ പാർട്ടികളുടെ എല്ലാ ബാനറുകളിലും പ്രിന്റേഴ്സിന്റെയും പബ്ലിഷേഴ്സിന്റെയും പേര് നിർബന്ധമായും അച്ചടിക്കണമെന്നും ജില്ലാ കളക്ടർ അറിയിച്ചു.

error: Content is protected !!