പരമ്പരാഗത കൈത്തൊഴിലുകൾ പ്രോത്സാഹിപ്പിക്കണം: മന്ത്രി പി പ്രസാദ്

പരമ്പരാഗത കൈത്തൊഴിലുകൾ പ്രോത്സാഹിപ്പിക്കണമെന്നും അതിലൂടെ  ജനങ്ങളുടെ ജീവിതവും ആരോഗ്യവും മെച്ചപ്പെടുത്താൻ കഴിയുമെന്നും കൃഷിവകുപ്പ് മന്ത്രി പി പ്രസാദ്.  ജില്ലയിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട വനിതാ സംഘങ്ങളുടെ ഗുണഭോക്‌തൃ സംഗമവും ധനസഹായ വിതരണവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.

നാടിന്റെ പാരമ്പര്യത്തിൽ ഏറെ പ്രാധാന്യമുള്ള സസ്യങ്ങളാണ് ഈറ്റയും മുളയും പോലുള്ളവ. മനുഷ്യനും പ്രകൃതിക്കും ഒരു ദോഷവും ചെയ്യാത്ത ഇവയ്ക്ക് ഓക്സിജൻ പുറത്തേക്ക് വിടുന്നതിലും മണ്ണൊലിപ്പ് തടയുന്നതിലും ഉള്ള  പങ്ക് ചെറുതല്ലെന്നും അദ്ദേഹം പറഞ്ഞു. അവ കൊണ്ടുണ്ടാക്കുന്ന ഉത്പന്നങ്ങളും  യാതൊരു ദോഷഫലങ്ങളും ഇല്ലാത്തവയാണ്.  പ്ലാസ്റ്റിക്കിന്റെ ഉപയോഗം കുറച്ച് ഇത്തരം ഉൽപ്പന്നങ്ങൾ പ്രോത്സാഹിപ്പിക്കേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു

അന്യം നിന്ന് പോകുന്ന പരമ്പരാഗത കൈത്തൊഴിൽ സംരക്ഷിക്കുക, സ്വയം തൊഴിൽ പ്രോത്സാഹിപ്പിക്കുക എന്നീ ലക്ഷ്യങ്ങൾ മുൻനിർത്തിയാണ്  തിരുവനന്തപുരം ജില്ലാപഞ്ചായത്ത് ജനറൽ, പട്ടികജാതി വിഭാഗങ്ങളിൽപ്പെട്ട പരമ്പരാഗത കൈത്തൊഴിലിൽ ഏർപ്പെട്ടിരിക്കുന്ന വനിതാ സംഘങ്ങൾക്ക് സാമ്പത്തിക സഹായം നൽകുന്നത്.  അയ്യായിരത്തോളം പേർക്ക് എട്ട് കോടിയോളം രൂപയുടെ ധനസഹായം ഈ പദ്ധതി വഴി കൈമാറിയിട്ടുണ്ട്.

ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്  ഡി സുരേഷ് കുമാർ, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ എസ് സുനിത, ആരോഗ്യവും വിദ്യാഭ്യാസവും സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ വി ആർ സലൂജ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വിളപ്പിൽ രാധാകൃഷ്ണൻ, ജില്ലാ വ്യവസായ കേന്ദ്രം മാനേജർ ആർ എസ് ബൈജു തുടങ്ങിയവർ പങ്കെടുത്തു.

error: Content is protected !!