29-ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് നാളെ (ഡിസംബർ 13) തുടക്കം; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

‘ഐ ആം സ്റ്റിൽ ഹിയർ’ ഉദ്ഘാടന ചിത്രം
ശബാന ആസ്മി വിശിഷ്ടാതിഥി

കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന 29-ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് (ഐ.എഫ്.എഫ്.കെ) നാളെ (ഡിസംബർ 13) തിരിതെളിയും. വൈകിട്ട് ആറിന് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ  മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ നടി ശബാന ആസ്മി വിശിഷ്ടാതിഥിയാകും.

ഹോങ്കോങ്ങിൽ നിന്നുള്ള സംവിധായിക ആൻ ഹുയിക്ക് ലൈഫ്ടൈം അച്ചീവ്മെന്റ് പുരസ്‌കാരം മുഖ്യമന്ത്രി സമ്മാനിക്കും. 10 ലക്ഷം രൂപയും ശിൽപ്പവുമടങ്ങുന്നതാണ് അവാർഡ്. തുടർന്ന് ഉദ്ഘാടനചിത്രമായ ‘ഐ ആം സ്റ്റിൽ ഹിയർ’ പ്രദർശിപ്പിക്കും. വിഖ്യാത ബ്രസീലിയൻ സംവിധായകൻ വാൾട്ടർ സാലസ് സംവിധാനംചെയ്ത പോർച്ചുഗീസ് ചിത്രം ബ്രസീൽ, ഫ്രാൻസ് എന്നീ രാജ്യങ്ങളുടെ സംയുക്ത സംരംഭമാണ്.

പൊതുവിദ്യാഭ്യാസ, തൊഴിൽ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി, ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ. അനിൽ, വി.കെ പ്രശാന്ത് എം.എൽ.എ, മേയർ ആര്യാ രാജേന്ദ്രൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഡി. സുരേഷ് കുമാർ, സാംസ്‌കാരിക വകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറി ഡോ.രാജൻ എൻ. ഖോബ്രഗഡെ, സാംസ്‌കാരിക വകുപ്പ് ഡയറക്ടർ ഡോ. ദിവ്യ എസ്.അയ്യർ, ചലച്ചിത്ര അക്കാദമി ചെയർമാൻ പ്രേംകുമാർ, ഫെസ്റ്റിവൽ ക്യുറേറ്റർ ഗോൾഡ സെല്ലം, ജൂറി ചെയർപേഴ്സൺ ആനിയസ് ഗൊദാർദ്, കെ.എസ്.എഫ്.ഡി.സി. ചെയർമാൻ ഷാജി എൻ കരുൺ, സാംസ്‌കാരിക പ്രവർത്തകക്ഷേമനിധി ബോർഡ് ചെയർമാൻ മധുപാൽ, ഫിലിം ചേംബർ പ്രസിഡന്റ് ബി.ആർ. ജേക്കബ്, അക്കാദമി സെക്രട്ടറി സി.അജോയ് എന്നിവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കും. ഉദ്ഘാടനച്ചടങ്ങിനു മുന്നോടിയായി കേരള കലാമണ്ഡലം അവതരിപ്പിക്കുന്ന നൃത്തപരിപാടി അരങ്ങേറും.

ഡിസംബർ 20 വരെ 15 തിയേറ്ററുകളിലായി 68 രാജ്യങ്ങളിൽ നിന്നുള്ള സിനിമകൾ മേളയിൽ പ്രദർശിപ്പിക്കും. അന്താരാഷ്ട്ര മൽസരവിഭാഗത്തിൽ 14 സിനിമകളുണ്ട്. മലയാള സിനിമ ടുഡേ, ഇന്ത്യൻ സിനിമ നൗ, ലോകസിനിമ,ഫെസ്റ്റിവൽ ഫേവറിറ്റ്സ്, കൺട്രി ഫോക്കസ്, റെട്രോസ്പെക്റ്റീവ്, ‘ദ ഫിമേൽ ഗേയ്സ്’ ,ലാറ്റിനമേരിക്കൻ സിനിമ, കലൈഡോസ്‌കോപ്പ്, മിഡ്നൈറ്റ് സിനിമ, അനിമേഷൻ, റെസ്റ്റോർഡ് ക്ളാസിക്സ്, ഹോമേജ് എന്നിങ്ങനെ വിവിധ വിഭാഗങ്ങളിൽ 177 സിനിമകൾ പ്രദർശനത്തിനുണ്ട്. മേളയുടെ ഭാഗമായി ഓപ്പൺ ഫോറം, ഇൻ കോൺവർസേഷൻ, മീറ്റ് ദ ഡയറക്ടർ, അരവിന്ദൻ സ്മാരക പ്രഭാഷണം, പാനൽ ഡിസ്‌കഷൻ എന്നിവയും ഉണ്ടാകും.

13000ൽപ്പരം ഡെലിഗേറ്റുകളും 100ഓളം ചലച്ചിത്രപ്രവർത്തകരും മേളയിലെത്തും. തിയേറ്ററുകളിൽ ആകെ സീറ്റിന്റെ 70 ശതമാനം റിസർവേഷൻ ചെയ്തവർക്കും 30 ശതമാനം റിസർവേഷൻ ഇല്ലാത്തവർക്കുമായാണ് പ്രവേശനം. മുതിർന്ന പൗരന്മാർക്ക് ക്യൂ നിൽക്കാതെ പ്രവേശനം ലഭിക്കും. ഡെലിഗേറ്റുകൾക്കായി കെ.എസ്.ആർ.ടി.സിയുടെ രണ്ട് ഇ-ബസുകൾ പ്രദർശനവേദികളെ ബന്ധിപ്പിച്ചുകൊണ്ട് സൗജന്യ സർവീസ് നടത്തും.

മൺമറഞ്ഞ ചലച്ചിത്രപ്രതിഭകൾക്ക് സ്മരണാഞ്ജലിയർപ്പിക്കുന്ന ചടങ്ങ് ഡിസംബർ 14 ന് വൈകിട്ട് ആറു മണിക്ക് നിള തിയേറ്ററിൽ സംഘടിപ്പിക്കും. സംസ്ഥാന ചലച്ചിത്ര അക്കാദമി ശ്രദ്ധാഞ്ജലി പരമ്പരയിലെ ആറു പുസ്തകങ്ങൾ മേളയിൽ പ്രകാശനം ചെയ്യും. മേളയുടെ ഭാഗമായി 50 ലോകചലച്ചിത്രാചാര്യർക്ക് ആദരവർപ്പിക്കുന്ന ഡിജിറ്റൽ ആർട്ട് എക്സിബിഷൻ ‘സിനിമാ ആൽക്കെമി: എ ഡിജിറ്റൽ ആർട്ട് ട്രിബ്യൂട്ട്’  ഡിസംബർ 14 മുതൽ ടാഗോർ തിയേറ്ററിൽ നടക്കും. സംവിധായകൻ ടി.കെ രാജീവ് കുമാറാണ് ക്യുറേറ്റർ. മലയാള സിനിമയുടെ തിരശീലയിൽ  തിളങ്ങിയ മുതിർന്ന നടിമാരെ സാംസ്‌കാരിക വകുപ്പു മന്ത്രി ആദരിക്കുന്ന ‘മറക്കില്ലൊരിക്കലും’ ഡിസംബർ 15 ഞായറാഴ്ച വൈകിട്ട് 6.30ന് മാനവീയം വീഥിയിൽ നടക്കും. തുടർന്ന് ഇവരുടെ സിനിമകളിലെ ഗാനങ്ങൾ കോർത്തിണക്കിയുള്ള സംഗീതപരിപാടിയും ഉണ്ടായിരിക്കും. മാനവീയം വീഥിയിൽ ഡിസംബർ 14 മുതൽ 19 വരെ വൈകിട്ട് 6.30ന് കലാസാംസ്‌കാരിക പരിപാടികൾ സംഘടിപ്പിക്കും.

ഡിസംബർ 20ന് നടക്കുന്ന സമാപനച്ചടങ്ങിൽ സംവിധായിക പായൽ കപാഡിയയ്ക്കുള്ള സ്പിരിറ്റ് ഓഫ് സിനിമ അവാർഡ് മുഖ്യമന്ത്രി പിണറായി വിജയൻ സമ്മാനിക്കും. മേളയിൽ മികച്ച ചിത്രത്തിനുള്ള സുവർണ ചകോരത്തിന് അർഹമാവുന്ന സിനിമയ്ക്ക് 20 ലക്ഷം രൂപ ലഭിക്കും. രജത ചകോരത്തിന് അർഹമാവുന്ന ചിത്രത്തിന്റെ സംവിധാനത്തിന് നാലു ലക്ഷം രൂപയും രജതചകോരത്തിന് അർഹത നേടുന്ന നവാഗത സംവിധാന പ്രതിഭയ്ക്ക് മൂന്നു ലക്ഷം രൂപയും ലഭിക്കും. പ്രേക്ഷകപുരസ്‌കാരത്തിന് അർഹമാവുന്ന സിനിമയുടെ സംവിധാനത്തിന് രണ്ടു ലക്ഷം രൂപയും കെ.ആർ.മോഹനൻ എൻഡോവ്മെന്റ് അവാർഡ് നേടുന്ന ഇന്ത്യയിലെ മികച്ച നവാഗത സംവിധാന പ്രതിഭയ്ക്ക് ഒരു ലക്ഷം രൂപയും ലഭിക്കും. സമാപനച്ചടങ്ങിനു മുന്നോടിയായി രാജേഷ് ചേർത്തലയുടെ ഓടക്കുഴൽ കച്ചേരി നടക്കും.

വിഖ്യാത ഫ്രഞ്ച് ഛായാഗ്രാഹക ആനിയസ് ഗൊദാർദ് ആണ് അന്താരാഷ്ട്ര മൽസര വിഭാഗത്തിന്റെ ജൂറി ചെയർപേഴ്സൺ. ജോർജിയൻ സംവിധായിക നാനാ ജോജാദ്സി, ബൊളീവിയൻ സംവിധായകനും തിരക്കഥാകൃത്തുമായ മാർക്കോസ് ലോയ്സ, അർമീനിയൻ സംവിധായകനും നടനുമായ മിഖായേൽ ഡോവ്ലാത്യൻ, ആസാമീസ് സംവിധായകൻ മോഞ്ചുൾ ബറുവ എന്നിവരാണ് മറ്റ് ജൂറി അംഗങ്ങൾ.

News Desk

Recent Posts

കേരളത്തിൽ സാമ്പത്തിക ഉൾപ്പെടുത്തൽ സമ്പൂർണതാ ക്യാമ്പയിൻ ഒക്ടോബർ 21 മുതൽ; ഡിസംബർ 31 വരെ പ്രത്യേക ക്യാമ്പുകൾ

തിരുവനന്തപുരം: രാജ്യത്തെ എല്ലാ പൗരന്മാർക്കും അടിസ്ഥാന ബാങ്കിംഗ് സേവനങ്ങളും സാമൂഹിക സുരക്ഷാ പദ്ധതികളും ലഭ്യമാക്കുന്നതിനായി സാമ്പത്തിക ഉൾപ്പെടുത്തൽ സമ്പൂർണതാ ക്യാമ്പയിൻ…

14 hours ago

കുട്ടികളുടെ സുരക്ഷയിൽ വീഴ്ച അനുവദിക്കില്ല; ഉത്തരവാദിത്തം വനിതാ ശിശു വികസന ഓഫീസർമാർക്ക്: മന്ത്രി ബിന്ദു കൃഷ്ണ

തിരുവനന്തപുരം: അപകടസാധ്യതയുള്ള സാഹചര്യങ്ങളിൽ കഴിയുന്ന കുട്ടികളുടെ സുരക്ഷയും സംരക്ഷണവും പുനരധിവാസവും ഉറപ്പാക്കാൻ സംസ്ഥാനവ്യാപക കർമ്മപദ്ധതിയുമായി വനിതാ ശിശു വികസന വകുപ്പ്.…

18 hours ago

കെഎസ്ആർടിസിക്ക് ടിക്കറ്റ് വരുമാനത്തിൽ 10.64 കോടിയുടെ നേട്ടം; ശബരിമല സീസൺ ഒഴികെയുള്ള രണ്ടാമത്തെ വലിയ വരുമാനം

തിരുവനന്തപുരം: ടിക്കറ്റ് വിൽപ്പനയിലൂടെ മികച്ച നേട്ടം സ്വന്തമാക്കി കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്‌പോർട്ട് കോർപറേഷൻ (കെഎസ്ആർടിസി). ഒക്ടോബർ 22 വ്യാഴാഴ്ച…

18 hours ago

സ്ത്രീകളുടെ സുരക്ഷയും മാനസികാരോഗ്യവും ഉറപ്പാക്കാൻ പുതിയ വനിതാ നയം നടപ്പാക്കും: മന്ത്രി ബിന്ദു കൃഷ്ണ

'പോഷ് ആക്ട് 2013 & സ്ത്രീകളുടെ മാനസികാരോഗ്യം വിഷയത്തിൽ കേരള വനിതാ കമ്മീഷൻ സംസ്ഥാനതല സെമിനാർ സംഘടിപ്പിച്ചു സ്ത്രീകളുടെ സാമൂഹികവും…

4 days ago

തിരുവനന്തപുരം റെയിൽവേ ഡിവിഷനിലെ ജീവനക്കാരുടെ പ്രശ്നങ്ങൾ പരിഹരിക്കണം; DRKS

2026 ഒക്ടോബർ 15 വ്യാഴാഴ്ച തിരുവനന്തപുരം റെയിൽവേ ഡിവിഷനു മുന്നില്‍ പ്രതിഷേധ പരിപാടി സംഘടിപ്പിക്കുന്നു. തിരുവനന്തപുരം: തിരുവനന്തപുരം റെയിൽവേ ഡിവിഷനിലെ…

2 weeks ago

ക്ഷേത്രോത്സവങ്ങളുടെ ആത്മീയ പൈതൃകം വിളിച്ചോതി ‘ക്ഷേത്രാടനം’; ഒക്ടോബര്‍ 10ന് തിരുവനന്തപുരം വേദിയാകും

തിരുവനന്തപുരം: കേരളത്തിലെ വിവിധ ക്ഷേത്രങ്ങളിലെ ആചാരങ്ങൾ, ചരിത്രം, കലാപാരമ്പര്യം എന്നിവയുടെ പ്രാധാന്യം വിളിച്ചോതുന്ന സംഗീതപരിപാടിയായ ‘ക്ഷേത്രാടനം’ ഒക്ടോബര്‍ 10ന് തിരുവനന്തപുരം…

2 weeks ago