സിനിമ തന്നെയാണോ ഈ കുട്ടി വയലന്‍സിന് കാരണക്കാരന്‍?; ഫെഫ്ക്ക

സമീപ കാലത്ത് നമ്മുടെ നാടിനെ നടുക്കിയ അരുംകൊലകൾ ചെയ്ത ചെറുപ്പക്കാരെ അത്തരമൊരു ഹീനകൃത്യം അറപ്പില്ലാതെ ചെയ്യാൻ പ്രേരിപ്പിച്ചത് മലയാളത്തിൽ പുറത്തിറങ്ങിയ സിനിമകളാണ് എന്ന അഭിപ്രായം ഭരണകർത്താക്കളിൽ നിന്നും, രാഷ്ട്രീയ-യുവജന-വിദ്യാർത്ഥി പ്രസ്ഥാന നേതൃത്വങ്ങളിൽ നിന്നും, പോലിസധികാരികൾ, മനശാസ്ത്രജ്ഞർ, മാധ്യമപ്രവർത്തകർ, സാമൂഹ്യനിരീക്ഷകർ തുടങ്ങിയവരിൽ നിന്നും ഉണ്ടായിട്ടുണ്ട്. സിനിമ ചിത്രീകരിക്കുന്ന ‘ വയലൻസ്’ ആണ് സാമൂഹ്യതിന്മകൾക്ക് കാരണമാകുന്നതെന്ന തരത്തിലുള്ള ഒരു സമീകരണമോ, തീർത്തും ദുർബലമായ, ലളിതവത്ക്കരിക്കപ്പെട്ട ഒരു പ്രതിഫലന സിദ്ധാന്തമോ ആണ് ഈ അഭിപ്രായപ്രകടനങ്ങൾക്ക് അടിസ്ഥാനമാവുന്നത്.

ഗൗരവ്വമായി സാമൂഹിക വിശകലനം നടത്തുന്ന മാർക്സിയൻ ചിന്താധാരയടക്കമുള്ള പല പഠനശാഖകളും വളരെ വിശദമായി പഠന / അന്വേഷണ വിധേയമാക്കിയിട്ടുള്ള വിഷയമാണ് ‘വയലൻസ്’. ഒരു സാമൂഹ്യ വ്യവസ്ഥയ്ക്കുള്ളിൽ ഇതെങ്ങനെയാണ് ഉല്പാദിപ്പിക്കപ്പെടുന്നത്, വ്യാപിക്കുന്നത് എന്നതൊക്കെ ആഴത്തിലുള്ള പഠനങ്ങൾക്കും വിശകലനങ്ങൾക്കും വിധേയമായിട്ടുണ്ട്. ഒരു പ്രത്യേക സമയത്ത് ഒരു പ്രത്യേക മാനസികാവസ്ഥയിൽ സംഭവിക്കുന്നതല്ല പല അതിക്രമങ്ങളെന്നും ഇതിനുള്ള മുന്നൊരുക്കങ്ങളും തയ്യാറെടുപ്പുകളും വയലൻസിന് പ്രേരിപ്പിക്കുന്ന ജീവിതാവസ്ഥകളും എത്രയോ മുമ്പ് വ്യക്തിയിൽ അഥവാ സമൂഹത്തിൽ അടിഞ്ഞുകൂടിയിട്ടുണ്ടാകുമെന്നും ഒക്കെ വ്യക്തമാക്കുന്നുണ്ട് പഠനങ്ങൾ. വ്യക്തികൾ നേരിടുന്ന സാമൂഹികവും സാംസ്കാരികവും സാമ്പത്തികവുമായ അരക്ഷിതാവസ്ഥകൾ, അന്യവത്ക്കരണം, അപരവത്ക്കരണം, പാർശ്വവത്ക്കരണം, ചിലതരം പുറം തള്ളലുകൾ …. ഇവയെല്ലാം ഏതൊക്കെ നിലയിൽ അക്രമത്തിലേക്ക് വഴിവെക്കും എന്നതും എത്രയോ മുമ്പ് വിശകലനം ചെയ്യപ്പെട്ടതാണ്.

മുമ്പെങ്ങും ഇല്ലാത്ത വിധം മാധ്യമ വിസ്ഫോടനത്തിന്റെ കാലത്താണ് നമ്മൾ ജീവിക്കുന്നത്. എങ്ങനെ ആത്മഹത്യ ചെയ്യണം എന്നറിയാൻ, എങ്ങനെ പിഴവില്ലാതെ കൊലപാതകം നിർവഹിക്കണം എന്നറിയാൻ ഗൂഗിളിൽ പരതിയിട്ടുള്ളവരുടെ അനലിറ്റിക്സ് ഇപ്പോൾ ലഭ്യമാണ് . 10 പേരെ വെടിവെച്ച് കഴിഞ്ഞാൽ ഒരു തോക്ക് ഫ്രീ കിട്ടുന്നത് പോലുള്ള ഗെയിമുകൾ ഇന്ന് കുട്ടികൾക്കിടയിൽ എത്രയോ സുപരിചിതമാണ്. പിൽക്കാല മുതലാളിത്ത-കമ്പോള വ്യവസ്ഥയുടെ ഈ കാലത്ത് എവിടെ നിന്നുമുള്ള സാംസ്കാരിക കടന്നുകയറ്റവും സാധ്യമാണെന്നിരിക്കെ, അന്യസാംസ്കാരിക ഭൂമികകളിൽ നിന്ന് വരുന്ന വെബ് സീരീസുകളും ഗെയിമുകളും സിനിമകളും എത്രയോ വർദ്ധമാനമായ നിലയിൽ നമ്മൾ ആസ്വദിക്കാനും ഇഷ്ടപ്പെടാനും തുടങ്ങിയിരിക്കുന്നു. ജപ്പാനിൽ നിന്നും കൊറിയയിൽ നിന്നും വരുന്ന ഗെയിമുകളും സീരീസുകളും എത്രയോ നാളുകളായി നമ്മുടെ കുട്ടികളും മുതിർന്നവരും കണ്ടു കൊണ്ടിരിക്കുന്നു. ഏറ്റവും കൂടുതൽ വയലൻസുള്ളത് ഇവിടെ നിന്നും എത്തുന്ന സിനിമകളിലും സീരീസിലുമാണെന്നത് രഹസ്യമായ വിവരമല്ല. പക്ഷേ ക്രൈം റേറ്റ് ഏറ്റവും കുറവുള്ള രാജ്യം ജപ്പാൻ ആണെന്നതും ശ്രദ്ധേയമാണ്. അവരുടെ നിയമവ്യവസ്ഥയും, സാമൂഹ്യസുരക്ഷാ മാനദണ്ഡങ്ങളും, സോഷ്യൽ ഓഡിറ്റിങ്ങും അത്രമേൽ ഫലപ്രദമായാണ് പ്രവർത്തിക്കുന്നത്.

ലോകത്ത് ഉത്പാദിക്കപ്പെട്ട ഏത് ഡേറ്റയും വിരലിന്റെ തുമ്പത്ത് ലഭ്യമാകുന്ന ഒരു സാമൂഹ്യ- പരിതസ്ഥിതിയിൽ സിനിമകളാണ് വയലൻസ് ഉത്പാദിപ്പിക്കുന്നത് എന്ന തരത്തിലുള്ള ന്യൂനീകരണത്തിന് എന്ത് അടിസ്ഥാനമാണ് ഉള്ളത്? ഒരു സമൂഹത്തിന്റെയൊന്നാകെയുള്ള മിഡിൽ ക്ലാസ് വത്ക്കരണവും ആ സ്റ്റാറ്റസ് എത്തിപ്പിടിക്കാൻ കഴിയാത്തവർക്കിടയിൽ ജനിക്കുന്ന അരക്ഷിതാവസ്ഥകളും ഉണ്ടാക്കുന്ന വമ്പിച്ച പ്രത്യാഘാതങ്ങൾ ഭരണകൂടത്തിന്റെ കൂടി ശ്രദ്ധയിൽപ്പെടേണ്ട വിഷയമാണ് എന്നിരിക്കെ സിനിമയെ അക്രമത്തിന്റെ കേവല കാരണമായി ചിത്രീകരിക്കുന്നത് അസംബന്ധവും അബദ്ധജടിലവും ആണെന്ന് പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു.

ചില ചോദ്യങ്ങൾ കൂടി ഉയർത്താതെ ഈ കുറിപ്പ് പൂർണമാകില്ല. പേട്രിയാർക്കി ചിത്രീകരിച്ച സിനിമകൾ ആണോ ഇവിടെ പുരുഷമേധാവിത്വം സൃഷ്ടിച്ചത് ?
ലൈംഗിക അതിക്രമങ്ങളും ബലാത്സംഗ സംസ്കാരവും ഇവിടെ സിനിമകൾ ഉത്പാദിപ്പിച്ചെടുത്തതാണോ?
രാഷ്രീയ പാർട്ടികളൈ ഗ്രസിച്ചിരിക്കുന്ന പ്രത്യയശാസ്ത്ര ജീർണ്ണതയും ഭരണകൂടങ്ങളെ ബാധിച്ചിരിക്കുന്ന അഴിമതിയും സിനിമ കാരണമാണോ? ലോകത്ത് പലയിടത്തും രൂപപ്പെട്ടുവരുന്ന ന്യൂ -നാസി, ന്യൂ ഫാഷിസ്റ്റ് താൽപര്യങ്ങളും തീവ്രവംശീയതയും പ്രതിഫലിപ്പിക്കുന്ന, ഇന്ത്യയിലെ മറ്റിടങ്ങളിലെപ്പോലെ കേരളത്തിലും വളർന്നുകൊണ്ടിരിക്കുന്ന വിദ്വേഷ രാഷ്ട്രീയവും അത് നിർവഹിക്കുന്ന സാമൂഹ്യ അതിക്രമങ്ങളും സിനിമ ഉത്പാദിപ്പിച്ചത് ആണോ ? എത്രയോ കാലമായി എത്ര സ്ത്രീധന മരണങ്ങൾക്ക് നമ്മുടെ നാട് സാക്ഷിയായി ..!! ഇതും സിനിമയുടെ ചുമലിൽ ? മന്ത്രവാദവും ആഭിചാരകർമ്മങളും കൂടി വരുന്നു. അതുമായി ബന്ധപ്പെട്ട കൊലകളും . ഇതിനും സിനിമയെ പഴിക്കുമോ? പ്രേമതകർച്ചയിൽ പെട്ടവർ പ്രതികാരം നിർവഹിക്കുന്നത്, ആസിഡ് അറ്റാക്ക് ഉണ്ടാകുന്നത്… നമ്മൾ കാണുന്നു . ഇതെല്ലാം സിനിമ ഉത്പാദിപ്പിച്ചത് ആണോ?

കുട്ടികൾക്കോ മുതിർന്നവർക്കോ മനോവൈകല്യം ഉണ്ടെന്ന് കണ്ടാൽ പുറത്ത് പറയാനും വേണ്ട പരിചരണം കൊടുക്കാനും മടിക്കുന്ന സമൂഹം തന്നെയാണ് ഇപ്പോഴും നമ്മുടേത്. മാതാപിതാക്കന്മാർക്ക് കുട്ടികളുടെ മേലുള്ള അധികാരം കൊഴിഞ്ഞ് ഇല്ലാതായി പോകുകയും കുട്ടികൾ ഒരു പ്രത്യേക തരത്തിലുള്ള ഒറ്റപ്പെടലിലേക്ക് മാറിപ്പോവുകയും ചെയ്യുന്ന സാഹചര്യങ്ങളെ എത്രപേർ അപഗ്രഥിക്കുന്നുണ്ടാകും?നമ്മളിൽ ഭൂരിപക്ഷത്തിനും പോലീസ് പറയുന്ന കാര്യങ്ങൾ പരമസത്യങ്ങളായി വെട്ടി വിഴുങ്ങാനാണ് താൽപ്പര്യം. വിഷ്ണുപ്രിയ കൊലപാതകത്തിന് കാരണമായത് അഞ്ചാം പാതിര എന്ന സിനിമയാണത്രെ. ദൃശ്യം 1, ദൃശ്യം 2 പോലുള്ള സിനിമകൾ വേറെയും ചില കൊലപാതകങ്ങൾക്ക് പ്രേരണയായത്രെ. ഇപ്പോൾ മാർക്കോയ്ക്ക് എതിരെയും ഉയരുന്നു ഇത്തരം ആക്ഷേപങ്ങൾ . ഇത്തരം സിനിമകൾ അവയ്ക്ക് ആധാരമായ വസ്തുതകൾ, ആശയങ്ങൾ കണ്ടെത്തുന്നത് സാമൂഹ്യ ശരീരത്തിൽ നിന്നാണ് എന്ന യാഥാർഥ്യം മറക്കരുത്. ഇത്തരം സിനിമകൾ ഇഷ്ടപ്പെടാനും ആസ്വദിക്കാനും പറ്റുന്ന സാമൂഹ്യ അന്തരീക്ഷം ഇവിടെ നിലനിൽക്കുന്നുണ്ട് എന്നും മറക്കരുത്. ഓരോ ദിവസവും നമുക്ക് മുമ്പിൽ തുറന്നു വരുന്ന ആസ്വാദനത്തിന്റെ പുതിയ വാതായനങ്ങളെ നിയന്ത്രിക്കുന്ന അദ്യശ്യകരങ്ങൾ സമകാലീന സാമൂഹികവ്യവഹാരത്തിന്റെതാണ് .

ഒരു കലാവിഷ്ക്കാരം ഇങ്ങനെയേ ആകാൻ പാടുള്ളൂ, ശക്തമായ സെൻസറിങ്ങ് വേണം, CBFC കുറെക്കൂടി കർക്കശമാവണം തുടങ്ങിയ മുറവിളികൾ ആത്യന്തികമായി എന്തിനെയാണ്, ആരെയൊക്കെയാണ് ശക്തിപ്പെടുത്തുന്നത്. ഒരു കലാസൃഷ്ടി ഈ അച്ചിലേ വാർക്കപ്പെടാൻ പറ്റൂ എന്നു കരുതുന്നവരെയാണ് നമ്മൾ ഫാസിസ്റ്റുകൾ എന്നു വിളിക്കുന്നത്. സൽമാൻ റഷ്ദിയുടെ പുസ്തകത്തെ മതമൗലികവാദികൾ നിരോധിച്ചതിനെ നിങ്ങൾ ന്യായീകരിക്കുമോ? എം മുകുന്ദന്റെ കൃതികളാണ് ഭാംഗും ചരസ്സും കഞ്ചാവും ഒക്കെ നമ്മുടെ ചെറുപ്പക്കാർക്ക് പരിചയപ്പെടുത്തിയത് എന്ന ‘ന്യായത്തിൽ’ നിങ്ങളും വിശ്വസിക്കുന്നോ? മഹത്തുക്കളായ Quintine Tarantino, Michael Hanake എന്നിവരുടെയൊക്കെ സിനിമകൾ കണ്ടവരെല്ലാം തെറ്റായ വഴികളിലേക്ക് ആണോ ചരിച്ചത് ? Inglonio Bastards, Django Unchained, Kill Bill പോലുള്ള സിനിമകൾ ആണോ അമേരിക്കൻ കുട്ടികളിൽ അക്രമവാസന ഉണ്ടാക്കിയത്?

കുറ്റകൃത്യങ്ങൾക്ക് പലപ്പോഴും കാരണമാവുന്നത് കേരളത്തിലെ ക്യാമ്പസുകളിലും, നിരത്തുകളിലും, ചില ഹോട്ടലുകളിലും, ബാറുകളിലും സുലഭമായി കിട്ടുന്ന സിന്തറ്റിക്ക് ലഹരിയാണെന്നാണ് പോലിസും, എക്സൈസും, മാധ്യമങ്ങളും പറയുന്നത്. ലഹരിയുടെ ഈ കുത്തൊഴുക്കിന് കാരണവും ഏതാനും സിനിമകളിലെ ലഹരിഉപയോഗത്തിന്റെ ദൃശ്യവത്ക്കരണമാണെന്നാണോ വാദം? മലയാളത്തിലെ ഏറ്റവും ജനസമ്മിതിയുള്ള നടനെക്കൊണ്ട് “നർക്കോട്ടിക്സ് ഇസ് എ ഡെർട്ടി ബിസിനസ്” എന്ന് വൻ വിജയം നേടിയ രണ്ടു സിനിമകളിൽ പറയിച്ചത് ഞങ്ങളുടെ സഹപ്രവർത്തകരായ എഴുത്തുകാരും സംവിധായകരുമാണ്. തീയറ്ററിൽ പ്രകമ്പനം സൃഷ്ടിച്ച ആ രംഗങ്ങൾക്കില്ലാത്ത സ്വാധീനശക്തി സിലക്റ്റിവായി മറ്റ് സിനിമാരംഗങ്ങൾക്ക് ചാർത്തിക്കൊടുക്കുന്നതിലെ ഇരട്ടത്താപ്പും സാരള്യവും ലഹരിയുടെ മാരക പ്രവാഹത്തെ നിയന്ത്രിക്കാൻ കഴിയാതെ പരാജയപ്പെട്ടുപോയ സിസ്റ്റത്തിന്റെ ജാമ്യമെടുക്കലാണ് എന്ന് ഞങ്ങൾ കരുതുന്നു. നമ്മുടെ സ്കൂൾ / കോളേജ് ക്യാമ്പസുകളിൽ വർദ്ധിതമായ രീതിയിൽ ലഹരിയുടെ ഉപയോഗവും വിപണനവും നടക്കുന്നു. ഇത് വിരൽ ചൂണ്ടുന്നത്, നിതാന്ത ജാഗ്രതയോടെ തിരുത്തൽ ശക്തികളായി നിലകൊള്ളുമെന്ന് പ്രതീക്ഷിക്കുന്ന വിദ്യാർത്ഥിപ്രസ്ഥാനങ്ങളുടെ സംഘടനാസുഷുപ്തിയിലേക്കാണ്. ലഹരിയും, ഇടിമുറികളും, കിരാതമായ റാഗിങ്ങും ക്യാമ്പസുകളുടെ ‘റ്റു ഡു’ ലിസ്റ്റിലെ പ്രധാന വിഷയങ്ങളാവുമ്പോൾ, നിശിതമായ സ്വയംവിമർശനത്തിലൂടെ ഉയർത്തെഴുന്നേല്ക്കണ്ടവർ സിനിമയെ പഴിചാരി അലസ സംതൃപ്തി നേടുന്നതിൽ ഞങ്ങൾക്ക് ദുഃഖവും നിരാശയുമുണ്ട്.

ലോകത്തിന്റെ നാനാ ഭാഗത്തുനിന്നും നമ്മുടെ കൺമുന്നിലേക്ക് എത്തുന്നത് പരിധിയില്ലാത്ത വിഷ്വൽ ഡേറ്റായാണ്. നിർമ്മിതബുദ്ധിയുടെ കടന്നുവരവോടെ കാര്യങ്ങൾ പ്രവചനാതീതമാകുന്ന അവസ്ഥയുണ്ട്. ഇവിടെ എന്തു കാണണമെന്നും എങ്ങനെ കാണണമെന്നും നിർബന്ധമായും കുട്ടികൾക്ക് പരിശീലനം നല്കേണ്ടതുണ്ട്. വിദ്യാഭ്യാസ-അധ്യാപന രീതികളിൽ മാറുന്ന ലോകത്തെയും മാറുന്ന കാഴ്ചകളെയും ഉൾക്കൊള്ളാൻ പറ്റിയ നിലയിൽ പുതിയ പഠന രീതികൾ സ്വീകരിക്കേണ്ടതുണ്ട്. സമൂഹത്തിലുണ്ടാവുന്ന നാമ്പത്തിക-സാംസ്കാരിക അരക്ഷിതാവസ്ഥകൾ കൈകാര്യം ചെയ്യാൻ ഭരണകൂട ഇടപെടലുകൾ നടത്തേണ്ടതുണ്ട്. ഇതൊക്കെ അറിയാമെന്നിരിക്കിലും വെറുതെ സിനിമക്കും സിനിമാക്കാർക്കുമിരിക്കട്ടെ ഒരു പണി എന്നതാണ് ചില പ്രബലശക്തികളുടെ നിലപാടെങ്കിൽ അത് വിഴുങ്ങാൻ സിനിമാ പ്രവർത്തകരെന്ന നിലയിൽ ഞങ്ങൾക്ക് ബുദ്ധിമുട്ടുണ്ട്. ഞങ്ങളും ഈ സമൂഹത്തിന്റെ പരിഛേദം തന്നെയാണെന്നും അച്ഛനമ്മമാരും അദ്ധ്യാപകരുംഒക്കെ പങ്കുവയ്ക്കുന്ന ആശങ്കകൾ ഞങ്ങളുടേതും കൂടിയാണെന്ന് ഓർമ്മപ്പെടുത്തുന്നു.

ഒരു കാര്യം കൂടി പറഞ്ഞ് ഈ കുറിപ്പ് അവസാനിപ്പിക്കാം. വയലൻസിനെ കേവലമായി ചരക്കുവത്ക്കരിക്കുന്ന, ആനന്ദത്തിന്റെ ഹേതുവും ഉപാധിയും അതു തന്നെയെന്ന രീതിയിൽ വ്യവഹരിക്കുന്ന ആവിഷ്ക്കാരങ്ങൾ വിമർശന വിധേയമാക്കേണ്ടതു തന്നെയാണ്. അപ്പോഴും അത്തരം ആഖ്യാനങ്ങൾക്ക് രസനീയത നൽകുന്ന ഒരു സാമൂഹിക-സംവേദന വ്യവസ്ഥ / അവസ്ഥ ഇവിടെ നിലനില്ക്കുന്നു എന്ന യഥാർത്ഥ്യം നമ്മൾ മറക്കരുത്. വയലൻസിന്റെ അത്തരം പ്രതിനിധാനങ്ങളെ ജാഗ്രതയോടെയും, സൂക്ഷ്മതയോടെയും സമീപിക്കുന്ന സംവാദ സന്നദ്ധത ഞങ്ങൾക്കുണ്ട്. ജനാധിപത്യപരമായ അത്തരം സംവാദങ്ങൾ ഞങ്ങൾ ഇതിനകം തുടങ്ങിവെച്ചു കഴിഞ്ഞു എന്നും അറിയിക്കുന്നു.

സിനിമ ആത്യന്തികമായി മനുഷ്യ പക്ഷത്ത് തന്നെയാണ് നിലനിൽക്കുന്നത്. ജീവിത ക്ലേശങ്ങളിൽ പരാജിതയായവൾ / പരാജിതനായവൻ ഉയർന്നുവരും എന്നു തന്നെയാണ് എല്ലാ കഥകളും പറയാൻ ശ്രമിക്കുന്നത്. ഒരു കലാരൂപം എന്ന നിലയിൽ സിനിമ ഉയർത്തിപ്പിടിക്കാൻ ശ്രമിക്കുന്നതും മനുഷ്യപക്ഷത്തിന്റെ രാഷ്ട്രീയം തന്നെ.

ഫെഫ്ക ഡയറക്‌ടേഴ്‌സ് യൂണിയൻ

News Desk

Recent Posts

Most Played Online Casino Games

Most Played Online Casino Games Aries, but 888 is offering a 120% bonus to new…

5 days ago

Deposit 3 Get 150 Free Casino Uk

Deposit 3 Get 150 Free Casino Uk So for all these reasons, the house takes…

5 days ago

No Deposit Slots No Mobile Number

No Deposit Slots No Mobile Number In Australia, Booongo currently does not produce any such…

5 days ago

Best Instadebit Casino Loyalty Program Casino Uk

Best Instadebit Casino Loyalty Program Casino Uk A trio of the pair of 7s that…

5 days ago

Non Gamstop Casino Cashback Uk

Non Gamstop Casino Cashback Uk Any revenue generated by the potential sale of an app…

5 days ago

Native Uk Casinos In Montana

Native Uk Casinos In Montana It doesnt take a genius to figure out the direction…

5 days ago