അഞ്ചുദിവസത്തെ പ്രവൃത്തിവാരം ഉൾപ്പെടെ വിവിധ ആവശ്യങ്ങളുമായി എഐബിഒഎയുടെ രാജ്യവ്യാപക പണിമുടക്ക്.
തിരുവനന്തപുരം: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ബാങ്ക് ഓഫീസർമാർ രാജ്യവ്യാപകമായി നാല് ദിവസത്തെ പണിമുടക്ക് നടത്തുമെന്ന് ഓൾ ഇന്ത്യ ബാങ്ക് ഓഫീസേഴ്സ് അസോസിയേഷൻ (AIBOA) സംസ്ഥാന ജനറൽ സെക്രട്ടറി എച്ച്. വിനോദ് കുമാർ അറിയിച്ചു. രാജ്യവ്യാപകമായി സംഘടന ആഹ്വാനം ചെയ്ത പണിമുടക്കിൽ കേരളത്തിലെ ബാങ്ക് ഓഫീസർമാരും പങ്കെടുക്കും.
സെപ്തംബർ 11, 28, 29, 30 തീയതികളിലാണ് പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. ഇതോടെ സെപ്തംബർ 28 മുതൽ 30 വരെ തുടർച്ചയായി മൂന്ന് ദിവസങ്ങളിൽ ബാങ്കുകളുടെ പ്രവർത്തനം ബാധിക്കപ്പെടും.
ബാങ്കുകളുടെ പ്രവൃത്തിദിനം ആഴ്ചയിൽ അഞ്ച് ദിവസമാക്കുക എന്നതാണ് ജീവനക്കാരുടെ പ്രധാന ആവശ്യങ്ങളിലൊന്ന്. 2024 മാർച്ചിൽ ബാങ്ക് മാനേജ്മെന്റുകളുടെ കൂട്ടായ്മയായ ഇന്ത്യൻ ബാങ്ക്സ് അസോസിയേഷൻ (IBA) ബാങ്കുകളുടെ പ്രവൃത്തിദിനം അഞ്ച് ദിവസമാക്കുന്നതിനുള്ള തീരുമാനമെടുത്തിരുന്നുവെങ്കിലും ഇതുമായി ബന്ധപ്പെട്ട തുടർനടപടികൾ കേന്ദ്രസർക്കാർ കൈക്കൊണ്ടിട്ടില്ലെന്നാണ് ബാങ്ക് യൂണിയനുകളുടെ ആരോപണം.
ഇതിന് പുറമെ ബാങ്ക് ഓഫീസർമാരുടെ ഇൻസെന്റീവ് വ്യവസ്ഥകൾ പാലിക്കുക, വാർഷിക ശമ്പളത്തിന്റെ അടിസ്ഥാനത്തിൽ PLI (Performance Linked Incentive) ആനുപാതികമായി നൽകുക, IDBI ബാങ്കിന്റെ വിദേശവൽക്കരണ പ്രക്രിയ അവസാനിപ്പിക്കുക, ബാങ്കിംഗ് മേഖലയിലെ ജീവനക്കാർക്ക് നൽകിയ ഉറപ്പുകൾ പാലിക്കുക തുടങ്ങിയ ആവശ്യങ്ങളും സംഘടന മുന്നോട്ടുവയ്ക്കുന്നു.
ഈ ആവശ്യങ്ങൾ അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് രാജ്യവ്യാപക പണിമുടക്ക് നടത്തുന്നതെന്ന് എച്ച്. വിനോദ് കുമാർ തിരുവനന്തപുരത്ത് പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ അറിയിച്ചു.
