തിരുവനന്തപുരം | നവംബർ 3, 2026
പൊതുഖജനാവിൽ നിന്ന് ചെലവഴിക്കുന്ന ഓരോ രൂപയ്ക്കും കൃത്യമായ കണക്കുണ്ടാകണമെന്നും അനുവദിച്ചിട്ടുള്ള ആവശ്യങ്ങൾക്കായി പൊതുപണം പൂർണമായും വിനിയോഗിക്കണമെന്നും ലോക്‌സഭാ സ്പീക്കർ ഓം ബിർള. പൊതുചെലവുകൾ ജനങ്ങളുടെ ജീവിതത്തിൽ യഥാർഥ മാറ്റങ്ങൾ സൃഷ്ടിക്കുന്നുവെന്ന് ഉറപ്പാക്കേണ്ടത് പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റികളുടെ (PAC) പ്രധാന ഉത്തരവാദിത്തമാണെന്നും അദ്ദേഹം വ്യക്തമാക്കി.
തിരുവനന്തപുരത്ത് ഇന്ത്യൻ പാർലമെന്റിലെയും സംസ്ഥാന, കേന്ദ്രഭരണ പ്രദേശങ്ങളിലെയും നിയമസഭകളിലെ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി അധ്യക്ഷന്മാരുടെ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
10 മുതൽ 20 വർഷം വരെ ഓഡിറ്റ് പരാമർശങ്ങൾ തീർപ്പാകാതെ തുടരുന്നത് ഗൗരവകരമാണെന്ന് ഓം ബിർള പറഞ്ഞു. ഇത്തരം വിഷയങ്ങളിൽ സമയബന്ധിതമായ നടപടികൾ ഉറപ്പാക്കുന്നതിന് വ്യക്തമായ കർമപദ്ധതി തയ്യാറാക്കണം.
ഓഡിറ്റ് കണ്ടെത്തലുകൾ പരിശോധിക്കുന്നതിൽ മാത്രം കമ്മിറ്റികളുടെ പ്രവർത്തനം ഒതുങ്ങരുത്. അനുവദിച്ച ഫണ്ടുകൾ ഉദ്ദേശിച്ച ലക്ഷ്യങ്ങൾ കൈവരിച്ചിട്ടുണ്ടോ എന്നും പരിശോധിക്കണം. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ സംയുക്തമായി നിരീക്ഷണ സംവിധാനങ്ങൾ ശക്തിപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി അധ്യക്ഷനായി പ്രതിപക്ഷ അംഗത്തെ നിയമിക്കുന്ന ജനാധിപത്യ പാരമ്പര്യം ഇന്ത്യൻ പാർലമെന്ററി സംവിധാനത്തിന്റെ കരുത്താണെന്ന് ഓം ബിർള അഭിപ്രായപ്പെട്ടു.
രാഷ്ട്രീയ അഭിപ്രായവ്യത്യാസങ്ങൾ നിലനിൽക്കുമ്പോഴും പൊതുപണത്തിന്റെ സംരക്ഷണത്തിൽ എല്ലാവർക്കും ഒരേ ഉത്തരവാദിത്തമാണുള്ളത്. സാമ്പത്തിക ക്രമക്കേടുകൾ, പാഴ്‌ചെലവ്, പൊതുഫണ്ടുകളുടെ ദുരുപയോഗം എന്നിവ തടയുകയാണ് കമ്മിറ്റികളുടെ പ്രധാന ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
സാമ്പത്തിക മേൽനോട്ടം ശക്തിപ്പെടുത്തുന്നതിന് നിർമിതബുദ്ധി (AI), ഡാറ്റാ അനലിറ്റിക്സ്, ആധുനിക സാങ്കേതികവിദ്യ എന്നിവ പ്രയോജനപ്പെടുത്തണമെന്ന് സ്പീക്കർ നിർദേശിച്ചു.
വൻതോതിലുള്ള ചെലവുവിവരങ്ങൾ വിശകലനം ചെയ്യാനും സാമ്പത്തിക ക്രമക്കേടുകളുടെ സാധ്യതകൾ തിരിച്ചറിയാനും ഓഡിറ്റ് നടപടികൾ കൂടുതൽ കാര്യക്ഷമമാക്കാനും സാങ്കേതികവിദ്യ സഹായകമാകും.
അടിസ്ഥാനസൗകര്യ പദ്ധതികളുടെ ഗുണനിലവാരം ഉറപ്പാക്കുന്നതിന് ആവശ്യമായിടത്ത് കമ്മിറ്റികൾ പദ്ധതി സ്ഥലങ്ങൾ നേരിട്ട് സന്ദർശിക്കണമെന്നും സാമൂഹ്യക്ഷേമ പദ്ധതികളുടെ യഥാർഥ ഗുണഫലങ്ങൾ വിലയിരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പാർലമെന്റിന്റെ ഓരോ സമ്മേളനത്തിലും കുറഞ്ഞത് ഒരു പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി റിപ്പോർട്ടും അതിന്മേൽ സർക്കാർ സ്വീകരിച്ച നടപടികളും ചർച്ച ചെയ്യണമെന്ന് ലോക്‌സഭാ PAC അധ്യക്ഷൻ കെ.സി. വേണുഗോപാൽ ആവശ്യപ്പെട്ടു.
പൊതുചെലവുകൾ പരിശോധിക്കുന്നതിനൊപ്പം അവ ജനങ്ങൾക്ക് എത്രത്തോളം പ്രയോജനപ്പെടുന്നുവെന്നതും വിലയിരുത്തണം. ക്ഷേമപദ്ധതികളും വൻകിട അടിസ്ഥാനസൗകര്യ പദ്ധതികളും കൃത്യമായ സാമ്പത്തിക പരിശോധനയ്ക്ക് വിധേയമാക്കണമെന്നും അദ്ദേഹം പറഞ്ഞു.
കേരള മുഖ്യമന്ത്രി വി.ഡി. സതീശൻ, രാജ്യസഭാ ഉപാധ്യക്ഷൻ ഹരിവംശ്, ലോക്‌സഭാ PAC അധ്യക്ഷൻ കെ.സി. വേണുഗോപാൽ, കേരള നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ, കേരള നിയമസഭാ PAC അധ്യക്ഷൻ കെ.എൻ. ബാലഗോപാൽ എന്നിവർ ഉദ്ഘാടന സമ്മേളനത്തിൽ സംസാരിച്ചു.
കേരള നിയമസഭാ ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാൻ നന്ദി രേഖപ്പെടുത്തി. ചടങ്ങിൽ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി കോൺഫറൻസ് സുവനീർ 2026 പ്രകാശനം ചെയ്തു.
പൊതുചെലവുകളിൽ സുതാര്യതയും സാമ്പത്തിക അച്ചടക്കവും ഉറപ്പാക്കുന്നതിനുള്ള പ്രായോഗിക നിർദേശങ്ങൾ സമ്മേളനത്തിൽ നിന്ന് ഉയർന്നുവരുമെന്ന പ്രതീക്ഷയും ലോക്‌സഭാ സ്പീക്കർ പങ്കുവച്ചു.
വാർത്താ ഉറവിടം: PIB തിരുവനന്തപുരം, 03 നവംബർ 2026.
തിരുവനന്തപുരം: നാടിനെയും കാടിനെയും ഒരുപോലെ വിറപ്പിച്ച അരികൊമ്പന്റെ കഥ ഇനി ബിഗ് സ്‌ക്രീനിലേക്ക്. കാട്ടാനയുടെ സാന്നിധ്യവും കാടിന്റെ മക്കളുടെ അതിജീവന…
തിരുവനന്തപുരം: ഇന്ത്യൻ പാർലമെന്റിലെയും വിവിധ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും നിയമസഭകളിലെ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി (PAC) അധ്യക്ഷന്മാരുടെ ദേശീയ സമ്മേളനത്തിന്…
തിരുവനന്തപുരം: വിദ്യാർത്ഥികളുടെ ശാസ്ത്രകൗതുകവും സർഗാത്മകതയും നൂതന ആശയങ്ങളും പ്രദർശിപ്പിച്ച് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എജ്യുക്കേഷൻ ആൻഡ് റിസർച്ച് (ഐഐഎസ്ഇആർ)…
തിരുവനന്തപുരം: പി.എസ്.സിയിലെ നിയമന ക്രമക്കേടുകളും ഗുരുതരമായ അഴിമതി ആരോപണങ്ങളും ഉയർന്ന സാഹചര്യത്തിൽ പി.എസ്.സി ചെയർമാനെയും അംഗങ്ങളെയും സ്ഥാനത്തുനിന്ന് നീക്കാൻ സംസ്ഥാന…
കൊച്ചി: ഇന്ത്യൻ ഭക്ഷ്യ സംരംഭങ്ങളുടെ ആഗോള വിപണി സാധ്യതകളും അന്താരാഷ്ട്ര വാണിജ്യ പങ്കാളിത്തവും ലക്ഷ്യമിട്ട് സീബെറി ഫുഡ്സ് സംഘടിപ്പിക്കുന്ന 'ഫുഡ്…
തിരുവനന്തപുരം: ഐക്യത്തിന്റെയും കേരളീയ സംസ്കാരത്തിന്റെയും സന്ദേശം പകർന്ന് ഭാരതീയ വിദ്യാഭവൻ സീനിയർ സെക്കൻഡറി സ്കൂളിൽ കേരളപ്പിറവി ദിനാഘോഷം വിവിധ പരിപാടികളോടെ…