
തിരുവനന്തപുരം: ഡീലിമിറ്റേഷന്റെ ഭാഗമായി തിരുവനന്തപുരം കോര്‍പറേഷനില്‍ നടന്ന വാര്‍ഡ് വിഭജനം അസന്തുലിതവും വിവേചനപരവുമാണെന്നും അടിയന്തരമായി പുനപരിശോധന നടത്തി ആവശ്യമായ തിരുത്തല്‍ നടപടി സ്വീകരിക്കണമെന്നുമാവശ്യപ്പെട്ട് എസ്ഡിപിഐ തിരുവനന്തപുരം ജില്ലാ ജനറല്‍ സെക്രട്ടറി സലീം കരമന സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്കി. ഡീലിമിറ്റേഷന്‍ മുമ്പ് തിരുവനന്തപുരം കോര്‍പറേഷനില്‍ 100 വാര്‍ഡുകളാണ് ഉണ്ടായിരുന്നത്. ഇപ്പോള്‍ 101 ആക്കി വര്‍ധിപ്പിച്ചിരിക്കുകയാണ്. വാര്‍ഡ് അതിര്‍ത്തി പുനര്‍നിര്‍ണയത്തിനു ശേഷം ന്യൂനപക്ഷ കേന്ദ്രീകൃത മേഖലകളില്‍ ആസൂത്രിതമെന്നു സംശയിക്കത്തക്ക തരത്തിലുള്ള പുനക്രമീകരണങ്ങളാണ് നടന്നിരിക്കുന്നത്. പത്താം വാര്‍ഡായ പാങ്ങപ്പാറയില്‍ മൂന്നു ബൂത്തുകളിലായി 3153 വോട്ടര്‍മാര്‍ മാത്രമുള്ളപ്പോള്‍ ബീമാപ്പള്ളി വാര്‍ഡില്‍ 17 ബൂത്തുകളിലായി 17223 വോട്ടര്‍മാരാണ് ഉള്ളത്. പൂന്തുറ 70 ാം വാര്‍ഡില്‍ 10 ബൂത്തുകളിലായി 14634 വോട്ടര്‍മാരും വാര്‍ഡ് 82 ഫോര്‍ട്ട് വാര്‍ഡില്‍ ഒന്‍പത് ബൂത്തുകളിലായി 13902 വോട്ടര്‍മാരുമാണ്. വിഴിഞ്ഞം, വലിയതുറ, വള്ളക്കടവ് വാര്‍ഡുകളിലും പതിനൊന്നായിരിത്തിനു മുകളിലാണ് വോട്ടര്‍മാര്‍. ന്യൂനപക്ഷ വിഭാഗങ്ങള്‍ ഉള്‍പ്പെടുന്ന മേഖലകളില്‍ വോട്ടര്‍മാരെ കുത്തിനിറച്ച് പരമാവധി അവരില്‍ നിന്നുള്ള ജനപ്രതിനിധികളെ വെട്ടിക്കുറയ്ക്കാനുള്ള ആസൂത്രിത ശ്രമമാണ് നടന്നിരിക്കുന്നത്. വാര്‍ഡിലെ ജനസംഖ്യയെ എങ്ങിനെ ക്രമീകരിക്കണമെന്നുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ മുഴുവന്‍ കാറ്റില്‍ പറത്തിയാണ് വാര്‍ഡുകളുടെ അതിര്‍ത്തികള്‍ നിര്‍ണയിച്ചിരിക്കുന്നത്. ജനപ്രതിനിധികളുടെ എണ്ണം വെട്ടിക്കുറയ്ക്കുന്നതിനോടൊപ്പം ഫണ്ട് വിനിയോഗത്തിലും അസമത്വത്തിനും അതുവഴി ന്യൂനപക്ഷ മേഖലകളില്‍ വികസന മുരടിപ്പിനും ഇത് ഇടയാക്കും. ആയതിനാല്‍ സംസ്ഥാന ഡീലിമിറ്റേഷന്‍ കമ്മീഷന് ചെയര്മാന് എന്ന നിലയില്‍ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന് വിഷയത്തില്‍ സത്വരവും സമഗ്രവുമായ പരിഹാരണം കാണണമെന്നും പരാതിയിലൂടെ ആവശ്യപ്പെട്ടു. എസ്ഡിപിഐ ജില്ലാ സെക്രട്ടറി സിയാദ് തൊളിക്കോട്, തിരുവനന്തപുരം മണ്ഡലം പ്രസിഡന്റ് ജെ കെ അനസ് സംബന്ധിച്ചു.