
ഇടുക്കി ഭൂഗര്‍ഭ വൈദ്യുതിനിലയത്തിലെ 5, 6 നമ്പര്‍ ജനറേറ്ററുകളുടെ അപ്പ്സ്ട്രീം സീലുകളുടെ അറ്റകുറ്റപ്പണികൾക്കായി നിലയം 2025 നവംബര്‍ 11 മുതല്‍ ഡിസംബര്‍ 10 വരെ അടച്ചിടാൻ തീരുമാനിച്ചതായി കെ എസ് ഇ ബി അറിയിച്ചു.
സീലുകൾ ശരിയായി പ്രവർത്തിക്കാത്തത് മൂലം വാൽവ് ബോഡിയിൽ കൂടി വെള്ളം പരിധിയിലധികമായി ലീക്ക് ചെയ്യുകയാണ്. ഇതുമൂലം ഭാവിയിൽ ഡൗൺസ്ട്രീം ഭാഗത്ത് ആവശ്യമായ അറ്റകുറ്റപ്പണികൾ സുരക്ഷിതമായി നടത്താൻ സാധിക്കാതെ വരും. നിലവിൽ 5, 6 മെഷീനുകളിലെ ലിക്ക് ക്രമമായി കൂടുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ഇടുക്കി ഭൂഗര്‍ഭ വൈദ്യുതിനിലയം പൂര്‍ണ്ണമായും അടച്ചിടാന്‍ തീരുമാനിച്ചിരിക്കുന്നത്.
മെയിൻ ഇൻലെറ്റ് വാൽവുകളുടെ അറ്റകുറ്റ പണികൾ യഥാസമയം നടത്താതിരിക്കുന്നത് ഇടുക്കി ഭൂഗർഭ നിലയത്തിന്റെ സുരക്ഷയെ തന്നെ ബാധിക്കാവുന്നതാണ്. 4,5,6 നമ്പര്‍ ജനറേറ്ററുകളിലേക്ക് ജലമെത്തിക്കുന്ന ബട്ടർഫ്ലൈ വാൽവ് നമ്പർ 2-ൽ അനുവദനീയമായതിലധികം ചോർച്ച കണ്ടെത്തിയിട്ടുള്ളതിനാൽ, യൂണിറ്റ് 5, 6 എന്നിവയിലെ തകരാറിലായ അപ്പ്സ്ട്രീം സീലുകൾ അറ്റകുറ്റപ്പണി ചെയ്യുന്നതിനായി പ്രസ്തുത വാൽവ് മാത്രം പ്രവർത്തിപ്പിക്കുന്നത് മതിയാകാതെവരും. ആയതിനാൽ അറ്റകുറ്റപ്പണികൾക്കായി ഇൻടേക്ക് ഷട്ടർ താഴ്ത്തുകയും പവർ ടണൽ പൂർണ്ണമായി ഡ്രെയിൻ ചെയ്യുകയും വേണം. അതിനാൽ ഇടുക്കി നിലയം പൂർണമായും അടച്ചിടേണ്ട സാഹചര്യം ഒഴിവാക്കാനാകില്ല.
പൂർണ ഷട്ട്ഡൗൺ കാലയളവിൽ പൊതുജനങ്ങൾക്ക് ഉണ്ടാകാവുന്ന അസൗകര്യങ്ങൾ പരമാവധി കുറയ്ക്കുന്നതിന് വേണ്ട മുന്നൊരുക്കങ്ങള്‍ സ്വീകരിക്കണമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി നിര്‍ദ്ദേശിച്ചിരുന്നു. തയ്യാറെടുപ്പെന്ന നിലയിൽ മൺസൂൺ മാസങ്ങളിൽ ഇടുക്കി പവർഹൗസ് പരമാവധി പ്രവർത്തിപ്പിക്കുകയും ഉത്പാദിപ്പിച്ച വൈദ്യുതി വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളുമായി ബാങ്ക് ചെയ്യുകയും ചെയ്തു. നവംബർ ഡിസംബർ മാസങ്ങളിൽ നേരത്തെ ബാങ്ക് ചെയ്ത വൈദ്യുതി തിരികെ ലഭ്യമാക്കാനുള്ള നടപടികള്‍ പൂര്‍ത്തീകരിക്കാനും കഴിഞ്ഞു. ഇതിലൂടെ അധിക സാമ്പത്തിക ബാധ്യതയില്ലാതെ ഷട്ട്ഡൗൺ കാലത്തെ വൈദ്യുതി ലഭ്യത ഉറപ്പാക്കാനും കഴിയും.
ഷട്ട്ഡൗൺ ജൂൺ – ജൂലൈ മാസങ്ങളിൽ ക്രമീകരിച്ചിരുന്നുവെങ്കിൽ ഇടുക്കി ജലാശയം സ്പിൽ ചെയ്യാനുള്ള സാധ്യതയും തത്ഫലമായി പെരിയാർ നദീതീരങ്ങളില്‍ പ്രളയ ഭീഷണിക്കും ആലുവ പോലുള്ള താഴ്ന്ന പ്രദേശങ്ങളിൽ വെള്ളപ്പൊക്കത്തിനും സാധ്യതയുണ്ടായിരുന്നു. ജലാശയത്തിലെ സ്പിൽ ഭീഷണി, മൂവാറ്റുപുഴ നദീതടത്തിലെ ജലസേചനവും കുടിവെള്ള ആവശ്യങ്ങളും, മാക്സിമം ഡിമാൻഡ് നിറവേറ്റാനുള്ള ലഭ്യത ഉറപ്പുവരുത്തല്‍ എന്നിവ ഉൾപ്പെടെയുള്ള വിവിധ ഘടകങ്ങൾ പരിഗണിച്ചാണ് പവർഹൗസിന്റെ പൂര്‍ണ്ണ ഷട്ട്ഡൗൺ സമയക്രമം ആസൂത്രണം ചെയ്തിട്ടുള്ളത്. വടക്കു കിഴക്കൻ മൺസൂൺ ആരംഭവും മുല്ലപ്പെരിയാർ ജലാശയത്തിൽ ഉണ്ടായേക്കാവുന്ന സ്പീൽ ഭീഷണിയും പരിഗണിച്ച് ഇടുക്കി ജലാശയത്തിന്റെ റൂൾകർവ്വ് ലംഘനത്തിന്റെ സാധ്യത പൂർണമായി ഒഴിവാക്കുന്നതിനാണ് ഷട്ട്ഡൗൺ നവംബർ 10 വരെ നീട്ടിവെച്ചത്. ഡിസംബർ മുതൽ മൂവാറ്റുപുഴ നദീതടത്തിലെ കുടിവെള്ളവും ജലസേചന ആവശ്യങ്ങളും പരിഗണിക്കേണ്ടതിനാൽ ഷട്ട്ഡൗൺ കൂടുതൽ നീട്ടാൻ സാധ്യവുമല്ല.
1976, 1986 വർഷങ്ങളിൽ രണ്ടുഘട്ടങ്ങളിലായി പ്രവർത്തനം ആരംഭിച്ച ഇടുക്കി ജലവൈദ്യുത പദ്ധതിയില്‍ 130 മെഗാവാട്ട് ശേഷിയുള്ള ആറ് ജനറേറ്ററുകൾ ആണ് ഉള്ളത്. പെൻസ്റ്റോക്കിലൂടെ ടർബൈനിലേക്ക് പ്രവേശിക്കുന്ന വെള്ളത്തിന്റെ ഒഴുക്ക് നിയന്ത്രിക്കുന്നതിനായി പവർഹൗസിൽ മെയിൻ ഇൻലെറ്റ് വാൽവുകൾ (MIV) സ്ഥാപിച്ചിട്ടുണ്ട്. ഇടുക്കി പവർഹൗസിൽ 1600 mm വ്യാസമുള്ള സ്ഫെറിക്കൽ വാൽവുകൾ ആണ് മെയിൻ ഇൻലെറ്റ് വാൽവുകളായി ഉപയോഗിച്ചിട്ടുള്ളത്. ഈ വാൽവുകളിൽ രണ്ട് തരത്തിലുള്ള സീലുകളാണുള്ളത് — സർവീസ് / ഡൗൺസ്ട്രീം സീലും മെയിന്റനൻസ് / അപ്പ്സ്ട്രീം സീലും. മെഷീൻ ഓഫ് ചെയ്താൽ, ഡൗൺസ്ട്രീം സീൽ സ്വയമേവ പ്രവർത്തിച്ച് ടർബൈനിലേക്കുള്ള വെള്ളത്തിന്റെ ഒഴുക്ക് തടയും. ഡൗൺസ്ട്രീം ഭാഗത്ത് അറ്റകുറ്റപ്പണികൾ നടത്തേണ്ട സാഹചര്യങ്ങളിൽ, സുരക്ഷ ഉറപ്പാക്കുന്നതിനായി അപ്പ്സ്ട്രീം സീൽ പ്രവർത്തിപ്പിക്കേണ്ടതുണ്ട്. ആയതിനാല്‍ നിലവില്‍ ആസൂത്രണം ചെയ്തിരിക്കുന്ന അറ്റകുറ്റപ്പണികള്‍ വളരെ പ്രാധാന്യമുള്ളതാണെന്ന് കെ.എസ്.ഇ.ബി. അറിയിച്ചു.
പബ്ലിക് റിലേഷന്‍സ് ഓഫീസര്‍


