
രാജ്യത്ത് ആദ്യമായി സമ്പൂർണ ഡിജിറ്റലൈസേഷൻ നടപ്പിലാക്കുന്ന ട്രാൻസ്പോർട്ട് കോർപ്പറേഷനായി കെഎസ്ആർടിസി മാറിയതായി ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാർ പറഞ്ഞു. കെഎസ്ആർടിസിയുടെ എട്ട് പ്രധാന പദ്ധതികളുടെ ഉദ്ഘാടനം കെഎസ്ആർടിസി ചീഫ് ഓഫീസിൽ നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. ഇന്റഗ്രേറ്റഡ് കമാൻഡ് ആൻഡ് കൺട്രോൾ സെന്റർ, എ ഐ ഷെഡ്യൂളിംഗ് സംവിധാനം, തീർത്ഥാടന ടൂറിസം പദ്ധതി, റോളിങ്ങ് ആഡ്സ് പരസ്യ മോഡ്യൂൾ, വാഹന പുക പരിശോധനാ കേന്ദ്രം, ഹാപ്പി ലോംഗ് ലൈഫ് സൗജന്യയാത്ര കാർഡ് വിതരണം, ദീർഘദൂര ബസുകളിലെ യാത്രക്കാരായ കുട്ടികൾക്കുള്ള ഗിഫ്റ്റ് ബോക്‌സ് വിതരണം, കെഎസ്ആർടിസിയിലെ വനിതാ ജീവനക്കാർക്കായി സൗജന്യ ക്യാൻസർ രോഗ നിർണ്ണയം എന്നിവ മന്ത്രി ഉദ്ഘാടനം ചെയ്തു.
കെഎസ്ആർടിസി സാങ്കേതികമായി വൻ മുന്നേറ്റമാണ് നടത്തിയിരിക്കുന്നത്. എ ഐ അധിഷ്ഠിത ഡിജിറ്റലൈസേഷനിലൂടെ കെഎസ്ആർടിസിയിലെ എല്ലാ സംവിധാനങ്ങളും ഒറ്റ ഡാഷ്‌ബോർഡിൽ ഏകോപിപ്പിച്ചു. സ്ഥാപനത്തിന്റെ അക്കൗണ്ട്‌സ്, കൊറിയർ, സ്പെയർ പാർട്‌സ് വാങ്ങൽ, റീ ഓർഡറിങ്, ഡിസ്ട്രിബ്യൂഷൻ, ബജറ്റ് ടൂറിസം, എസ്റ്റേറ്റ് വാടക പിരിക്കൽ തുടങ്ങിയവയെല്ലാം ഇതിൽ ഉൾപ്പെടും. ഡിജിറ്റൽ യൂണിവേഴ്‌സിറ്റി, സ്റ്റാർട്ടപ്പ് മിഷൻ എന്നിവയുടെ സാങ്കേതിക നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിൽ ഇതിനായുള്ള സോഫ്റ്റ്‌വെയർ കെഎസ്ആർടിസിയ്ക്ക് വേണ്ടി പ്രത്യേകമായി വികസിപ്പിച്ചതാണെന്ന് മന്ത്രി പറഞ്ഞു.
കെഎസ്ആർടിസിയിൽ സജീവമായ അനവധി വികസന മാറ്റങ്ങൾ നടപ്പിലാക്കി വരികയാണ്. ബഡ്ജറ്റ് ടൂറിസം സെല്ലിന്റെ തീർത്ഥാടന ടൂറിസം പദ്ധതി മന്ത്രി ഫ്ലാഗ് ഓഫ് ചെയ്തു. ആദ്യഘട്ടത്തിൽ കേരളം തമിഴ്‌നാട് സംസ്ഥാനങ്ങളിലെ പ്രസിദ്ധമായ തീർത്ഥാടന കേന്ദ്രങ്ങൾ കണക്റ്റ് ചെയ്താണ് സേവനം തുടങ്ങുന്നത്. കെഎസ്ആർടിസിയിൽ എംപാനൽ ചെയ്ത് പരസ്യം മാർക്കറ്റ് ചെയ്ത് നൽകുന്നവർക്ക് 10 ശതമാനം പരസ്യ കമ്മീഷനായി നൽകുമെന്നും മന്ത്രി പറഞ്ഞു.
കെഎസ്ആർടിസി വാഹന പുക പരിശോധന കേന്ദ്രങ്ങൾ ആരംഭിക്കുന്നു. പൊതുജനങ്ങൾക്കും ഈ സേവനം ഉപയോഗപ്പെടുത്താം. വികാസ് ഭവനിൽ ആദ്യ കേന്ദ്രം പൂർത്തിയായി. സംസ്ഥാനത്തുടനീളം കെഎസ്ആർടിസി പുക പരിശോധന കേന്ദ്രങ്ങളും കൂടുതൽ ഡ്രൈവിംഗ് സ്‌കൂളുകളും തുടങ്ങും. ദീർഘദൂര യാത്രകൾക്കുള്ള സ്ലീപ്പർ ബസ് വാങ്ങിയതായും, വോൾവോ സ്ലീപ്പർ ബസുകൾ വാങ്ങുന്ന ആദ്യത്തെ ട്രാൻസ്പോർട്ട് കോർപ്പറേഷനാണ് കെഎസ്ആർടിയെന്നും മന്ത്രി പറഞ്ഞു. ദീർഘദൂര ബസ്സിൽ യാത്ര ചെയ്യുന്ന കുട്ടികൾക്ക് ക്രയോൺസ്, ചിത്രം വരയ്ക്കാനുള്ള പുസ്തകം, ബലൂൺ, ടിഷു പേപ്പർ എന്നിവയുള്ള ഗിഫ്റ്റ് ബോക്‌സ് നൽകും. ദീർഘദൂര ബസ്സിൽ ലഘു ഭക്ഷണം നൽകാനുള്ള പദ്ധതി, ബസ് ക്‌ളീനിംഗ് കുടുംബശ്രീയെ ഏൽപ്പിക്കൽ തുടങ്ങിയവ ചർച്ചയിലാണെന്നും ഉടനെ നടപ്പിലാക്കുമെന്നും മന്ത്രി അറിയിച്ചു.
കെഎസ്ആർടിസിയിലെ വനിതാ ജീവനക്കാർക്കായി ഓങ്കോളജിസ്റ്റ് ഡോ. ഗംഗാധരന്റെ നേതൃത്വത്തിൽ സൗജന്യ ക്യാൻസർ രോഗ നിർണ്ണയ പദ്ധതി തുടങ്ങുകയാണ്. അടുത്ത ഘട്ടമായി ജീവനക്കാരുടെ ക്യാൻസർ ചികിത്സയ്ക്കുള്ള ചെലവ് കമ്പനികളുടെ സി എസ് ആർ ഫണ്ടിലൂടെ കണ്ടെത്തും. ജീവനക്കാരുടെ ആത്മാർത്ഥ പരിശ്രമത്തിലൂടെയാണ് കെഎസ്ആർടിസി മാതൃകപരമായ ഇത്തരം നേട്ടങ്ങൾ കൈവരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
കെഎസ്ആർടിസി സിഎംഡി ഡോ. പി. എസ് പ്രമോജ് ശങ്കർ, വാട്ടർ ട്രാസ്പോർട്ട് വകുപ്പ് ഡയറക്ടർ ഷാജി വി നായർ, കെഎസ്ആർടിസി സാമ്പത്തിക ഉപദേഷ്ടാവും ചീഫ് അക്കൗണ്ട്‌സ് ഓഫീസറുമായ എ ഷാജി, എക്‌സിക്യൂട്ടീവ് ഡയറക്ടർ പി എം ഷറഫ് മുഹമ്മദ് തുടങ്ങിയവർ പങ്കെടുത്തു.


