വ്യോമസേനയുടെ K2K (കന്യാകുമാരി മുതൽ കാർഗിൽ വരെ)  സൈക്കിൾ യാത്രയ്ക്ക് ഇന്ന് തുടക്കമായി

NATIONAL NEWS POPULAR STORIES TRIVANDRUM

അഖണ്ഡത , കായിക ക്ഷമത, സാഹസികത തുടങ്ങിയ സന്ദേശങ്ങളുമായി കന്യാകുമാരി മുതൽ കാർഗിൽ വരെ ഇന്ത്യൻ വ്യോമസോംഗങ്ങൾ നടത്തുന്ന കെ-2-കെ സൈക്കിൾ റാലി ഇന്ന് ആക്കുളം ദക്ഷിണ വ്യോമസേനാ കേന്ദ്രത്തിൽ നിന്നാരംഭിച്ചു.
ദക്ഷിണ വ്യോമസേനാ മേധാവി എയർ മാർഷൽ മനീഷ് ഖന്ന യാത്ര ഫ്ലാഗ് ഓഫ് ചെയ്തു . വൈവിധ്യം നിറഞ്ഞ ഇന്ത്യൻ ഉപഭൂഖണ്ഡത്തിലൂടെയുള്ള യാത്ര ആവേശകരമാകട്ടെ എന്ന് അദ്ദേഹം ആശംസിച്ചു.

ഗ്രൂപ്പ് ക്യാപ്ടൻ ചന്ദ്രശേഖറുടെ നേതൃത്വത്തിൽ രാജ്യത്തെ വിവിധ വ്യോമസേനാ കേന്ദ്രങ്ങളിൽ  നിന്നായി, ടീമിലെ ഏക വനിതയായ ഫ്ലൈറ്റ് ലഫ്റ്റനൻ്റ് ശ്രവാണി ഉൾപ്പെടെ, പന്ത്രണ്ട് സേനാംഗങ്ങളാണ് 4535 കിലോമീറ്റർ നീളുന്ന യാത്രയിൽ പങ്കെടുക്കുന്നത്.  ഒക്ടോബർ 22-ന് കശ്മീർ ദ്രാസ് മേഖലയിലെ കാർഗിൽ യുദ്ധ സ്മാരകത്തിൽ യാത്ര സമാപിക്കും.

രാജ്യത്തിൻ്റെ ഭൂമി ശാസ്ത്ര വൈവിധ്യങ്ങളെ കൂട്ടി ഇണക്കുന്നതാണ് തെക്കേ അറ്റത്തു നിന്ന് ഉയർന്ന വടക്കൻ മേഖലയിലേക്കുള്ള സൈക്കിൾ പര്യടനം.
ദേശ സ്നേഹം, കായിക ക്ഷമത, സാഹസികത തുടങ്ങിയ വിഷയങ്ങളിൽ യുവാക്കളും തദ്ദേശവാസികളുമായി സേനാംഗങ്ങൾ സംവദിക്കും.

പ്രതിരോധ സേനകൾ ഉയർത്തിപ്പിടിക്കുന്ന ആരോഗ്യകരമായ ജീവിത ശൈലി, ദേശീയ ഐക്യം, ധീരത, സ്ഥിരോത്സാഹം എന്നീ മൂല്യങ്ങളുടെ അംബാസഡർമാരായാണ് സേനാംഗങ്ങളുടെ യാത്ര. രാജ്യത്തെ സാംസ്കാരിക വൈവിധ്യവും സേനാംഗങ്ങളുടെ നിശ്ചയദാർഢ്യവും ഉയർത്തിപ്പിടിക്കുന്നതിനുള്ള പ്രതിജ്ഞ ബദ്ധത പ്രകടമാക്കുന്നതാണ് സൈക്കിൾ റാലി.