തിരുവനന്തപുരം:
തിരുവനന്തപുരം മേയർ, ഡെപ്യൂട്ടി മേയർ തിരഞ്ഞെടുപ്പിൽ വി.വി.രാജേഷിനും ആശാനാഥിനും പിന്തുണ നൽകുമെന്ന് കണ്ണമ്മൂല വാർഡിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട എം.രാധാകൃഷ്ണൻ്റെ ഇലക്ഷൻ കമ്മിറ്റിക്കു വേണ്ടി ചെയർപേഴ്സൺ ആശ പി.ആറും ജനറൽ കൺവീനർ അഡ്വ.വിമൽ ജോസും അറിയിച്ചു. കണ്ണമ്മൂല വാർഡിൻ്റെ ഗ്രീൻ ഫ്ലോ കണ്ണമ്മൂല എന്ന വികസനപത്രിക മൂന്ന് മുന്നണി സംവിധാനങ്ങൾക്കും നൽകിയിരുന്നു. എൻ.ഡി.എ കേരള ചെയർമാൻ രാജീവ് ചന്ദ്രശേഖർ മാത്രമാണ് ഗ്രീൻ ഫ്ലോ കണ്ണമ്മൂല പൂർണമായി നടപ്പിലാക്കാൻ പിന്തുണയ്ക്കുമെന്ന് സമ്മതിച്ച് പരസ്യ പ്രസ്താവന പുറപ്പെടുവിച്ചത്.
മൂന്നു മുന്നണികളെയും പരാജയപ്പെടുത്തി സ്വതന്ത്രനായി വിജയിച്ച എം.രാധാകൃഷ്ണനെ സംബന്ധിച്ച് സ്വന്തം വാർഡിൻ്റെ വികസനം മാത്രമാണ് ലക്ഷ്യം. അതിന് സഹായകമാകുന്ന നിലപാട് സ്വീകരിക്കുന്നവരോട് പുറംതിരിഞ്ഞ് നിൽക്കാൻ കഴിയില്ല. നഗരഹൃദയത്തിലുള്ള ഒരു വാർഡിൻ്റെ കൗൺസിലറെന്ന നിലയിൽ തലസ്ഥാന വികസനത്തിന് മറ്റെന്തിനെക്കാളും പ്രാധാന്യം നൽകണമെന്നതാണ് എം.രാധാകൃഷ്ണൻ്റെയും ഒപ്പം നിൽക്കുന്നവരുടെയും ഉറച്ച നിലപാടെന്ന് ഇലക്ഷൻ കമ്മിറ്റി അറിയിച്ചു.

