ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ ഇടപെടല്‍ അടിയന്തിരമായി പിന്‍വലിക്കണമെന്ന് സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്‌താവനയില്‍ പറഞ്ഞു
ഒന്നാം യു.പി.എ സര്‍ക്കാരിന്റെ കാലത്ത് ഇടതുപക്ഷത്തിന്റെ ശക്തമായ ഇടപെടലിന്റെ ഫലമായി രൂപപ്പെട്ടതാണ് ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി. ജൂലൈ 1 മുതല്‍ കേന്ദ്ര സര്‍ക്കാര്‍ അടിച്ചേല്‍പ്പിച്ചിരിക്കുന്ന വി.ബി – ജി.ആര്‍.എം.ജി പദ്ധതിയാവട്ടെ തൊഴിലുറപ്പ് പദ്ധതിയെ തകര്‍ക്കുന്നതാണ്. പുതിയ പദ്ധതി പ്രകാരം 60 : 40 എന്ന പ്രകാരം കേന്ദ്ര – സംസ്ഥാന ഗവണ്‍മെന്റുകള്‍ പദ്ധതി വിഹിതം പങ്കെടണമെന്ന നിര്‍ദ്ദേശം സാമ്പത്തികമായി ഞെരുങ്ങുന്ന സംസ്ഥാന സര്‍ക്കാരുകള്‍ക്ക് പ്രതിസന്ധി സൃഷ്ടിക്കുന്നതാണ്.
125 തൊഴില്‍ ദിനം നല്‍കുമെന്ന വാദവും അസംബന്ധമാണ്. ഇത് നല്‍കണമെങ്കില്‍ 3.61 ലക്ഷം കോടി രൂപ വേണം. ഇപ്പോള്‍ കേന്ദ്രം അനുവദിച്ച തുകയും, സംസ്ഥാനങ്ങളുടെ 40 ശതമാനം വിഹിതം ചേര്‍ത്താല്‍ പോലും 1.13 ലക്ഷം കോടി രൂപ മാത്രമാണ് വരിക. ഇതുപയോഗിച്ച് 48 ദിവസം മാത്രമേ തൊഴില്‍ നല്‍കാന്‍ കഴിയൂവെന്നിരിക്കെയാണ് കൂടുതല്‍ തൊഴില്‍ ദിനങ്ങളെന്ന പൊള്ള വാഗ്‌ദാനങ്ങളുമായി ജനങ്ങളുടെ കണ്ണില്‍പ്പൊടിയിടുകയാണ് ചെയ്യുന്നത്.
പുതിയ നിയമപ്രകാരം തൊഴില്‍ അവകാശമല്ലാതായി മാറുകയാണ്. കേന്ദ്ര സര്‍ക്കാര്‍ നോട്ടിഫൈ ചെയ്യുന്നയിടങ്ങളിലേക്ക് മാത്രം പദ്ധതി ചുരുങ്ങുന്ന സ്ഥിതിയുമുണ്ടാകുകയാണ്. പുതിയ നിയമം പാസ്സാക്കിയതിനുശേഷമുള്ള കാലയളവില്‍ 40.8 കോടി തൊഴില്‍ ദിനങ്ങളുടെ കുറവാണ് ഉണ്ടായിട്ടുള്ളത്. ഭാവിയിലേക്കുള്ള ചൂണ്ടുപലകയാണ് ഇതെന്ന് കാണേണ്ടതുണ്ട്.
തൊഴിലുറപ്പ് പദ്ധതിയെ തകര്‍ക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ നയങ്ങളെ നയപ്രഖ്യാപന പ്രസംഗത്തിലോ ബജറ്റിലോ എതിര്‍ക്കാന്‍ പോലും സംസ്ഥാന സര്‍ക്കാര്‍ തയ്യാറായിട്ടില്ല. ആ നയങ്ങളെ അംഗീകരിക്കുന്നുവെന്നാണ് ഇത് കാണിക്കുന്നത്. ഇപ്പോഴത്തെ നിലയില്‍ ഈ പദ്ധതി പ്രാവര്‍ത്തികമാക്കാന്‍ സംസ്ഥാന വിഹിതമായി 2,090.96 കോടി രൂപ ആവശ്യമായി വരും. എന്നാല്‍, സംസ്ഥാന സര്‍ക്കാര്‍ നീക്കിവെച്ചതാവട്ടെ 668 കോടി രൂപയാണ്. കേരളത്തില്‍ തൊഴിലുറപ്പ് പദ്ധതിക്ക് എന്താണ് സംഭവിക്കാന്‍ പോകുന്നതെന്ന് ഇത് വ്യക്തമാക്കുന്നു. ഇത്തരം നയങ്ങള്‍ക്കെതിരായി ഉയര്‍ന്നുവരുന്ന പ്രക്ഷോഭങ്ങള്‍ക്ക് മുഴുവന്‍ ജനങ്ങളും പിന്തുണ നല്‍കണമെന്ന് സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്‌താവനയില്‍ പറഞ്ഞു.

