Ananthapuri Online News

Anantham Athivegam Ananthapuri Varthakal

വിളവൂർക്കലിൽ ഒന്നരവയസ്സുകാരിയെ അമ്മ കഴുത്തറുത്ത് കൊലപ്പെടുത്തിയെന്ന് പരാതി; ക്രിസ്റ്റി പൊലീസ് കസ്റ്റഡിയിൽ

തിരുവനന്തപുരം: വിളവൂർക്കലിൽ ഒന്നരവയസ്സുകാരിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയതായി പരാതി. വിളവൂർക്കൽ പൊറ്റയിൽ അഭിജിത്ത്–ക്രിസ്റ്റി ദമ്പതികളുടെ മകൾ ഇവാനയാണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് കുട്ടിയുടെ അമ്മ ക്രിസ്റ്റിയെ മലയിൻകീഴ് പൊലീസ് കസ്റ്റഡിയിലെടുത്തു.

ഇന്ന് വൈകിട്ടാണ് ദാരുണമായ സംഭവം നടന്നത്. ഗുരുതരമായി പരിക്കേറ്റ നിലയിൽ കണ്ടെത്തിയ കുഞ്ഞിനെ നാട്ടുകാരുടെ സഹായത്തോടെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

സംഭവസമയത്ത് അഭിജിത്തിന്റെ മാതൃസഹോദരി വീട്ടിലുണ്ടായിരുന്നു. കിടപ്പുമുറിയിലായിരുന്ന ക്രിസ്റ്റിയെ വാതിൽ തട്ടിവിളിച്ചപ്പോൾ പുറത്തുവന്നതിന് പിന്നാലെയാണ് കുഞ്ഞിനെ മുറിയിൽ ഗുരുതരമായി പരിക്കേറ്റ നിലയിൽ കണ്ടെത്തിയത്. തുടർന്ന് നാട്ടുകാരുടെ സഹായത്തോടെ കുഞ്ഞിനെ ആശുപത്രിയിലെത്തിക്കുകയായിരുന്നു.

കുടുംബവഴക്കാണ് സംഭവത്തിന് പിന്നിലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. തന്നെ സ്വന്തം വീട്ടിലേക്ക് പോകാൻ അനുവദിക്കാത്തതിലുള്ള വൈരാഗ്യത്തിലാണ് കുഞ്ഞിനെ കൊലപ്പെടുത്തിയതെന്നും തുടർന്ന് ജീവനൊടുക്കാൻ തീരുമാനിച്ചിരുന്നതായും ക്രിസ്റ്റി പൊലീസിന് മൊഴി നൽകിയതായി സൂചനയുണ്ട്. ഇക്കാര്യം പൊലീസ് വിശദമായി പരിശോധിച്ചുവരികയാണ്.

സംഭവത്തിൽ മലയിൻകീഴ് പൊലീസ് അന്വേഷണം ആരംഭിച്ചു. കൊലപാതകത്തിലേക്ക് നയിച്ച സാഹചര്യങ്ങളും കുടുംബത്തിലെ തർക്കങ്ങളും ഉൾപ്പെടെ പൊലീസ് അന്വേഷിക്കുന്നുണ്ട്.

മെഡിക്കൽ റെപ്രസന്റേറ്റീവാണ് അഭിജിത്ത്. രണ്ടുവർഷം മുമ്പാണ് കുന്നുകുഴി സ്വദേശിയായ ക്രിസ്റ്റിയെ അഭിജിത്ത് വിവാഹം കഴിച്ചത്. മാസങ്ങൾക്കുമുമ്പാണ് മകൾ ഇവാനയുടെ ഒന്നാം പിറന്നാൾ ആഘോഷിച്ചത്.

📰 Ananthapuri Online News
Google Search-ൽ Ananthapuri Online News-നെ Preferred Source ആയി ചേർക്കൂ.
error: Content is protected !!