മഴക്കാലം പകർച്ച വ്യാധികളുടെയും കാലമാണ്. അന്തരീക്ഷത്തിലെ തണുപ്പും ഈർപ്പവും ചർമ്മത്തെയും ബാധിക്കുന്നുണ്ട്. ചില ത്വക് രോഗങ്ങൾ മഴ മാസങ്ങളിൽ കൂടുതലായി കാണപ്പെടുന്നു. അത് ഏതൊക്കെയാണെന്ന് നോക്കാം.
1 പൂപ്പൽ രോഗങ്ങൾ (Fungal Infections)
കാൻഡിഡ എന്ന ഫംഗസ് നമ്മുടെ ശരീരത്തിൽ കാണുന്ന ഒരു ജീവിയാണ്. പക്ഷേ കൂടുതലായി ഈർപ്പം ഉള്ള കാലാവസ്ഥയിൽ ഇവ നഖങ്ങളിലും, വായിലും രോഗം ഉണ്ടാക്കുന്നു.
- നഖച്ചുറ്റ് എപ്പോഴും നനയുന്ന കാൽപാദങ്ങളിൽ നഖത്തിന് ചുറ്റും നീർക്കെട്ടും വേദനയും കാൻഡിഡാ ഫംഗസ് ബാധ മൂലമുണ്ടാകുന്നു. ചിലപ്പോൾ നഖത്തിന് നിറ വ്യത്യാസവും കാണാം .കൈനഖങ്ങളിലും ഈ അണുബാധ കാണാറുണ്ട്. പ്രമേഹ രോഗികളിലാണ് ഇത് പെട്ടെന്ന് പിടിപെടാൻ സാധ്യതയുള്ളത്.
- ഗുഹ്യഭാഗങ്ങളിലെ ഫംഗസ് ബാധ.
അണുബാധയ്ക്ക് അന്തരീക്ഷത്തിലെ നനവും, പ്രമേഹവും കാരണമാണ്. ചൊറിച്ചിലും, നിറവ്യത്യാസവും ഉണ്ടാക്കാം. അസുഖബാധിതമായ നഖവും ചർമ്മവും ചുരണ്ടിയെടുത്ത് പൊട്ടാസ്യം ഹൈഡ്രോക്ലോറൈഡ് ലായനിയിൽ ഇട്ട് മൈക്രോസ്കോപ്പിലൂടെ പരിശോധിച്ചാൽ ഫംഗസിന്റെ നാരുകൾ കാണാൻ സാധിക്കും.
ഇമിഡസോൾ അടങ്ങിയ മരുന്നുകൾ ഉള്ളിൽ കഴിക്കുകയും കീറ്റോ കൊനസോൾ, മൈക്കൊനസോൾ, എന്നീ ലേപനങ്ങൾ പുരട്ടുകയും ചർമ്മവും നഖവും ഈർപ്പരഹിതമായി സൂക്ഷിക്കുകയും ചെയ്യുകയാണെങ്കിൽ ഫംഗസ് ബാധ നിയന്ത്രിക്കുവാൻ സാധിക്കും. പ്രമേഹരോഗികൾ, പ്രതിരോധശേഷി കുറവുള്ള രോഗികൾ, ദീർഘകാലം ആന്റിബയോട്ടിക്, സ്റ്റിറോയ്ഡ് ഇവ കഴിക്കുന്ന രോഗികൾ ഇവരെല്ലാം ഒരു മെഡിക്കൽ സ്പെഷ്യലിസ്റ്റിന്റെ മേൽനോട്ടത്തിൽ മരുന്ന് കഴിക്കേണ്ടതാണ്.
2 ബാക്ടീരിയ മൂലം ഉണ്ടാകുന്ന ചർമ്മ രോഗങ്ങൾ
കുട്ടികളിൽ സ്റ്റഫൈലോകോക്കസ് വിഭാഗത്തിൽ പെടുന്ന ബാക്ടീരിയ ഇംപെറ്റെഗോ (Impetigo) എന്ന രോഗം ഉണ്ടാക്കാം. ഈർപ്പം മൂലം തൊലി പൊട്ടുകയോ നേർമ്മയാവുകയോ. ചെയ്യുമ്പോഴാണ് അണുബാധ ഉണ്ടാകുന്നത്. ചെറിയ ഒരു കുമിളയാണ് തുടക്കം. തൊലിക്കകത്തുള്ള കൊഴുപ്പാണ് ഇവ പെരുകാൻ കാരണം. ഇത് പകരുന്ന രോഗമാണ്. നാട്ടിൻപുറത്ത് കരപ്പൻ എന്ന് വിളിക്കുന്ന രോഗമാണിത്. സ്കൂളിൽ പഠിക്കുന്ന കാലത്ത് മിക്ക കുട്ടികൾക്കും മഴക്കാലങ്ങളിൽ ഇത് കാണപ്പെടാറുണ്ട്. രോമകുപങ്ങൾക്കുള്ളിൽ വരുന്ന അണുബാധയും കുട്ടികളിൽ കാണാറുണ്ട്.
ഇത് മുതിർന്നവരിലും ഉണ്ടാകാം. Folliculities എന്നാണ് ഇതിന്റെ പേര്. ബാക്ടീരിയ ആണ് ഇതിനും കാരണം. മഴക്കാലത്ത് പാദങ്ങൾ എപ്പോഴും നനയുന്നവരിൽ വളംകടി എന്ന് പഴമക്കാർ പറയുന്ന അണുബാധ ഉണ്ടാകാറുണ്ട്.
നേരത്തെ കണ്ടുപിടിക്കുകയും കുമിളകളിലെ നീരോ പഴുപ്പോ എടുത്ത് കൾച്ചർ ചെയ്ത് രോഗാണുവിനെ മനസ്സിലാക്കിയാൽ ഉദ്ദഷ്ടഫലം നൽകുന്ന ആന്റിബയോട്ടിക്സ് കൊണ്ട് നിയന്ത്രിക്കുവാൻ സാധിക്കും.
3 .എക്സിമ
കുട്ടികൾക്കും മുതിർന്നവർക്കും ഉണ്ടാകുന്ന ഒരു ചർമ്മരോഗമാണ് എക്സിമ. ഇത് മഴക്കാലത്ത് രൂക്ഷമാകാൻ സാധ്യതയുണ്ട്. കുഞ്ഞുങ്ങളിൽ കാണുന്ന AtopicDermatitis മഴ മാസങ്ങളിൽ ചൊറിച്ചിൽ അധികരിക്കാനും തണുപ്പ് കാലാവസ്ഥയിൽ ചർമ്മം വീണ്ടു പൊട്ടുവാനും സാധ്യതയുണ്ട്. അതിനൊപ്പം പൊട്ടിയ തൊലിയിലൂടെ ബാക്ടീരിയ കൊണ്ടുള്ള ഇൻഫെക്ഷനും ഉണ്ടാകും. അന്തരീക്ഷ താപവ്യതിയാനം ഒരളവുവരെ ഇതിന് സഹായകമാണ്. എക്സിമ ഉള്ള മുതിർന്നവരിലും, തണുപ്പ് മൂലം ചൊറിച്ചിൽ അധികമാ വുകയും തൊലി വരണ്ടു കീറുകയുംചെയ്യും. അണുബാധയും ഫംഗസ് ബാധയും ഉണ്ടാകാനുള്ള സാധ്യതയുണ്ട്.
രോഗലക്ഷണങ്ങൾ അസഹ്യമായാൽ ഉടൻതന്നെ ഒരു ത്വക്ക് രോഗ വിദഗ്ധനെ കാണേണ്ടതാണ്.
4 കൈക്കുള്ളിൽ വരുന്ന Dermatitis
ഈ രോഗം കൈകൾ എപ്പോഴും നനയുന്നവരിലാണ് കാണുന്നത്. നനവുള്ള കാലാവസ്ഥയിൽ ഇത് അധികരിക്കും. കൈപ്പടങ്ങളുടെ പുറം ചർമ്മത്തിലും ചൊറിച്ചിലും നിറവ്യത്യാസവും ഉണ്ടാകും. വിരലുകളുടെ അറ്റങ്ങൾ വീണ്ടുകീറുകയും ചെയ്യും. രോഗ ലക്ഷണങ്ങൾ കൂടുതൽ രൂക്ഷമാകുന്നതിന് മുമ്പ് വൈദ്യസഹായം തേടണം. കൈകൾ ഇർപ്പ രഹിതമായി സൂക്ഷിക്കുക, സ്റ്റിറോയിഡ് അടങ്ങിയ ലേപനങ്ങൾ പുരട്ടുക ഇവ ഫലപ്രദമാണ്.
ചർമ സംരക്ഷണം
1.സോപ്പിന്റെ ഉപയോഗം പരമാവധി കുറയ്ക്കുക. കൂടെ കൂടെ കൈയ്യും കാലും സോപ്പോ മറ്റു ഡിറ്റർജന്റുകളോ ഉപയോഗിച്ച് കഴുകാതെ ഇരിക്കുക. തണുപ്പുള്ളപ്പോൾ തൊലി വരളാൻ ഇത് കാരണമാകാം.
- ചൂടുള്ള അന്തരീക്ഷത്തിൽ ഇരിക്കുവാൻ ശ്രമിക്കുക. വായു സഞ്ചാരം കൂടുതലുള്ളതും ഈർപ്പം കുറവുള്ളതുമായ അന്തരീക്ഷം ചർമ്മത്തിലെ സ്നിദ്ധത നഷ്ടപ്പെടാതെ സൂക്ഷിക്കുവാൻ സഹായിക്കും.
- തൊലി വരളാതെയിരിക്കാൻ എണ്ണ സമൃദ്ധമായി തേച്ചു കുളിക്കുക. സാധാരണ വെളിച്ചെണ്ണ വളരെ ഫലപ്രദമാണ്.
4.തലമുടി കൂടെ കൂടെ ഷാംപൂ ചെയ്യാതിരിക്കുക. കണ്ടീഷണർ അടങ്ങിയ ഷാംപൂ ഉപയോഗിക്കുക.
5.നനവുള്ള മുടി കെട്ടി വയ്ക്കാതിരിക്കുവാൻ ശ്രദ്ധിക്കേണ്ടതുണ്ട്. മുടിയിലെ കായ് എന്ന് പറയുന്ന ഫംഗസ് രോഗം (Piedra) വരാൻ സാധ്യതയുണ്ട്. കുളി കഴിഞ്ഞ് മുടി നന്നായി ഉണക്കാൻ ശ്രദ്ധിക്കണം.
- ഇറുക്കമുള്ള ഷൂസുകൾ ധരിച്ചാൽ പാദങ്ങളിൽ നനവ് കെട്ടി നിൽക്കുന്നതുമൂലം ഫംഗസ് രോഗം വരാൻ സാധ്യതയുണ്ട്. രാത്രി കിടക്കുന്നതിനു മുമ്പ് പാദങ്ങൾ നന്നായി കഴുകി ഈർപ്പം തുടച്ചു മാറ്റി ഇമിഡസോൾ അടങ്ങിയ പൗഡർ കാൽവിരലിൽ പൂശുക.
- കൈ നഖങ്ങളിൽ നെയിൽ പോളിഷ് പുരട്ടുന്നത് ഇർപ്പം തിങ്ങി നിൽക്കാതിരിക്കാൻ സഹായിക്കും. കാലിന്റെയും കൈയ്യുടെയും നഖം അകത്തേക്ക് കയറ്റി വെട്ടാതിരിക്കാൻ ശ്രദ്ധിക്കുക. നഖത്തിനിടയിൽ നനവ് മാറാതിരിക്കാനും അഴുക്ക് കയറാനും അണുബാധ ഉണ്ടാകുവാനും ഇത് കാരണമാകും. മഴ മഴക്കാലത്ത് ഈർപ്പമുള്ള അന്തരീക്ഷം കാരണം ചർമ്മം വരളും. നനഞ്ഞ കാലാവസ്ഥയിൽ തൊലിയിൽ പൊട്ടൽ ഉണ്ടാകുവാനും തന്മമൂലം അണുബാധയ്ക്കുള്ള സാധ്യതയും ഉണ്ട്. അതിനാൽ തണുപ്പുള്ള ഈ കാലാവസ്ഥയിൽ ചർമ്മ സംരക്ഷണം വളരെ ശ്രദ്ധയോടെ ചെയ്യേണ്ടതാണ്. ശരീരത്തിലെ ഏറ്റവും വലിയ അവയവം ചർമ്മമാണ് അത് ജാഗ്രതയോടെ തന്നെ സൂക്ഷിക്കേണ്ടതുമാണ്.
ഡോ. ശ്രീരേഖ പണിക്കർ
കൺസൾറ്റൻറ്
ത്വക് രോഗ വിഭാഗം
SUT ഹോസ്പിറ്റൽ പട്ടം, തിരുവനന്തപുരം