ലഹരി വിരുദ്ധ പോരാട്ടത്തിന് വിദ്യാർത്ഥി സംഘടനകളുടെ ഏകീകൃത പ്ലാറ്റ്ഫോം രൂപീകരിക്കുമെന്ന് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. നവംബർ ഒന്നിലെ ലഹരിവിരുദ്ധ ശൃംഖല വിജയിപ്പിക്കുന്നതിന്റെ ഭാഗമായി വിളിച്ചുചേർത്ത വിദ്യാർത്ഥി സംഘടനാ പ്രതിനിധികളുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
ക്യാമ്പസുകളിലെ ലഹരിവിരുദ്ധ പരിപാടികൾക്ക് വിദ്യാർത്ഥി സംഘടനകൾ നേതൃപരമായ പ്രവർത്തനങ്ങൾ നടത്തണം. ലഹരിയുടെ ഉപയോഗവും വിപണനവും ക്യാമ്പസിനുള്ളിൽ തടയാൻ വിദ്യാഭ്യാസ സ്ഥാപന അധികൃതരോട് വിദ്യാർഥി സംഘടനാ പ്രതിനിധികൾ ചേർന്ന് പ്രവർത്തിക്കണമെന്നും മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. സംസ്ഥാന സർക്കാർ നടത്തുന്ന ലഹരി വിരുദ്ധ ബോധവൽക്കരണ പരിപാടികൾക്ക് വിദ്യാർത്ഥി സംഘടനകൾ പിന്തുണ പ്രഖ്യാപിച്ചു.
എസ് എഫ് ഐ പ്രതിനിധിയായി പി എം ആർഷോ, എഐഎസ്എഫ് പ്രതിനിധികളായി അഭിജിത്ത് എ കെയും ശരൺ ശശാങ്കനും കെഎസ്യു പ്രതിനിധികളായി രാഹുൽ കൃഷ്ണനും സെയ്താലി കൈപ്പടിയും അഡ്വ. ആദർശ് ഭാർഗവനും എബിവിപി പ്രതിനിധികളായി സ്റ്റെഫിൻ സ്റ്റീഫനും പ്രവീൺ എൻ ടിയും എ ഐ ഡി എസ് ഒ പ്രതിനിധികളായി ഗോവിന്ദ് ശശിയും രാകേഷ് ചന്ദ്രനും യോഗത്തിൽ പങ്കെടുത്തു.