അതിജീവനത്തിൻ്റെ പലസ്‌തീൻ പെൺകരുത്തുമായി ‘ഹെവിമെറ്റൽ’ ഞായറാഴ്ച

ഇസ്രയേൽ അധിനിവേശത്തിൻ്റെയും പലസ്തീനിലെ ചെറുത്തുനില്പിൻ്റെയും അതിജീവനകഥകളുമായി രണ്ടു ചിത്രങ്ങൾ ഇന്ന് അന്താരാഷ്ട്ര ഹൃസ്വ ചിത്ര മേളയിൽ പ്രദർശിപ്പിക്കും. ഹെവിമെറ്റൽ ,പലസ്തീൻ ഐലൻഡ്സ് എന്നീ ചിത്രങ്ങളാണ് മേളയിലെ അതിജീവന പാക്കേജിൽ പ്രദർശിപ്പിക്കുന്നത്.

ഒളിമ്പിക് മോഹവുമായി അഭയാർത്ഥി ക്യാംപിൽ കഴിയുന്ന കൗമാരക്കാരായ മൂന്ന് പെൺകുട്ടികളുടെ കഥയാണ് ഹെവിമെറ്റൽ പ്രമേയമാക്കുന്നത് .പലസ്തീനിലെ പെൺ കായിക കരുത്തിനെ പ്രതിനിധാനം ചെയ്യുന്ന ഈ ചിത്രം ന്യൂയോർക്കിലെ ട്രിബേക്ക ഫെസ്റ്റിവലിൽ ജനപ്രീതി നേടിയിട്ടുണ്ട്. സ്പോർട്സ് ജേർണലിസ്റ്റായ എഡ്‌വേഡ്‌ നോൽസും റ്റിമോ ബ്രൂണും ചേർന്നാണ് അരമണിക്കൂർ ദൈർഘ്യമുള്ള ചിത്രം ഒരുക്കിയിരിക്കുന്നത്.

ജനിച്ച മണ്ണിൽ തിരിച്ചെത്താനുള്ള മോഹവുമായി അഭയാർത്ഥിക്യാമ്പിൽ കഴിയുന്ന അന്ധനായ മുത്തച്ഛന് ചെറുമകൾ നൽകുന്ന പ്രതീക്ഷയുടെ യാത്ര പ്രമേയമാക്കിയ ചിത്രമാണ് നൂർ ബെൻ സലിം ജൂലിയെൻ മെനാൻ്റോവും ചേർന്നൊരുക്കിയ പലസ്തീൻ ഐലൻഡ്സ്.

error: Content is protected !!