അന്താരാഷ്ട്ര മ്യൂസിയം ദിനാഘോഷത്തോട് അനുബന്ധിച്ച് സംസ്ഥാന പുരാവസ്തു, പുരാരേഖ, മ്യൂസിയം വകുപ്പ് കണ്ണാടി-2 മുഖദർശം മ്യൂസിയം ദർശനം എന്ന പേരിൽ വൈവിധ്യമായ പരിപാടികൾ സംഘടിപ്പിക്കുന്നു. മ്യൂസിയങ്ങൾ ജനങ്ങളിലേക്ക് എന്ന പദ്ധതിയുടെ ഭാഗമായാണ് മേയ് 21, 22, 23 തിയതികളിൽ പരിപാടികൾ നടക്കുക. പൈതൃക വീഥി പ്രദർശനം, നൈറ്റ് മ്യൂസിയം തുടങ്ങിയവയ്ക്കു പുറമേ കലാപരിപാടികളും ഒരുക്കിയിട്ടുണ്ട്.
പരിപാടികളുടെ ഔപചാരിക ഉദ്ഘാടനം കേരള ചരിത്ര പൈതൃക മ്യൂസിയം പരിസരത്ത് മേയ് 21ന് വൈകിട്ട് 5 മണിക്ക് വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി നിർവഹിക്കും. വി കെ പ്രശാന്ത് എംഎൽഎ അദ്ധ്യക്ഷനാകും. വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. രാജൻ എൻ ഖോബ്രഗഡെ, മുൻ ചീഫ് സെക്രട്ടറി ഡോ. വേണു വി, പുരാവസ്തു ഡയറക്ടർ ഡോ. ഇ ദിനേശൻ, മ്യൂസിയം, മൃഗശാല വകുപ്പ് ഡയറക്ടർ മഞ്ജുളാദേവി പി എസ്, പുരാരേഖ വകുപ്പ് ഡയറക്ടർ ഇൻചാർജ് പാർവതി എസ്, കേരളമ്യൂസിയം എക്സിക്യൂട്ടീവ് ഡയറക്ടർ ആർ ചന്ദ്രൻ പിള്ള, നഗരസഭ കൗൺസലർ പാളയം രാജൻ തുടങ്ങിയവർ പങ്കെടുക്കും.