22 ദിവസങ്ങൾക്ക് ശേഷം അട്ടാരി – വാഗ അതിർത്തി തുറന്നു; പ്രവേശനം അഫ്ഗാൻ ചരക്കുവാഹനങ്ങൾക്ക് മാത്രം

ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തെത്തുടർന്ന് അടച്ച അട്ടാരി വാഗ അതിർത്തി 22 ദിവസങ്ങൾക്ക് ശേഷം തുറന്നു. അഫ്ഗാൻ ചരക്കുവാഹനങ്ങൾക്ക് മാത്രമായാണ് അതിർത്തി തുറന്നത്. അഫ്ഗാനിസ്ഥാനിൽ നിന്നെത്തിയ എത്തിയ എട്ട് ട്രക്കുകൾ അതിർത്തി വഴി ഇന്ത്യയിലേക്ക് കടന്നു. ഡ്രൈ ഫ്രൂട്ട്സുമായാണ് ട്രക്കുകൾ എത്തിയത്. കേന്ദ്രസർക്കാരിന്റെ പ്രത്യേക അനുമതി പ്രകാരമാണ് നടപടി. ഇന്ത്യ പാക് സംഘര്‍ഷത്തെത്തുടർന്ന് 150 ഓളം ചരക്കു ലോറികളാണ് ലാഹോറിനും വാഗയ്ക്കുമിടയിൽ കുടുങ്ങിയിരുന്നത്. വെടിനിർത്തൽ ധാരണ നിലവിൽ വന്നതോടെയാണ് അതിർത്തി തുറന്നത്. ഏപ്രിൽ 24 മുതൽ അട്ടാരി അതിർത്തിയിൽ കുടുങ്ങിയ നിലയിലായിരുന്നു ഈ ട്രെക്കുകൾ.
കരയിലൂടെയുള്ള ചരക്കുഗതാഗതത്തിന് മാത്രമാണ് അനുമതിയെന്നും അഫ്ഗാനിസ്ഥാനിൽ നിന്ന് എത്തിയ എട്ട് ട്രെക്കുകൾ മാത്രമാണ് അതിർത്തി കടന്നതെന്നുാണ് അധികൃതർ വിശദമാക്കുന്നത്. ഇന്തോ ഫോറിൻ ചേമ്പർ ഓഫ് കൊമേഴ്സ് പ്രസിഡന്‍റ് ബി കെ ബജാജ് ട്രെക്കുകൾ അതിർത്തി കടന്നതായി സ്ഥിരീകരിച്ചു. തീരുമാനത്തിൽ ആശ്വാസമെന്നാണ് ബി കെ ബജാജ് ഹിന്ദുസ്ഥാൻ ടൈംസിനോട് പ്രതികരിച്ചത്. ഇന്ത്യ, പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ സർക്കാരുകളോട് നന്ദി രേഖപ്പെടുത്തുന്നതായി ബി കെ ബജാജ് വിശദമാക്കിയത്.
ഏപ്രിൽ 22ന് 26 പേർ പഹൽഗാമിലെ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടതിന് പിന്നാലെ പാകിസ്ഥാനെതിരെ കർശന നിയന്ത്രണങ്ങളാണ് ഇന്ത്യ ചുമത്തിയത്. ഇതിൽ പ്രതിഷേധിച്ചായിരുന്നു ഇന്ത്യയുമായുള്ള വ്യാപാര ബന്ധം പാകിസ്ഥാൻ നിർത്തിയത്. ഇസ്ലമാബാദിലെ അഫ്ഗാൻ എംബസിയുടെ ഇടപെടലിന് പിന്നാലെയാണ് ട്രെക്കുകൾക്ക് ഇന്ത്യയിലേക്ക് പ്രവേശിക്കാൻ അനുവാദം നൽകിയത്. ഏപ്രിൽ 25ന് മുൻപ് പാകിസ്ഥാനിലെത്തിയ ട്രെക്കുകളാണ് നിലവിൽ അതിർത്തി കടക്കുന്നത്. അതിർത്തിയിൽ അനിശ്ചിത കാലത്തേക്ക് കുടുങ്ങിയത് ചരക്കുകൾ കേടുവരുത്താൻ കാരണമാകുമെന്ന ആശങ്ക ഇന്ത്യയിൽ നിന്നുള്ള വ്യാപാരികൾ വ്യക്തമാക്കിയിരുന്നു. ചരക്കിനുള്ള പണം നൽകിക്കഴിഞ്ഞതിനാൽ വലിയ നഷ്ടമുണ്ടാകുമെന്ന ആശങ്കയും വ്യാപാരികൾ മാധ്യമങ്ങളോട് പങ്കുവച്ചിരുന്നു.

error: Content is protected !!