കുട്ടികൾക്കുള്ള ബാലാവകാശ കമ്മിഷന്റെ റേഡിയോ നെല്ലിക്ക ജൂൺ 18ന്
സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷൻ കുട്ടികൾക്കായി റേഡിയോ നെല്ലിക്ക എന്ന പേരിൽ ജൂൺ 18ന് ഇന്റർനെറ്റ് റേഡിയോ ആരംഭിക്കുന്നു.
റേഡിയോയുടെ ഉദ്ഘാടനം രാവിലെ 11ന് മുഖ്യമന്ത്രി പിണറായി വിജയൻ അദ്ദേഹത്തിന്റെ ചേംബറിൽ നിർവ്വഹിക്കും. ബാലസൗഹൃദം യാഥാർത്ഥ്യമാക്കുക, ബാലാവകാശ സാക്ഷരത ഉറപ്പാക്കുക എന്നീ ലക്ഷ്യങ്ങൾ മുൻനിർത്തി സംഘടിപ്പിക്കുന്ന വ്യാപക പ്രചാരണ-ബോധവത്കരണ പരിപാടികളുടെ ഭാഗമായാണ് ഈ പദ്ധതി.
കുട്ടികൾക്കിടയിലെ മാനസിക സംഘർഷങ്ങൾ, ലഹരി – സൈബർ ഇടങ്ങളിലെ ചതിക്കുഴികൾ, ആത്മഹത്യ, സോഷ്യൽ മീഡിയ അഡിക്ഷൻ തുടങ്ങിയവ വർദ്ധിച്ചുവരുന്ന സാഹചര്യം പരിഗണിച്ചാണ് കമ്മിഷൻ പദ്ധതി നടപ്പാക്കുന്നത്. വിദ്യാർഥി – അധ്യാപക – രക്ഷാകർതൃ സമൂഹത്തിൽ ബാലനീതി, പോക്‌സോ, സൗജന്യവും നിർബന്ധിതവുമായ വിദ്യാഭ്യാസ അവകാശം എന്നിവ സംബന്ധിച്ച അവബോധം വളർത്തുന്നതിനും റേഡിയോ ലക്ഷ്യമിടുന്നു.
ലോകത്ത് എവിടെനിന്നും 24 മണിക്കൂറും കേൾക്കാൻ സാധിക്കുന്നതരത്തിലാണ് റേഡിയോയുടെ രൂപകല്പന. തുടക്കത്തിൽ നാലു മണിക്കൂർ പ്രോഗ്രാമാകും ഉണ്ടാവുക. തിങ്കൾ മുതൽ വെള്ളി വരെ പുതുമയാർന്നതും വ്യത്യസ്തവുമായ പരിപാടികളാണ്. ശനിയും ഞായറും പ്രോഗ്രാം ആവർത്തിക്കും. ശ്രോതാവിന് ഇഷ്ടമുള്ള സമയത്തും ദിവസവും നെല്ലിക്കയിലെ പരിപാടികൾ തിരഞ്ഞെടുത്ത് കേൾക്കാം. പരസ്യങ്ങൾ ഇല്ലാതെ വിജ്ഞാനവും വിനോദവും പ്രദാനം ചെയ്യുന്നതാണ് റേഡിയോയിലെ പൊതു ഉള്ളടക്കം.
രാവിലെ ഏഴു മുതൽ എട്ടു മണിവരെയുള്ള റൈറ്റ് ടേൺ പരിപാടി കുട്ടികളുടെ അവകാശ നിയമങ്ങളുമായി ബന്ധപ്പെടുത്തിയുള്ളതാണ്. ഈ പരിപാടി വൈകിട്ട് നാലു മുതൽ അഞ്ചു വരെ വീണ്ടും കേൾക്കാനാകും. എട്ടു മുതൽ ഒൻപത് വരെ ഇമ്മിണി ബല്യ കാര്യം എന്ന ഫോണിൻ പരിപാടിയാണ്. വൈകിട്ട് അഞ്ചു മുതൽ ആറു വരെ വീണ്ടും ശ്രവിക്കാം.
ഉച്ചക്ക് പന്ത്രണ്ട് മുതൽ ഒന്നു വരെ കുട്ടികളും രക്ഷിതാക്കളും അധ്യാപകരും സംശയങ്ങളും അനുഭവ കഥകളും കത്തുകളിലൂടെ പങ്കുവെക്കുന്ന ആകാശദൂത് പരിപാടിയാണ്. രാത്രി എട്ടു മുതൽ ഒൻപതു വരെ വീണ്ടും കേൾക്കാം. ഒന്നു മുതൽ രണ്ടു മണി വരെയുള്ള റേഡിയോ ചാറ്റ് പ്രോഗ്രാമായ അങ്കിൾ ബോസ് രാത്രി ഒൻപതു മുതൽ പത്തു വരെ വീണ്ടും കേൾക്കാനാകും.
തുടക്കത്തിൽ കേരളത്തിലെ 25 ലക്ഷം കുടുംബങ്ങളെ റേഡിയോ നെല്ലിക്കയുടെ ശ്രോതാക്കളാക്കാനാണ് ബാലാവകാശ കമ്മിഷൻ ലക്ഷ്യമിടുന്നത്. സംസ്ഥാനത്തെ 15397 സ്‌കൂളുകളിലെയും വിദ്യാർത്ഥികൾ, അധ്യാപകർ, പിറ്റി.എ എസ്.പി.സി, എൻ.എസ്.എസ്, സ്‌കൂൾ ക്ലബുകൾ എന്നിവയിലൂടെയാണ് കുട്ടികളിൽ റേഡിയോ എത്തുക. അതുപോലെ കുടുബശ്രീയുടെ 29202 ബാലസഭകളും വനിതാ ശിശുവികസന വകുപ്പിനുകീഴിലുള്ള 33120 അങ്കണവാടികളിലെ അധ്യാപകരും രക്ഷിതാക്കളും ജില്ലകളിലെ 464 ശിശു സംരക്ഷണ സ്ഥാപനങ്ങളിലും റേഡിയോ നെല്ലിക്ക എത്തും. കൂടാതെ 1200 ഗ്രാമ-ബ്ലോക്ക്-ജില്ലാ-മുനിസിപ്പൽ-കോർപ്പറേഷനുകളിലെ 21900 വാർഡുകളിലും എൻ.ജി.ഒകൾ, റസിഡൻസ് അസോസിയേഷനുകൾ തുടങ്ങി സമൂഹത്തിൽ മുഴുവനായും ബാലാവകാശ സാക്ഷരത എത്തിക്കാൻ റേഡിയോയിലൂടെ കഴിയുമെന്ന് കമ്മിഷൻ കരുതുന്നു. ഇതിനായി വനിതാശിശു വികസനം, വിദ്യാഭ്യാസം, തദ്ദേശ സ്വയംഭരണം, പട്ടികജാതി – പട്ടികവർഗ വികസനം, പോലീസ്, എക്‌സൈസ് തുടങ്ങിയ വകുപ്പുകളുടെ സഹകരണവും പ്രവർത്തനങ്ങളുമാണ് കമ്മിഷൻ നടത്തിവരുന്നത്.
ആൻഡ്രോയ്ഡ് ഫോണിൽ പ്ലേസ്റ്റോറിൽ നിന്നും IOS ൽ ആപ്‌സ്റ്റോറിൽ നിന്നും Radio Nellikka ഡൗൺലോഡ് ചെയ്യാം. കമ്പ്യൂട്ടറിൽ radionellikka.com ലൂടെയും കാറിൽ ഓക്‌സ് കേബിൾ ബ്ലൂടൂത്ത് എന്നിവയിലൂടെയും റേഡിയോ ശ്രവിക്കാം. കുട്ടിക്കാല ഓർമകൾ, അനുഭവങ്ങൾ, സ്‌കൂൾ ജീവിതം, സന്തോഷങ്ങൾ, പ്രയാസങ്ങൾ തുടങ്ങിയവ ആകാശദൂത് പരിപാടിയിലേക്ക് ഇ-മെയിലായും (radionellikka@gmail.com) വാട്ട്‌സാപ്പ് മുഖേനെയും അറിയിക്കാം. ഇമ്മിണി ബല്യകാര്യം, അങ്കിൾ ബോസ് പരിപാടികളിലേക്ക് 9993338602 ഫോൺ നമ്പറിൽ ബന്ധപ്പെടാം.
ക്ഷേത്രത്തിന്റെ ചിത്രമുള്ള സ്ഥിരം തപാൽ മുദ്രയും പ്രത്യേക പ്രീമിയം തപാൽ കവറും പുറത്തിറക്കി തിരുവനന്തപുരം: അനന്തപുരിയുടെ അഭിമാനമായ ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിന്…
തിരുവനന്തപുരം: മതത്തിന്റെയും ദേശീയതയുടെയും പേരിൽ ഉൾപ്പോരുകൾ ഉടലെടുക്കുന്ന ആധുനിക കാലത്ത് രാജ്യത്തിന്റെ മഹത്തായ മൂല്യങ്ങളും ആത്മീയതയും മതസൗഹാർദവും സംരക്ഷിക്കുക എന്ന…
തിരുവനന്തപുരം: കർക്കടകവാവിനോട് അനുബന്ധിച്ച് ജില്ലയിലെ പ്രധാന ബലിതർപ്പണ കേന്ദ്രങ്ങളിൽ ഒരുക്കങ്ങൾ പൂർത്തിയായി. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലുള്ള തിരുവല്ലം പരശുരാമ…
തിരുവനന്തപുരം: തിരുവനന്തപുരം തമിഴ് സംഘത്തിൻ്റെ ഉള്ളൂർ എസ് പരമേശ്വരയ്യർ, എ മാധവൻ അവാർഡുകൾ വിതരണം ചെയ്തു. റിട്ട. തമിഴ് നാട്…
ന്യൂയോർക്ക്/ന്യൂഡൽഹി: അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനിക്കും അദ്ദേഹത്തിന്റെ അനന്തരവൻ സാഗർ അദാനിക്കുമെതിരായ യുഎസിലെ ക്രിമിനൽ കേസ് കോടതി തള്ളി.…
രണ്ടു ദിവസമായി തിരുവനന്തപുരം ശ്രീരാഗം ഓഡിറ്റോറിയത്തിൽ (പ്രൊ. വിക്ടർ ലൂയിസ് ആന്തുവാൻ നഗർ) നടന്നുവന്ന ഓൾ ഇന്ത്യ ബാങ്ക് ഓഫീസേഴ്സ്…