കാൻസർ ഗവേഷണ പദ്ധതികൾക്കായുള്ള ധാരണാപത്രത്തിൽ ഒപ്പുവെച്ചു

സാങ്കേതിക വിദ്യാഭ്യാസ രംഗത്തെ കേരളത്തിലെ മികച്ച സ്‌ഥാപനമായ  ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമൻ റിസോഴ്സ്സ്  ഡെവലപ്‌മെന്റ് (IHRD) യും ഇന്ത്യയിലെ കാൻസർ ചികിത്സാ രംഗത്തെ ഏറ്റവും പ്രധാനപ്പെട്ട കേന്ദ്രങ്ങളിലൊന്നായ തിരുവനന്തപുരം റീജിയണൽ കാൻസർ സെന്റർ (RCC) യും തമ്മിൽ കാൻസർ ഗവേഷണ പദ്ധതികൾക്കായുള്ള ധാരണാപത്രത്തിൽ ഒപ്പുവെച്ചു.


കാൻസർ രോഗനിർണ്ണയ കാര്യങ്ങളിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പോലുള്ള ആധുനിക സാങ്കേതിക വിദ്യകളുടെ വിവിധ സാധ്യതകൾ  ഉപയോഗിച്ച് വിവിധ ഗവേഷണങ്ങൾ നടത്തി ടെക്‌നോളജി അധിഷ്ഠിത ആരോഗ്യ സേവനങ്ങൾ വികസിപ്പിക്കുകയും ചെയ്യുന്നതാണ് ഈ ധാരണാ പത്രത്തിന്റെ ലക്ഷ്യം.
ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സഹായത്തോടെ കാൻസർ രോഗ നിർണ്ണയവുമായി  ബന്ധപ്പെട്ട ഗവേഷണ പദ്ധതിയാണ് വിഭാവനം ചെയ്യുന്നത്. തദ്ദേശീയമായ കണ്ടുപിടുത്തങ്ങൾക്കും അത് വഴി ഗവേഷകർക്കും വിദ്യാർത്ഥികൾക്കും കാൻസർ ഗവേഷണത്തിന്റെ പുതിയ തലങ്ങളിലേക്ക് കടക്കുവാനും വഴിയൊരുക്കും.   കേരളത്തിലെ എഞ്ചിനീയറിംഗ് വിദ്യാഭ്യാസ മേഖലയിൽ നിന്ന് ആദ്യമായാണ്‌ നൂതന സാങ്കേതിക വിദ്യകൾ വഴി ഇത്തരത്തിൽ കാൻസർ ഗവേഷണ പ്രവർത്തനങ്ങൾ നടത്താനുള്ള ഉദ്യമം ആരംഭിക്കുന്നത്.

2025 സെപ്റ്റംബർ 18-ാം തിയതി ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ:ആർ ബിന്ദുവിന്റെയും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജിന്റെയും സാന്നിദ്ധ്യത്തിൽ, ആർ.സി.സി ഡയറക്ടർ ഡോ:ആർ രജനീഷ് കുമാറും ഐ.എച്ച്.ആർ.ഡി ഡയറക്ടർ ഡോ:വി.എ.അരുൺ കുമാറും, ഒപ്പിട്ട ധാരണാ പത്രങ്ങൾ (MoU) പരസ്പരം കൈമാറി.
ആർ.സി.സി യുടെ ആരോഗ്യരംഗത്തുള്ള സമഗ്ര പരിചയവും ഐ.എച്ച്.ആർ.ഡി യുടെ സാങ്കേതികവിദ്യാ പരിശീലനശേഷിയും ഉപയോഗപ്പെടുത്തി  നവീന ഗവേഷണവും ടെക്‌നോളജി അധിഷ്ഠിത ആരോഗ്യ സേവനങ്ങൾ വികസിപ്പിക്കുന്നതിനും ഇത് വഴി സാധിക്കും.

ഐ.എച്ച്.ആർ.ഡി യും, ആർ.സി.സിയും തമ്മിലുള്ള ഈ ധാരണാപത്രം കേരളത്തിൽ ആരോഗ്യ- വിദ്യാഭ്യാസ മേഖലയ  ഉന്നതനിലവാരത്തിലുള്ള വിദ്യാഭ്യാസ-ഗവേഷണ പദ്ധതികൾക്ക് വഴിയൊരുക്കട്ടേയെന്നും, ഗവേഷണ ഫലങ്ങൾ സമൂഹത്തിന് പ്രയോജനപ്പെടുന്ന വിധത്തിൽ ഉപയോഗപ്പെടുത്താനുള്ള ശ്രമങ്ങൾക്ക് ഈ സഹകരണം പുതിയ ഊർജം നൽകട്ടെയെന്നും ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ:ആർ ബിന്ദു ആശംസിച്ചു.

ഇത് കേരളത്തിലെ ആരോഗ്യ-വിദ്യാഭ്യാസ മേഖലയിലെ ഒരു വലിയ കുതിപ്പാണ് എന്ന്  ആർ.സി.സി ഡയറക്ടർ അഭിപ്രായപ്പെട്ടു.
ഗവേഷകർക്കും വിദ്യാർത്ഥികൾക്കും പ്രായോഗിക വിജ്ഞാനം നൽകാനും പുതിയ അവസരങ്ങൾ ഒരുക്കാനും ഇതിലൂടെ കഴിയുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു എന്ന് ഐ.എച്ച്.ആർ.ഡി ഡയറക്ടർ ഡോ. വി. എ. അരുൺകുമാർ അഭിപ്രായപ്പെട്ടു.

error: Content is protected !!