കൊച്ചി: ജെയിൻ യൂണിവേഴ്സിറ്റി, കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്ട്രേഷൻ (കില), മണീട് ഗ്രാമപഞ്ചായത്ത് എന്നിവർ സംയുക്തമായി നടപ്പാക്കുന്ന ഭിന്നശേഷി സൗഹൃദ ഗ്രാമ പദ്ധതി “പുനർജനി”യുടെ ഒന്നാം ഘട്ട റിപ്പോർട്ട് പ്രകാശനം ചെയ്തു. ഗ്രാമീണ തലത്തിൽ ഐക്യരാഷ്ട്രസഭയുടെ പ്രധാന സുസ്ഥിര വികസന ലക്ഷ്യങ്ങൾ നടപ്പാക്കി എല്ലാവർക്കും ഗുണകരമാകുന്ന രീതിയിലുള്ള ഗ്രാമവികസനം പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യം. മണീട് ഗ്രാമപഞ്ചായത്തിൽ നടന്ന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പോൾ വർഗീസ്,പ്രോജക്ട് കോർഡിനേറ്ററും ജെയിൻ യൂണിവേഴ്സിറ്റി ഇക്കണോമിക്സ് വിഭാഗം മേധാവിയുമായ ഡോ. രേവതി കെ. ശിവദാസ്, കില ട്രെയിനിങ് കോർഡിനേറ്റർ കാളിദാസൻ എം.ജി എന്നിവർ ചേർന്നാണ് റിപ്പോർട്ട് പ്രകാശനം ചെയ്തത്. ചടങ്ങിൽ ജെയിൻ യൂണിവേഴ്സിറ്റിയിലെ അധ്യാപകർ,കില പ്രതിനിധികൾ,പ്രമുഖ ബിസിനസ് മാധ്യമപ്രവർത്തക ക്രിസ്റ്റീന ചെറിയാൻ, വിദ്യാർത്ഥികൾ എന്നിവർ പങ്കെടുത്തു.
പദ്ധതിയുടെ ഒന്നാം ഘട്ടത്തിന്റെ ഭാഗമായി ആശാവർക്കർമാരുടെയും അങ്കണവാടി ടീച്ചേഴ്സിന്റെയും സഹായത്തോടെ, യൂണിവേഴ്സിറ്റിയിലെ ഇക്കണോമിക്സ്, കൊമേഴ്‌സ്, ലാംഗ്വേജസ് വിഭാഗങ്ങളിലെ അധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് പഞ്ചായത്ത് കേന്ദ്രീകരിച്ച് വിവരശേഖരണം നടത്തിയിരുന്നു. ഭിന്നശേഷിക്കാരായ വ്യക്തികളുടെ ആവശ്യങ്ങൾ, ശാക്തീകരണത്തിനുള്ള അവസരങ്ങൾ, അടിസ്ഥാന സൗകര്യ ലഭ്യത എന്നിവ വിലയിരുത്തുകയായിരുന്നു ലക്ഷ്യം. വിവരശേഖരണത്തിൽ ഉരുത്തിരിഞ്ഞ കണ്ടെത്തലുകളും ശുപാർശകളുമാണ് റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
“വിദ്യാഭ്യാസത്തിന്റെ യഥാർത്ഥ ലക്ഷ്യം സമൂഹത്തിന് ഗുണകരമാകുന്ന മാറ്റങ്ങൾ സൃഷ്ടിക്കുകയാണ്. പുനർജനിയിലൂടെ ജെയിൻ യൂണിവേഴ്സിറ്റി ഈ ലക്ഷ്യമാണ് നിറവേറ്റുന്നത്. അക്കാദമിക് വൈദഗ്ദ്ധ്യം ഉപയോഗിച്ച് ഒരു ഗ്രാമത്തിലെ ഭിന്നശേഷിക്കാരുടെ യഥാർത്ഥ ആവശ്യങ്ങൾ തിരിച്ചറിയാനും അവർക്ക് അനുയോജ്യമായ ഒരു പരിസ്ഥിതി സൃഷ്ടിക്കാനും ഈ പദ്ധതി സഹായിക്കും. ഇത് മറ്റ് പ്രദേശങ്ങൾക്കും മാതൃകയാക്കാവുന്ന ഒരു വികസന മാതൃകയാണ്. സമൂഹത്തിലെ ഓരോ വ്യക്തിക്കും അന്തസ്സോടെയും തുല്യതയോടെയും ജീവിക്കാനുള്ള സാഹചര്യം ഒരുക്കുക എന്നതാണ് ആത്യന്തികമായ ലക്ഷ്യം. അതിലേക്കുള്ള ഒരു സുപ്രധാന ചുവടുവെപ്പാണ് പുനർജനി”- ജെയിൻ യൂണിവേഴ്സിറ്റി പ്രൊ വൈസ് ചാൻസിലർ പ്രൊഫ. ഡോ.ജെ ലത പറഞ്ഞു.
സാമൂഹിക ഉത്തരവാദിത്തങ്ങൾ നിറവേറ്റുന്നതിൽ ജെയിൻ യൂണിവേഴ്സിറ്റി പ്രതിജ്ഞാബദ്ധമാണെന്ന് ന്യൂ ഇനിഷ്യേറ്റീവ്സ് ഡയറക്ടർ ഡോ. ടോം ജോസഫ് പറഞ്ഞു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ചേർന്ന് അക്കാദമിക് സ്ഥാപനങ്ങൾക്ക് എങ്ങനെ എല്ലാവരെയും ഉൾക്കൊള്ളുന്ന ഒരു സമൂഹം വാർത്തെടുക്കാം എന്നതിന് പുനർജനി പദ്ധതി മികച്ച ഉദാഹരണമാണ്. ഐക്യരാഷ്ട്രസഭയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങൾ പ്രാദേശിക തലത്തിൽ നടപ്പിലാക്കുന്നതിലൂടെ വിവരശേഖരണത്തിനപ്പുറം സുസ്ഥിരവും തുല്യവുമായ ഒരു ഭാവി കെട്ടിപ്പടുക്കുന്നതിൽ പങ്കുവഹിക്കുകയാണ് യൂണിവേഴ്സിറ്റി ചെയ്യുന്നതെന്നും ഡോ. ടോം ജോസഫ് വ്യക്തമാക്കി.
ഇക്കണോമിക്സ് വിഭാഗം മേധാവി ഡോ. രേവതി കെ. ശിവദാസ്, സ്കൂൾ ഓഫ് കൊമേഴ്‌സ് അസിസ്റ്റന്റ് പ്രൊഫസർ ഡോ. ആശ എ. ജി., ലാംഗ്വേജസ് വിഭാഗം മേധാവി ഡോ. ബിൻസി മോൾ ബേബി, ഇക്കണോമിക്സ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസർമാരായ അന്നു ജോർജ്, ടീസൺ സി. ജെ. എന്നിവരാണ് പദ്ധതിക്ക് നേതൃത്വം നൽകുന്നത്.
തിരുവനന്തപുരം : കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് നവംബര്‍ 1 മുതല്‍ സംഘടിപ്പിച്ചുവന്ന ഭരണഭാഷാവാരാഘോഷം സമാപനസമ്മേളനം തിരുവനന്തപുരത്ത് കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്…
ഇന്ത്യയുടെ ദേശീയ ഗാനമായ "വന്ദേമാതര ത്തിൻ്റെ" 150-ാം വാർഷികം 2025 നവംബർ 07 ന് സൈനിക് സ്കൂൾ കഴക്കൂട്ടത്ത് വളരെ…
തിരുവനന്തപുരം: കണ്ണമ്മൂല വാർഡിൽ മത്സരിക്കുന്ന എം.രാധാകൃഷ്ണൻ്റെ പ്രവർത്തനങ്ങൾക്കായുള്ള ഇലക്ഷൻ കമ്മിറ്റി ഓഫീസ് സെൻ്റ് ജോസഫ്സ് എച്ച് എസ് എസ് മുൻ…
കേരളത്തിലെ വ്യാവസായിക പരിശീലന കേന്ദ്രങ്ങൾ കഴിഞ്ഞ ഒൻപത് വർഷമായി മാറ്റത്തിന്റെ പാതയിലാണ്. എല്ലാവർക്കും തൊഴിൽ എന്ന ലക്ഷ്യം മുൻനിർത്തി ഐടിഐകൾ…
ഐജെടി ബിരുദ സമര്‍പ്പണം മന്ത്രി ഉദ്ഘാടനം ചെയ്തുതിരുവനന്തപുരം : മാധ്യമ പ്രവര്‍ത്തനം അര്‍പ്പണബോധമുള്ളതാകണമെന്നും സത്യസന്ധമല്ലാത്ത വാര്‍ത്തകളെ ജനം തിരസ്‌കരിക്കുമെന്നും മന്ത്രി…
തിരുവനന്തപുരം : ഏകദേശം രണ്ട് ലക്ഷം രോഗികളിൽ ഹൃദയ വാൽവ് ശസ്ത്രക്രിയ നടത്തിയ തിരുവനന്തപുരത്തെ ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ…